• HOME
  • »
  • NEWS
  • »
  • kerala
  • »
  • എൽ.ഡി.എഫ് രാജ്ഭവൻ സമരം സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നടത്തുന്നതാണ് ഉചിതം': RMPI

എൽ.ഡി.എഫ് രാജ്ഭവൻ സമരം സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നടത്തുന്നതാണ് ഉചിതം': RMPI

ഫിഷറീസ് സർവ്വകലാശാല നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ സമരമുദ്രാവാക്യം തന്നെ മുൻകൂർ അസാധുവായെന്ന് ആർ.എം.പി.ഐ.

രാജ് ഭവൻ

രാജ് ഭവൻ

  • Share this:
    സർവ്വകലാശാല വൈസ് ചാൻസലർമാരെ നീക്കുന്ന വിഷയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രാജ്ഭവനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഫിഷറീസ് സർവ്വകലാശാല നിയമനം കേരള ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ പിൻവലിക്കേണ്ടിയിരുന്നു എന്ന് ആർ.എം.പി.ഐ. കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ കപട തന്ത്രങ്ങളിലൊന്നാണ് രാജ്ഭവനു മുന്നിൽ അരങ്ങേറിയത് എന്ന് ആർ.എം.പി.ഐ. പ്രസ്താവനയിൽ രേഖപ്പെടുത്തി.

    വൈസ് ചാൻസലർ നിയമനങ്ങൾ നിയമ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു തുടക്കമിട്ടത്. കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയത്തിൽ കേന്ദ്ര- സംസ്ഥാന നിയമങ്ങൾ പരസ്പരവിരുദ്ധമായാൽ കേന്ദ്ര നിയമമാണ് ബാധകമായിരിക്കുക എന്നത് ഭരണഘടനാ വ്യവസ്ഥയാണ്. അതിനോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.

    കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ യു.ജി.സി. വ്യവസ്ഥപ്പെടുത്തിയപ്രകാരം വൈസ്ചാൻസലർമാരെ നിയമിക്കുന്നതിന് യോഗ്യതയുള്ളവരുടെ പാനൽ ചാൻസലർക്കു നൽകാതെ ഒരു പേരു മാത്രം നൽകിയ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ വി.സി. നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. മറ്റു സർവ്വകലാശാലകളിലും പാനൽ നൽകാതെ ഒരു പേരു മാത്രം നൽകി നടത്തിയ നിയമനങ്ങൾ അസാധുവാണെന്ന നിലപാടാണ് ഗവർണർ എടുത്തത്. സുപ്രീം കോടതി വിധി സാങ്കേതിക സർവ്വകലാശാലക്കു മാത്രം ബാധകമാണെന്ന സർക്കാരിന്റേയും എൽ.ഡി.എഫ് ന്റേയും നിലപാട് അസാധുവാക്കുന്ന വിധിയാണ് ഫിഷറീസ് സർവ്വകലാശാല വി.സി. നിയമനം റദ്ദാക്കിയതു വഴി ഹൈക്കോടതിയിൽ നിന്നുണ്ടായത്. അതുകൊണ്ടു തന്നെ എൽ.ഡി.എഫിന്റെ രാജ്ഭവൻ സമരം വേണ്ടെന്നു വെച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സമരം നടത്തുന്നതാണ് ഉചിതമെന്ന് ആർ.എം.പി.ഐ അഭിപ്രായപ്പെട്ടു.

    കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കുന്ന ബന്ധു നിയമനങ്ങളിലും വഴിവിട്ട നടപടികളിലും ഗവർണർ പ്രതിഷേധിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തനിക്കിങ്ങനെ നിഷ്ക്രിയനായി ഫയലുകൾ ഒപ്പിടാനാവില്ലെന്നും ചാൻസലർ പദവിയിൽ നിന്ന് നീക്കിത്തരണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. അന്ന് ആ നിർദ്ദേശം സ്വീകരിച്ചാൽ സർക്കാരിന്റെ കൊള്ളരുതായ്മകൾ കൊണ്ട് ഗവർണർ പദവി ഒഴിഞ്ഞു എന്ന നിലവരും. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഗവർണറെ സാന്ത്വനിപ്പിച്ചു ചുമതലയിൽ തുടരാൻ പ്രേരിപ്പിച്ചു. തുടർന്ന് പുകച്ചു പുറത്തുചാടിക്കാൻ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഗവർണർ പദവിയല്ല ചാൻസലറുടേത്. സംസ്ഥാന നിയമസഭ നിയമപ്രകാരം നൽകിയതാണ്. അതിന് സർക്കാർ നിയന്ത്രണമുണ്ടെന്നു വാദിക്കുന്നതിൽ പ്രസക്തിയില്ല.

    വി.സി. നിയമനം സുപ്രീം കോടതി റദ്ദാക്കിയ സന്ദർഭത്തിൽ കേരളത്തിലെ സർവ്വകലാശാലകളിലുണ്ടാകാവുന്ന ഭരണസ്തംഭനം ഒഴിവാക്കാൻ ഗവർണറുമായി കൂടിയാലോചിച്ച് നടപടിയെടുക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടായിരുന്നു. അതു ചെയ്യാതെ ഗവർണറെ ഏകപക്ഷീയമായി പ്രവർത്തിക്കാൻ പ്രരിപ്പിച്ചത് ഒരു ഗൂഢാലോചനയായേ കാണാനാവൂ. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു നീക്കുന്നതിനു പൊതുസമ്മതി കണ്ടെത്തുന്ന കപടതന്ത്രത്തിന്റെ സമാപനമാണ് രാജ്ഭവനിൽ അരങ്ങേറുന്നത്. ഫിഷറീസ് സർവ്വകലാശാല നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ സമരമുദ്രാവാക്യം തന്നെ മുൻകൂർ അസാധുവായെന്ന് ആർ.എം.പി.ഐ. സംസ്ഥാനകമ്മിറ്റി ചൂണ്ടിക്കാട്ടി.

    Summary: Revolutionary Marxist Party of India issued a statement on LDF siege to the Raj Bhavan
    Published by:user_57
    First published: