നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കനത്ത മഴയെ തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനം സജ്ജം: മന്ത്രി കെ രാജന്‍

    കനത്ത മഴയെ തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനം സജ്ജം: മന്ത്രി കെ രാജന്‍

    സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും മുന്നറിയിപ്പ് നൽകി. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

    • Share this:
      തിരുവനന്തപുരം:കനത്ത മഴയെ തുടര്‍ന്നുള്ള
      ഏത് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനം സജ്ജമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി ജില്ലാ കളക്ടര്‍മാരുടേയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു.എന്‍ഡിആര്‍എഫിന്റെ ആറ് സംഘം തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് 27 ക്യാമ്പുകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

      കേരളത്തിലെ മിക്കയിടങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിട്ടുണ്ട്. കേരളം, ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ തീവ്രമോ അതി തീവ്രമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്കും കാറ്റിനും കാരണമാവുമെന്നാണ് വിലയിരുത്തല്‍.

      കേരളത്തില്‍ ഇത്തിക്കരയാറില്‍ രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്. കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ഏതാനും നദികളും കര കവിഞ്ഞ് ഒഴുകയാണെന്ന് ജലകമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇവിടെ വെള്ളപ്പൊക്ക മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

      ഇതിനിടെ, സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും മുന്നറിയിപ്പ് നൽകി. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

      മലപ്പുറം കരിപ്പൂരിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ് രണ്ട് കുട്ടികൾ മരിച്ചു

      സംസ്ഥാനത്ത് കനത്ത മഴയിൽ ദുരിതം തുടരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലും മൂന്നു മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മലപ്പുറം കരിപ്പൂരിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. ചോനാരിയിൽ മുഹമ്മദ് കുട്ടിയുടെ മകൾ സുമയ്യയുടെയും അബൂബക്കറിന്റെയും മക്കളായ എട്ടുവയസുകാരി ലിയാന ഫാത്തിമയും ഏഴ് മാസം പ്രായമുള്ള സഹോദരി ലുബാനയുമാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം. വീടിന് മുകളിൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.

      ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയില്‍ രാത്രി മുഴുവന്‍ അതിശക്തമായ മഴ തുടരുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വീട് തകർന്നു. മലപ്പുറം ജില്ലയില്‍ രാത്രി മുഴുവന്‍ അതിശക്തമായ മഴ തുടരുകയായിരുന്നു.

      കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ് ഒരു വയോധികൻ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജാണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള തോട്ടിലെ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. കാലിന് സ്വാധീനം കുറവുള്ള ഗോവിന്ദരാജ് നാഗമലയിലുള്ള ക്ഷേത്രത്തിലാണ് അന്തിയുറങ്ങിയിരുന്നത്.

      ശക്തമായ മഴയിൽ ക്ഷേത്രത്തിലേക്ക് വെള്ളം വരുന്നത് കണ്ടു തോടിനു കുറുകെ ഉള്ള പാലം മുറിച്ചു കടക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നും വളരെ ദൂരെ മാറിയാണ് മൃതദേഹം കണ്ടെടുത്തത്.

      അതേസമയം, സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടിയാണ് ഓറഞ്ച് അലർട്ട്. ഇന്നലെ ഈ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ടായിരുന്നു.

      തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.

      കോഴിക്കോടും കനത്ത മഴ തുടരുകയാണ്. ചാലിയാറിൽ ജലനിരപ്പുയർന്നു. നഗരത്തിൽ മാവൂർ റോഡിലുൾപ്പെടെ വെള്ളം കയറി. പാലക്കാട് അട്ടപ്പാടിയിൽ ശക്തമായ മഴയിൽ ചുരത്തിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മരങ്ങൾ വീണതിനെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.

      കനത്ത മഴയിൽ കൊണ്ടോട്ടിയിൽ വ്യാപകവെള്ളക്കെട്ട്. ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ചാലക്കുടി പുഴയിൽ ജലനിരപ്പുയരുകയാണ്. പരിയാരം കമ്മളം മേഖലയിൽ വീടുകളിൽ വെള്ളം കയറി. അതിരപ്പിള്ളിയും വാഴച്ചാലും നിറഞ്ഞൊഴുകുകയാണ്.
      Published by:Jayashankar AV
      First published:
      )}