തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലെ റോഡുകളേക്കാൾ കേമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ അദ്ഭുതപ്പെട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിലുള്ള മലയാളിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
യുഎസിൽ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്. മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേർന്നു തൃശൂരിൽനിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോൾ ഭയങ്കര ആശ്ചര്യം. ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞു. ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത. മുൻപ് അവർ ഇതുവഴി പോയപ്പോൾ ഇതായിരുന്നില്ല സ്ഥിതി.
Also Read- ‘അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി’; തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്
നാടിനുണ്ടായ മാറ്റം ആളുകൾ അംഗീകരിക്കുകയും ഉൾക്കൊള്ളുകയുമാണ്. റോഡിന്റെ കാര്യത്തിന്റെ മാത്രമല്ല മറ്റു പല കാര്യങ്ങളിലും കേരളത്തിനു മാറ്റമുണ്ടായെന്ന് അവർ വെളിപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്നാൽ മാത്രം പോരാ, കൂടുതൽ ഉയരങ്ങളിലേക്കു പോകണം. അതാണു ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.