കോഴിക്കോട്: സി പി എമ്മും മുഖ്യമന്ത്രിയും ഗുരുതരമായ പ്രതിസന്ധിയിലായത് മറയ്ക്കാനാണ് മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊന്നു തള്ളുന്നതെന്ന് ആർ എം പി ജനറല്‍ സെക്രട്ടറി എന്‍ വേണു ആരോപിച്ചു. സംസ്ഥാനത്തിന്റെ ഭരണ ചരിത്രത്തില്‍ ഇതു പോലൊരു ഭരണകൂട ഭീകരത അടിയന്തരാവസ്ഥ കാലത്ത് പോലും ഉണ്ടായിട്ടില്ല.
സ്വർണക്കടത്തില്‍ നിന്നും ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് വയനാട്ടിലെ ബാണാസുര മലയില്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തി മാവോയിസ്റ്റ് പ്രവര്‍ത്തകനെ കൊന്നത്. പിണറായിയുടെ കാലത്ത് മാത്രമാണ് ഏറ്റുമുട്ടല്‍ കൊല നടക്കുന്നത്. യു പിയിലെയും മറ്റും പോലെ കേരളവും ഏറ്റുമുട്ടൽ സംസ്ഥാനം ആയിരിക്കുന്നു. മാവോയിസ്റ്റുകളെ പിടികൂടി നിയമം അനുശാസിക്കുന്ന ശിക്ഷയാണ് നൽകേണ്ടത്. അല്ലാതെ കൊല്ലുകയല്ല വേണ്ടത്. തണ്ടർ ബോൾട്ടെന്ന കൊലയാളി സംഘത്തെ ഉപയോഗിച്ച് ഭിന്ന ആശയക്കാരായ മനുഷ്യരെ കൊന്നു തള്ളുകയാണ് പിണറായി വിജയനെന്ന് വേണു പറഞ്ഞു.
You may also like:ശിവശങ്കറിനും ബിനീഷിനും പിന്നാലെ സി എം രവീന്ദ്രനും; രാഷ്ട്രീയപ്രതിസന്ധിയുടെ നിലയില്ലാ കയത്തിൽ സർക്കാരും സിപിഎമ്മും [NEWS]ശിവസേനയും കോൺഗ്രസും മാധ്യമ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്ന് കെ.സുരേന്ദ്രൻ [NEWS] 'ശബരിമലയിൽ അനാവശ്യ നിയന്ത്രണം എന്തിന്? കോവിഡ് നെഗറ്റീവ് എങ്കിൽ ഭക്തരെ എന്തിന് തടയണം?': എൻഎസ്എസ്‍ [NEWS]
ഭിന്നാഭിപ്രായങ്ങളെ കൊന്നു തീര്‍ക്കുന്ന വിജയന്‍ ശൈലിയാണ് അധികാരത്തിൽ ഇരുന്ന് നടപ്പാക്കുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ചര്‍ച്ചയായതോടെ അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ കൊലപ്പെടുത്തി കൊണ്ട് മാധ്യമ ശ്രദ്ധ അങ്ങോട്ടു തിരിച്ചു വിട്ടു. സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോള്‍ വേല്‍മുരുഗനെയും കൊന്നു തള്ളുകയാണ് ഉണ്ടായതെന്ന് എന്‍ വേണു പറയുന്നു.
മഞ്ചക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആദ്യം പറഞ്ഞത് സി പി ഐ ആയിരുന്നുവെന്ന് വേണു പറയുന്നു. എന്നാൽ ഇപ്പോള്‍ കാനത്തിന്റെയൊക്കെ വായില്‍ പഴമാണോയെന്ന് അദേഹം പരിഹസിച്ചു. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം, ഹവാല ഇടപാടുകള്‍ ഉള്‍പ്പെടെ നാളിതു വരെ കേരളത്തില്‍ ഒരു ഭരണ നേതൃത്വവും രാഷ്ട്രീയ നേതൃത്വവും നേരിടാത്ത ഗുരുതര ആരോപണങ്ങളില്‍ മൂക്കറ്റം മുങ്ങി നില്‍ക്കുകയാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് പിന്നാലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും ഇഡിയുടെ വലയിലായിരിക്കുന്നു. അന്വേഷണങ്ങള്‍ പിണറായി വിജയനിലേക്ക് നീണ്ടു വരുന്ന അവസ്ഥയാണ്. വ്യാജ ഏറ്റുമുട്ടലുകള്‍ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും എന്‍ വേണു ആവശ്യപ്പെട്ടു.
പിണറായി വിജയന് തന്നിഷ്ടം പോലെ പെരുമാറാനുള്ളതല്ല ജനാധിപത്യ കേരളം. കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങളോട് അനാദരവ് കാണിച്ച സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയാണെന്ന് വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്‍ എത്രയും പെട്ടെന്ന് രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ധാരണയൊന്നും ആയിട്ടില്ല. നീക്കുപോക്കുകളെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും വേണു കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Rmp, Rmp in vadakara, RMP Leader