ഒന്നിലേറെ വിവാഹം കഴിക്കാനുളള മുസ്ലീം പുരുഷന്മാരുടെ അവകാശം തടയാനാകില്ലെന്ന് ഹൈക്കോടതി
ഒന്നിലേറെ വിവാഹം കഴിക്കാനുളള മുസ്ലീം പുരുഷന്മാരുടെ അവകാശം തടയാനാകില്ലെന്ന് ഹൈക്കോടതി
ഭര്‍ത്താവിന്റെ തലാഖ് തടയണമെന്ന ഭാര്യയുടെ ആവശ്യം അനുവദിച്ച കുടുംബ കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്ത് യുവാവ് നല്കിയ ഹർജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉള്‍പെട്ട ബഞ്ചിന്റെ നിര്‍ണ്ണായക ഉത്തരവ്
കൊച്ചി: തലാഖ് ചൊല്ലാനും ഒന്നിലേറെ വിവാഹം കഴിക്കാമെന്നുള്ള മുസ്ലിം ഭര്ത്താക്കന്മാരുടെ അവകാശമടക്കം തടയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമ പ്രകാരമുള്ള നടപടികള്‍ നിയമപരമായി അംഗീകരിച്ചിരിക്കുന്നതിനാല്‍ അതില്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ലന്നാണ് ഉത്തരവ്.
ഭര്‍ത്താവിന്റെ തലാഖ് തടയണമെന്ന ഭാര്യയുടെ ആവശ്യം അനുവദിച്ച കുടുംബ കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശിയായ മുസ്ലീം യുവാവ് നല്കിയ ഹർജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉള്‍പെട്ട ബഞ്ചിന്റെ നിര്‍ണ്ണായക ഉത്തരവ്. ഭര്‍ത്താവ് ഒന്നും രണ്ടും തലാഖ് ചൊല്ലിക്കഴിഞ്ഞ് മൂന്നാം തലാഖിന് കാത്തിരിക്കുമ്പോഴാണ് ഭാര്യയുടെ ഹര്‍ജിയില്‍ കുടുംബ കോടതി തലാഖ് തടഞ്ഞ് ഉത്തരവിട്ടത്. മറ്റൊരു ഹർജി പരിഗണിച്ച് വിവാഹവും തടഞ്ഞു.
ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. മതപരമായ വിശ്വാസം സ്വീകരിക്കാന്‍ മാത്രമല്ല, അത് പ്രാവര്‍ത്തികമാക്കാനും ഭരണഘടന അനുവദിക്കുന്നതായി ഈ കേസിൽ വിധി പ്രസ്താവിച്ചുകൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വ്യക്തിനിയമ പ്രകാരമുള്ള നടപടികള്‍ നിയമപരമായി അംഗീകരിച്ചിരിക്കുന്നതിനാല്‍ അത് നിര്‍വഹിക്കുന്നത് തടയാന്‍ കോടതികള്‍ക്ക് കഴിയില്ല. നടപടികളില്‍ വ്യക്തി നിയമം പാലിച്ചിട്ടില്ല എന്ന വാദം ഉയര്‍ത്താമെങ്കിലും എല്ലാ നടപടികള്‍ക്കും ശേഷം മാത്രമേ ഇത് സംബന്ധിച്ച നിയമ സാധുത പരിശോധിക്കാനാവൂ.
ഹർജിക്കാരനെതിരായ കോടതി ഉത്തരവ് നിര്‍ഭാഗ്യകരമാണ്. ഒന്നിലേറെ വിവാഹം കഴിക്കുന്നതും വ്യക്തി നിയമ പ്രകാരം അനുവദനീയമാണ്. നിയമം സംരക്ഷണം അനുവദിക്കുമ്പോള്‍ അതു പ്രകാരം നടപടികള്‍ അനുവദിക്കാതിരിക്കാന്‍ കോടതിക്കാവില്ല. അധികാര പരിധി ലംഘിക്കുന്നതാണ് കുടുംബ കോടതി ഉത്തരവെന്നതിനാല്‍ റദ്ദാക്കുന്നുവെന്നും ഡിവിഷന്‍ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.