HOME » NEWS » Kerala » REVENUE DEPARTMENT AGAINST MUTTIL TREE FELLING CASE MAIN ACCUSED AR TV

Exclusive | മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതികളുടെ തോട്ടത്തില്‍ ലക്ഷങ്ങളുടെ ഈട്ടിത്തടി മുറിച്ചിട്ടുളളതായി റവന്യൂ വകുപ്പ്

ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരുടെ വാഴവറ്റയിലെ കാപ്പിത്തോട്ടത്തിലാണ് 15 ലക്ഷത്തോളം രൂപ വില വരുന്ന ഈട്ടിത്തടി സൂക്ഷിച്ചിട്ടുള്ളതായി സൂചന ലഭിച്ചിരിക്കുന്നത്. 

News18 Malayalam | news18-malayalam
Updated: June 19, 2021, 9:28 PM IST
Exclusive | മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതികളുടെ തോട്ടത്തില്‍ ലക്ഷങ്ങളുടെ ഈട്ടിത്തടി മുറിച്ചിട്ടുളളതായി റവന്യൂ വകുപ്പ്
Muttil_tree-Felling
  • Share this:
കോഴിക്കോട്: മുട്ടില്‍ മരം മുറിക്കേസിലെ മുഖ്യപ്രതികളുടെ തോട്ടത്തിൽ ലക്ഷങ്ങളുടെ ഈട്ടിത്തടി മുറിച്ചിട്ടുളളതായി റവന്യൂ വകുപ്പ്. ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരുടെ വാഴവറ്റയിലെ കാപ്പിത്തോട്ടത്തിലാണ് 15 ലക്ഷത്തോളം രൂപ വില വരുന്ന ഈട്ടിത്തടി സൂക്ഷിച്ചിട്ടുള്ളതായി സൂചന ലഭിച്ചിരിക്കുന്നത്. പ്രതികളുടെ തോട്ടത്തിൽ മരംമുറി നടന്നതായി സ്ഥിരീകരിച്ച കൊണ്ട് റവന്യൂ വകുപ്പ് വനപാലകർക്ക് കത്ത് നൽകി. കോടതിയുടെ സെർച്ച് വാറണ്ടില്ലാതെ പ്രതികളുടെ തോട്ടത്തിൽ പ്രവേശിക്കാനാവുന്നില്ലെന്ന് വനം വകുപ്പധികൃതർ വ്യക്തമാക്കി.

അഞ്ച് ക്യുബിക് മീറ്ററോളം വരുന്ന ഈട്ടിത്തടിയ്ക്ക് ഇപ്പോഴത്തെ കമ്പോള വിലയനുസരിച്ച് 15 ലക്ഷത്തോളം വരുമെന്ന് വനംവകുപ്പധികൃതര്‍ പറയുന്നു. തോട്ടത്തിനകത്ത് കയറി ഈട്ടിമരങ്ങള്‍ പിടികൂടാന്‍ വനംവകുപ്പ് രണ്ട് മാസം മുമ്പ് ഹൈക്കോടതിയില്‍ സെര്‍ച്ച് വാറണ്ടിന് അപേക്ഷിച്ചെങ്കിലും ഇതുവരെയും ലഭിച്ചില്ല.

സഹോദരങ്ങളായ ആന്റോയുടെ ഭൂമിയില്‍ രണ്ട് മരങ്ങളും ജോസൂട്ടിയുടെ ഭൂമിയില്‍ മൂന്ന് മരങ്ങളുമാണ് മുറിച്ചതെന്ന് മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസര്‍ വനംവകുപ്പിന് കത്ത് നല്‍കിയിരുന്നു. പ്രതികളുടെ കൈവശമുള്ള തോട്ടത്തിന് പുറത്തുണ്ടായിരുന്ന തടികളെല്ലാംതന്നെ  വനംവകുപ്പ് പിടികൂടിയിരുന്നു. പറമ്പിലേക്ക് പ്രവേശിക്കാന്‍ പ്രതികള്‍ അനുവദിക്കാത്തതുകൊണ്ടുതന്നെ കൂടുതല്‍ ഈട്ടിമരങ്ങള്‍ മുറിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്ന് മേപ്പാടി റെയ്ഞ്ച് ഓഫീസറായ എം കെ സമീര്‍ പറഞ്ഞു. ഈട്ടിത്തടി പിടികൂടാന്‍ റവന്യു-വനംവകുപ്പുകള്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.

Also Read- മുട്ടില്‍ മരംമുറിക്കേസില്‍ പൊലീസിന്റേത് ഒത്തുകളിയെന്ന് ആക്ഷേപം; പ്രതികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയിട്ടും കേസെടുത്തില്ല

ഈട്ടിമരം മോഷണം നടത്തിയെന്ന റവന്യു വകുപ്പ് അധികാരികളുടെ പരാതിയില്‍ റോജി, ആന്റോ, ജോസൂട്ടി ഉള്‍പ്പെടെ 68 പേര്‍ക്കെതിരെ  കേസെടുത്തെന്നല്ലാതെ ഇതിലും തുടര്‍നടപടികളൊന്നും തന്നെയുണ്ടായില്ല. ആദിവാസികളെ കബളിപ്പിച്ച് ചുളവിലയ്ക്ക് മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ മാസങ്ങള്‍ പിന്നിട്ടും പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കെതിരെ  അതിക്രമ നിരോധന നിയമം  ചുമത്തി കേസെടുക്കാന്‍ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്.

സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി അന്വേഷണം തുടരുന്നതിനാലാണ്  പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കെതിരെ  അതിക്രമ നിരോധന നിയമം  ചുമത്തി കേസെടുക്കാന്‍ വൈകുന്നതെന്ന് വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്(എസ്എംഎസ്) ഡിവൈഎസ്പി പറഞ്ഞു.

2020 ഒക്ടോബര്‍ 24ന് റവന്യു വകുപ്പാണ് സംരക്ഷിത മരങ്ങള്‍ ഉള്‍പ്പെടെ മുറിക്കാന്‍ ഉത്തരവിറക്കിയത്. പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ വൃക്ഷവില അടച്ച് മറ്റനുമതിയുമില്ലാതെ മുറിക്കാമെന്ന  ഉത്തരവില്‍ മരംമുറി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്നൊരു നിര്‍ദ്ദേശമുണ്ടായിരുന്നു.

ഈ ഉത്തരവിന്റെ മറവില്‍  വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി പത്തനംതിട്ട  എന്നീ  അഞ്ചു ജില്ലകളിലായി 100 കോടിയിലേറെ മരംകൊള്ള നടന്നതായാണ് കരുതുന്നത്. എന്നാല്‍ പിടികൂടാനായത് വയനാട് മുട്ടിലിലെ 15 കോടിയുടെ ഈട്ടിമരങ്ങളും. പല  ജില്ലാ കലക്ടര്‍മാരുടെയും വനം വകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്.  2020 ഒക്ടോബര്‍ 24 ന് ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ റവന്യുവകുപ്പ് മറ്റൊരു  ഉത്തരവിറക്കി.

ഉത്തരവ് നിലനിന്ന നാലു മാസം കൊണ്ട്  ഒട്ടേറെ കൂറ്റന്‍മരങ്ങള്‍  മുറിച്ചുമാറ്റിക്കഴിഞ്ഞിരുന്നുവെന്നാണ്  പരിസ്ഥിതി പ്രവര്‍ത്തകരുടെ അനുമാനം. മരംകൊള്ളയ്ക്ക് വേണ്ടി മാത്രം റവന്യുവകുപ്പ് തട്ടിക്കൂട്ടിയ ഉത്തരവാണിതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ടി വി രാജന്‍ പറഞ്ഞു. വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് റവന്യുവകുപ്പ് ഇങ്ങനെയൊരു ഉത്തരവിറക്കിയത്. അന്ന് ഇരു വകുപ്പുകളും കൈകാര്യം ചെയ്തിരുന്നത് സിപിഐ ആയിരുന്നു.

Also Read- പട്ടയ ഭൂമികളിലെ മരങ്ങളുടെ കണക്കെടുക്കാൻ റവന്യൂ വകുപ്പ്

മരംമുറിയുമായി ബന്ധപ്പെട്ട് റവന്യുവകുപ്പിനെതിരെയും ആരോപണം ഉയരുന്നതോടെ പരിസ്ഥിതി സ്നേഹികളെന്നു കേള്‍വി കേട്ട മുന്‍നിര നേതാക്കള്‍ നിറഞ്ഞ സിപിഐയും മറുപടി പറയേണ്ടിവരും. സൗത്ത് വയനാട് ഡിവിഷനില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയുടെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയപ്പോള്‍ തൃശൂര്‍ ജില്ലയിലെ മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നുള്‍പ്പെടെ 20 കോടിയുടെ മരംകൊള്ള നടന്നെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

എറണാകുളം ജില്ലയിലെ കോടനാട് റെയ്ഞ്ച്, ഇടുക്കി ജില്ലയിലെ മൂന്നാര്‍, കോതമംഗലം ഡിവിഷനുകള്‍, പത്തനംതിട്ടയിലെ കോന്നി, റാന്നി, പുനലൂര്‍ റെയ്ഞ്ചുകള്‍ എന്നിവിടങ്ങളില്‍ 50 കോടിയോളം രൂപയുടെ മരംമുറിച്ചുകടത്തി. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസര്‍വ് ചെയ്ത ഈട്ടി, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് വൃക്ഷവില അടച്ച റിസര്‍വ് ചെയ്ത ചന്ദനം ഒഴികെ എല്ലാ മരങ്ങള്‍ മുറിക്കാമെന്നാണ് പുതിയ ഉത്തരവ്.

വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയാണ് ആദ്യം പുറത്ത് വന്നത്. ഇതിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപം. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്.

വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍  പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല. പ്രതികള്‍ ഒളിവിലാണെന്ന് പറഞ്ഞ് വനംവകുപ്പ് തലയൂരുകയാണ്. മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന്  505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കേസില്‍ ഒരാളെപോലും രണ്ട് മാസത്തിനിടെ പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്.

ഭരണത്തുടര്‍ച്ചയില്‍ വനം വകുപ്പ്  വകുപ്പ്  സിപിഐയില്‍ നിന്നും എന്‍ സി പിയില്‍ എത്തി.മുട്ടില്‍ മരംമുറിക്കേസ് പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ദഗതിയിലിലായ അന്വേഷണത്തിന് ജീവന്‍ വച്ചിട്ടുണ്ട്. വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതയോഗം വിളിച്ചിരുന്നു.  മരംമുറി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു.റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല റവന്യു വകുപ്പ് മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും വലിയ മരംമുറി നടന്നതെന്നാണ് വിവരം. അഞ്ഞൂറോളം മരങ്ങള്‍ ഇവിടെ നിന്ന് മുറിച്ചുകടത്തിയതായാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി മാത്രം കഴിഞ്ഞദിവസം രണ്ടരകോടിയിലധികം രൂപയുടെ ഈട്ടി, തേക്ക് തടികള്‍ പി ധനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. മരംമുറി നടന്ന വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധ നടത്തിയിരുന്നു. ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്ന് കോടികളുടെ സംരക്ഷിത മരങ്ങള്‍ മുറിച്ചുകടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
Published by: Anuraj GR
First published: June 19, 2021, 9:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories