കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനികളുടെ ഹോസ്റ്റൽ പ്രവേശനവുമായി ബന്ധപ്പെട്ടു ഹൈക്കോടതി നടത്തിയ പരാമർശം കോളേജ് അധികൃതരുടെയും സർക്കാരിന്റെയും സ്ത്രീ സുരക്ഷാ നിലപാടിലെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണെന്ന് റവല്യൂഷണറി യൂത്ത്.
വിദ്യാർത്ഥിനികളെ അടച്ചു പൂട്ടിയിട്ടാണ് സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് എന്ന നിലപാട് തീർത്തും സ്ത്രീവിരുദ്ധവും പ്രാകൃതവുമാണ്. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്ത്രീകൾ സാന്നിധ്യവും മേൽക്കയും പൊരുതി നേടുന്ന ഈ കാലത്താണ് പെൺകുട്ടികൾക്ക് രാത്രി വിലക്ക് പ്രഖ്യാപിക്കുന്നതെന്ന് റവല്യൂഷണറി യൂത്ത് കുറ്റപ്പെടുത്തി.
രാത്രി നേരങ്ങൾ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന ഫ്യൂഡൽ – പുരുഷാധികാര ധാർഷ്ട്യമാണ് സർക്കാർ നിലപാടുകളായി കോളേജുകളിലും പൊതുയിടങ്ങളിലും പ്രത്യക്ഷപ്പടുന്നത്. സ്ത്രീ സുരക്ഷയെപ്പറ്റിയുളള പിണറായി വിജയൻ സർക്കാറിന്റെ അവകാശ വാദങ്ങൾ വെറും വാചകമടി മാത്രമാണെന്ന് ഒരിക്കൽക്കൂടി തെളിയുകയാണെന്ന് റവല്യൂഷണറി യൂത്ത് വിമർശിച്ചു.
സ്ത്രീകൾ രാത്രി പുറത്തിറങ്ങിയാൽ അക്രമിക്കപ്പടുമെന്ന മുൻവിധി തന്നെ സ്ത്രീകൾ പുരുഷൻമാരാൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന മനുവാദ യുക്തിയാണ്. പുരുഷന്റെ രക്ഷാകർതൃത്വം സ്ത്രീകൾക്ക് ആവശ്യമില്ലെന്ന സ്ത്രീമുന്നേറ്റങ്ങളുടെ രാഷ്ട്രീയത്തെ തിരിച്ചറിയാത്ത സർക്കാർ ഉത്തരവുകളെ അർഹിക്കുന്ന അവജ്ഞയോടെ തളളിക്കളയേണ്ടതാണ്.
രാത്രി സ്ത്രീകൾ പുറത്തിറങ്ങിയാൽ അവരെ ആക്രമിക്കുന്നവരെ നിയമപരമായി നേരിടുന്നതിനു പകരം സ്ത്രീകളും പെൺകുട്ടികളും ‘അടങ്ങിയൊതുങ്ങി’ കഴിയണമെന്ന് പറയുന്നത് അക്രമികളെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് പെൺകുട്ടികളെ അടച്ചുപൂട്ടാൻ കല്പിക്കുന്ന ഒരു ഉത്തരവും അനുസരിക്കാൻ തയ്യാറില്ല എന്ന് തന്നെയാണ് പ്രഖ്യാപിക്കേണ്ടതെന്ന് റവല്യൂഷണറി യൂത്ത് ആവശ്യപ്പെട്ടു.
മലയാളിയുടെ പ്രബുദ്ധതയേയും ജനാധിപത്യബോധത്തേയും അപമാനിക്കുന്ന സർക്കാർ ഉത്തരവിനെതിരെ പ്രതികരിക്കണമെന്നും ഇത്തരം വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിരോധം തീർക്കണമെന്നും റവല്യൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റി പൊതു സമൂഹത്തോട് ആവശ്യപ്പെടുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി റവല്യൂഷണറി യൂത്ത്
പ്രസ്താവിച്ചു.
വിദ്യാർത്ഥിനികളുടെ ഇടപെടലിനെ തുടർന്ന് കോടതിയുടെ നിരീക്ഷണവും, സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടുകൊണ്ടുള്ള നീക്കവും സ്വാഗതാർഹമാണെന്ന് റവല്യൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹരിദാസൻ അംബാൾ, സെക്രട്ടറി എൻ.എ.സഫീർ എന്നിവർ അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.