നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'സാമാന്യ നീതി നിഷേധിക്കപ്പെട്ടു': റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ; റവന്യൂ സെക്രട്ടറി പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യം

    'സാമാന്യ നീതി നിഷേധിക്കപ്പെട്ടു': റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ; റവന്യൂ സെക്രട്ടറി പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യം

    'വിശദീകരണം പോലും ചോദിക്കാതെയാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയത്. ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ആണ് റവന്യൂ സെക്രട്ടറി ഉത്തരവിൽ രേഖപ്പെടുത്തിയത്'

    News18

    News18

    • Share this:
    തിരുവനന്തപുരം: സാമാന്യ നീതി നിഷേധിക്കപ്പെട്ടെന്ന് റവന്യൂ വകുപ്പിൽ അച്ചടക്ക നടപടി നേരിട്ട അണ്ടർ സെക്രട്ടറി ശാലിനി. വിശദീകരണം പോലും ചോദിക്കാതെയാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയത്. ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ആണ് റവന്യൂ സെക്രട്ടറി ഉത്തരവിൽ രേഖപ്പെടുത്തിയത്. താൻ അപേക്ഷ നൽകാതെ തനിക്ക് നൽകിയ അംഗീകാരം കാരണം കാണിക്കാതെ റദ്ദാക്കിയെന്നും ശാലിനി പരാതിപ്പെട്ടു. റവന്യൂ മന്ത്രി കെ രാജന് രേഖാമൂലം നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

    വനിത ജീവനക്കാരി എന്ന പരിഗണന കിട്ടിയില്ല. കൃത്യമായി സർക്കാർ നിയമങ്ങൾ പാലിച്ച തനിക്ക്  ഭീതി ഉണ്ടാക്കുന്നതാണ് ഈ നടപടി. ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയാലും ഉത്തരവിലെ തനിക്കെതിരായ പരാമർശങ്ങൾ പിൻവലിക്കണമെന്നാണ്  അണ്ടർ സെക്രട്ടറി ശാലിനി മന്ത്രിയോട് അപേക്ഷിക്കുന്നത്. നാലര വർഷത്തെ പരിചയം റവന്യൂവകുപ്പിൽ തനിക്കുണ്ട്. റവന്യൂ നിയമങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ഫയലുകൾ തീർപ്പാക്കിയത് കൊണ്ടാണ് തനിക്ക് ഗുഡ് സർവീസ് എൻട്രി ലഭിച്ചത്. മുഖ്യമന്ത്രിയുടെയും അന്നത്തെ റവന്യൂ മന്ത്രിയുടെയും മികച്ച പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാൽ വിശദീകരണം പോലും ചോദിക്കാതെ റവന്യൂ സെക്രട്ടറി നടപടിയെടുത്തത് വേദനാജനകമാണെന്നും  കത്തിൽ പറയുന്നു.

    മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയത് റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറി ആയിരുന്ന ശാലിനി ആയിരുന്നു. നടപടി വിവാദമായതോടെ  ഉദ്യോഗസ്ഥയോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടു. പിന്നാലെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കി. കഴിഞ്ഞദിവസം ഇവരെ റവന്യൂവകുപ്പിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തു. മരം മുറി രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയത് സർക്കാർ നിയമങ്ങൾ പാലിച്ചു കൊണ്ടാണെന്നാണ് കത്തിലൂടെ ശാലിനി പറയുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും ഇവർ പരാതി നൽകിയിരുന്നു.

    റവന്യൂ ഉദ്യോഗസ്ഥരുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയത് ഉദ്യോഗസ്ഥതല നടപടിയെന്നാണ് റവന്യൂ മന്ത്രിയുടെ വിശദീകരണം. ഈ വിഷയത്തിൽ സർക്കാർ ഇടപെടേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ആയിരുന്നു മന്ത്രി പ്രതികരിച്ചത്. എന്നാൽ വനിതാ ഉദ്യോഗസ്ഥ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ മന്ത്രിതല ഇടപെടൽ ഉണ്ടായേക്കും. സർക്കാരിൻറെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ നിയമ പോരാട്ടത്തിനാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ നീക്കം. റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയിൽ ഹർജി നൽകുന്നത് പരിഗണനയിലാണ്.

    റവന്യൂ ഉദ്യോഗസ്ഥ ഏതു തരത്തിൽ വീഴ്ചവരുത്തി എന്ന കാര്യത്തിൽ ഇതുവരെയും സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. മരംമുറി യുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ കൈകാര്യം ചെയ്ത  റവന്യൂ ഉദ്യോഗസ്ഥരിൽ നിന്നും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു.

    മുട്ടിൽ മരം മുറിയുടെ രേഖകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതിനു പിന്നാലെ റവന്യൂവകുപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിരുന്നു. വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായിരുന്ന  ജെ ബെൻസിയെ സെക്രട്ടറിയേറ്റിനു പുറത്തേക്ക് സ്ഥലംമാറ്റി. പ്രതിപക്ഷ അനുകൂല സംഘടനയായ സെക്രട്ടേറിയേറ്റ് അസോസിയേഷൻ പ്രസിഡൻറ് ആയിരുന്നു ബെൻസി.
    Published by:Anuraj GR
    First published:
    )}