റോഡിമോന് മുംബൈ മലയാളികളുടെ സഹായം വേണം; ആമിനയുടെ മാതാപിതാക്കളെ കണ്ടെത്താൻ

24 വർഷങ്ങൾക്കിപ്പുറം ആലപ്പുഴ എടത്വയിലുള്ള റോഡിമോൻ ആ പാട്ടിനു പിന്നാലെ സഞ്ചരിക്കുകയാണ് ഇപ്പോൾ, തന്‍റെ പ്രിയതമയായ മറിയ ഫ്രാൻസിസ് എന്ന ആമിനയുടെ വീട്ടുകാരെ കണ്ടെത്താൻ.

Joys Joy | news18
Updated: November 14, 2019, 4:40 PM IST
റോഡിമോന് മുംബൈ മലയാളികളുടെ സഹായം വേണം; ആമിനയുടെ മാതാപിതാക്കളെ കണ്ടെത്താൻ
മറിയ ഫ്രാൻസിസ് എന്ന ആമിന
  • News18
  • Last Updated: November 14, 2019, 4:40 PM IST
  • Share this:
'അകേലെ ഹം, അകേലെ തും, ജോ ഹമ് തുമ് സംഗ് ഹേ തോ ഫിർ ക്യാ ഗം' - 'ഞാനും തനിച്ച്, നീയും തനിച്ച്, ഞാനും നീയും ഒന്നിച്ചാണെങ്കിൽ പിന്നെയെന്താണ് സങ്കടം' - ആമിർ ഖാൻ നായകനായ 'അകേലെ ഹം, അകേലെ തും' എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. മൻസൂർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്തത് 1995 നവംബർ 30നാണ്. എന്നാൽ,  24 വർഷങ്ങൾക്കിപ്പുറം ആലപ്പുഴ എടത്വയിലുള്ള റോഡിമോൻ ആ പാട്ടിനു പിന്നാലെ സഞ്ചരിക്കുകയാണ് ഇപ്പോൾ, തന്‍റെ പ്രിയതമയായ മറിയ ഫ്രാൻസിസ് എന്ന ആമിനയുടെ വീട്ടുകാരെ കണ്ടെത്താൻ.

സ്നേഹാശ്രമത്തിൽ വെച്ച് കണ്ടുമുട്ടിയ ആമിന

22 വർഷങ്ങൾക്കു മുമ്പ് കട്ടപ്പനയിലെ 'സ്നേഹാശ്രമം' എന്ന ഒരു അനാഥാലയത്തിൽ വെച്ചാണ് റോഡിമോൻ മറിയയെ ആദ്യമായി കാണുന്നത്. അന്ന് റോഡിമോൻ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. സ്നേഹാശ്രമത്തിന്‍റെ പ്രവർത്തനങ്ങളിൽ റോഡിമോനും ആ നാട്ടിലെ മറ്റു ചെറുപ്പക്കാരും സജീവമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. 1998ലെ ഒരു സായാഹ്നത്തിലാണ് ആമിന എന്ന മറിയ സ്നേഹാശ്രമത്തിൽ എത്തിപ്പെടുന്നത്. അന്ന് കട്ടപ്പനയിലെ ബസ്സ് സ്റ്റാൻഡിൽ വഴിതെറ്റി എത്തിയ നാടോടിപ്പെൺകുട്ടി വൈകുന്നേരമായിട്ടും എങ്ങും പോകാനില്ലാതെ വിഷമിച്ചിരിക്കുന്നതു കണ്ടപ്പോൾ കുറച്ച് ഓട്ടോ ഡ്രൈവർമാർ അവളെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

സ്റ്റേഷനിൽ നിന്ന് പൊലീസ് അവളെ സ്നേഹാശ്രമത്തിൽ എത്തിച്ചു. ആമിനയ്ക്ക് സംസാരശേഷിയും കേൾവിശക്തിയും ഇല്ല. കൈയിൽ ഇസ്ലാം വിശ്വാസത്തെ സൂചിപ്പിക്കുന്ന '786' എന്ന് പച്ച കുത്തിയിരുന്നു. കൈസഞ്ചിയിൽ നൃത്തത്തിനുള്ള വേഷങ്ങളുണ്ട്. അന്ന് 14 വയസ്സ് പ്രായം തോന്നിച്ചിരുന്നു. ഏതോ നാടോടി നൃത്തസംഘത്തിൽ നിന്നും വഴിതെറ്റി എത്തിയതായിരുന്നു ആ പെൺകുട്ടി. അന്ന് അവളിൽ നിന്നും ലഭിച്ച സൂചന അനുസരിച്ച് ആശ്രമത്തിലെ ആളുകൾ പലയിടങ്ങളിലും അവളുടെ ബന്ധുക്കളെ തേടിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ആറുവർഷം കഴിഞ്ഞ് 2003ൽ റോഡിമോൻ ആമിനയെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ആരുമില്ലാത്ത ആമിനക്ക് റോഡിമോൻ തുണയും ആശ്രയവുമായി. എതിർപ്പുകൾ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ആമിനയെ വിവാഹം ചെയ്തു. റോഡിമോൻ അവളെ മറിയ ഫ്രാൻസിസ് എന്നു വിളിച്ചു. സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത ആമിനയുമായി റോഡിമോൻ ഹൃദയം കൊണ്ട് സംവദിച്ചു. റോഡിമോൻ - മറിയ ദമ്പതികൾക്ക് ആറു മക്കളുണ്ട്.റോഡിമോനും ആമിനയും മക്കൾക്കൊപ്പം

പാകിസ്ഥാനിൽ അകപ്പെട്ട ഗീതയുടെ വാർത്ത

കുടുംബവുമായി സന്തോഷത്തോടെ കഴിയുമ്പോഴാണ് പാകിസ്ഥാനിൽ അകപ്പെട്ടു പോയി പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഗീതയെക്കുറിച്ചുള്ള വാർത്തകൾ റോഡിമോൻ കണ്ടത്. ഗീതയുടെയും മറിയയുടെയും അനുഭവം ഏതാണ്ട് സമാനമാണെന്ന് റോഡിമോന് തോന്നി. മറിയയെ പോലെ തന്നെ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്തയാളായിരുന്നു ഗീതയും. കുഞ്ഞുനാളിൽ ഏതോ ട്രെയിനിൽ കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ട് വഴിതെറ്റി പാകിസ്ഥാനിലെത്തിയ ഗീതയെ അവിടുത്തെ ഈദി ഫൗണ്ടേഷൻ എന്ന ഒരു സന്നദ്ധസംഘടന ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു.

അവൾക്ക് 20 വയസ്സായപ്പോൾ ഇന്ത്യയുടെ കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഗീതയെക്കുറിച്ച് അറിഞ്ഞ് അവളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരാൻ ഏർപ്പാട് ചെയ്യുകയും ഇന്ത്യയുടെ പുത്രി എന്ന് വിളിച്ച് ആഘോഷമായ സ്വീകരണം നൽകുകയും ചെയ്തു. ശേഷം മന്ത്രിയുടെ തന്നെ മേൽനോട്ടത്തിൽ ഗീതയുടെ വർഷങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ടു പോയ അച്ഛനമ്മമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഗീതയുടെ ലക്ഷണങ്ങൾ കേട്ടറിഞ്ഞ് മക്കളെ നഷ്ടപ്പെട്ട നിരവധി ദമ്പതികൾ ഗീതയെ തേടിയെത്തി. പക്ഷേ, അവർക്കാർക്കും ഗീതയുടെ മാതാപിതാക്കളായി ഇതുവരെ സ്വയം സ്ഥാപിക്കാനായിട്ടില്ല.

ഗീതയെ തേടിയെത്തുന്നവരിൽ ആമിനയുടെ മാതാപിതാക്കൾ ഉണ്ടാകുമോ?

അവിടെയാണ് റോഡിമോന്‍റെ മനസ് ഉണർന്നത്. ഗീതയെ തേടി വരുന്നവരുടെ കൂട്ടത്തിൽ സമാന ലക്ഷണങ്ങളോടു കൂടിയ ആമിനയുടെ മാതാപിതാക്കളും ഉണ്ടെങ്കിലോ? അങ്ങനെയാണ് റോഡിമോൻ ഭാര്യയോട് അവരുടെ ഭൂതകാലത്തെക്കുറിച്ച് വീണ്ടും ചോദിച്ചു തുടങ്ങിയത്. ആദ്യമാദ്യം മറിയ അതിനോട് ശുഭപ്രതീക്ഷ വെച്ചു പുലർത്തിയില്ലെങ്കിലും പിന്നീട് റോഡിമോന്‍റെ പ്രോത്സാഹനം കാരണം മറിയയിലും ആ ആഗ്രഹം തീവ്രമായി ഉടലെടുത്തു. ഭൂതകാലത്തിൽ നിന്നും പലപല അടയാളങ്ങളുടെ മുത്തുച്ചിപ്പികൾ പെറുക്കിയെടുത്തു.

അപ്പോഴാണ് റോഡിമോന് മനസ്സിലായത്, കുഞ്ഞുങ്ങൾക്ക് പലപ്പോഴും മറിയ വരച്ചു കൊടുത്തിരുന്ന ഹൃദയത്തിന്‍റെ ആകൃതിയിലുള്ള വലിയ സ്തൂപത്തിന്‍റെയും ദേശീയ പതാകയുടെയും ചിത്രം മറിയയുടെ ഗ്രാമത്തിൽ അവൾക്ക് ഓർമ്മയുള്ള ഒരു സ്ഥലത്തിന്‍റെ ചിത്രമായിരുന്നു എന്ന്.
ഉറുദു പോലെ ഒരു ലിപിയിൽ അവർക്ക് എഴുതാൻ അറിയാം. കൂട്ടം തെറ്റി കട്ടപ്പനയിൽ എത്തിയ യാത്രയിൽ ഇടയ്ക്കെപ്പൊഴോ ഒരു അപകടം സംഭവിച്ചതായി അവർ ഓർക്കുന്നുണ്ട്. അവരുടെ ഗ്രാമത്തിൽ പണ്ടെങ്ങോ ഒരു സംഘർഷമുണ്ടായതും ഓർക്കുന്നുണ്ട്. ആറു സഹോദരങ്ങൾ ഉണ്ടായിരുന്നു എന്നും പറയുന്നു.ആമിന

അമീർ ഖാന് ഷേക്ക് ഹാൻഡ് കൊടുത്തിട്ടുണ്ട്

ഒരിക്കൽ ബോളിവുഡ് താരം അമീർ ഖാന്‍റെ ഫോട്ടോ കണ്ടപ്പോൾ താൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും ഷേക്ക് ഹാൻഡ് കൊടുത്തിട്ടുണ്ടെന്നും മറിയ റോഡിമോനോട് പറഞ്ഞിരുന്നു. അന്നത് റോഡിമോൻ കാര്യമാക്കിയിരുന്നില്ല. എന്നാൽ, ഒരിക്കൽ ടി.വിയിൽ അമീർ ഖാൻ അഭിനയിച്ച 'അകേലേ ഹം അകേലേ തും' എന്ന പാട്ട് സീൻ കണ്ട മറിയക്ക് ആ പാട്ട് സീൻ ചിത്രീകരിച്ചത് തന്‍റെ ഗ്രാമത്തിനടുത്തുള്ള ഒരു പാർക്കിലാണെന്നും ആ പാട്ടുസീൻ ചിത്രീകരിക്കുന്നതിനിടയിലാണ് അമീർ ഖാനെ കണ്ടതെന്നും ഷേക്ക് ഹാൻഡ് കൊടുത്തതെന്നും പറഞ്ഞു.

സംവിധായകൻ മൻസൂറിനെ കണ്ടെത്തി റോഡിമോൻ

കഴിഞ്ഞദിവസം 'അകേലേ ഹം അകേലേ തും' ചിത്രത്തിന്‍റെ സംവിധായകൻ ആയിരുന്ന മൻസൂർ ഖാനെ പോയി കണ്ടെന്ന് റോഡിമോൻ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.   ഊട്ടിയിൽ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. ആവശ്യവുമായി ചെന്ന റോഡിമോനെ അദ്ദേഹം നിരാശനാക്കിയില്ല. ചിത്രത്തിന്‍റെ നിർമാതാവിനെ വിളിച്ച് ഗാനരംഗം ചിത്രീകരിച്ച സ്ഥലം എവിടെയാണെന്ന് മൻസൂർ ഖാൻ അന്വേഷിച്ചു, മുംബൈയിലുള്ള ജോഗേശ്വരി വിക്റോളി ലിങ്ക് റോഡിലെ ഫാന്‍റസി ലാൻഡ് പാർക്കിൽ വെച്ച് ആയിരുന്നു എന്നായിരുന്നു ഉത്തരം. അവിടെ നിന്ന് ഒന്നര മണിക്കൂർ ദൂരമെങ്കിലും വരുന്ന സ്ഥലത്ത് ആയിരിക്കും ആമിനയുടെ വീടെന്നാണ് റോഡിമോൻ വിശ്വസിക്കുന്നത്.ഓർമയിൽ നിന്ന് ആമിന ഓർത്തെടുത്ത വീടും പരിസരവും ഇങ്ങനെ

വീടിന്‍റെ പരിസരം ഓർമയിൽ നിന്നെടുത്ത് ആമിന വരച്ചതിങ്ങനെ. അതിൽ കാണിച്ച ദേശീയപതാക നിൽക്കുന്ന തൂണിന്‍റെ അടിവശം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. അതിന് നാലടി വീതിയും രണ്ട് അടി പൊക്കവും ഉണ്ട്. വീടുകൾ നിരനിരയായി നിൽക്കുന്നു. വീടുകളുടെ ഇടവഴിയിലും ഫ്ലാഗിന്‍റെ ചുറ്റിലും കല്ല് പാകിയിരിക്കുന്നു. ഈ വീടുകളുടെ നാല് ചുറ്റിലും വലിയ റോഡുകൾ ഉണ്ട്‌. ഈ കോമ്പൗണ്ടിനുള്ളിൽ തന്നെ ഒരു മോസ്കും ഉണ്ട്. അതിനു പിറകിൽ റെയിൽപാതയുണ്ട്. ഒരു നിരയിൽ മുപ്പതിന് മുകളിൽ വീടുകൾ ഉണ്ടാകും. അങ്ങനെ പല നിര വീടുകൾ. ഈ നിരകൾക്കിടയിലൂടെ ഓട്ടോയും ബൈക്കും പോവാൻ പറ്റിയ വീതിയുണ്ട്.

ആമിനയുടെ വീട്ടുകാരെ കണ്ടെത്തുന്ന തരത്തിലുള്ള എന്തെങ്കിലും സൂചനകൾ ലഭിച്ചാൽ അവിടേക്ക് പോകാനൊരുങ്ങുകയാണ് റോഡിമോൻ. മുംബൈയിലുള്ള മലയാളികളുടെ സഹായവും റോഡിമോൻ ഇതിനായി അഭ്യർത്ഥിക്കുന്നു. മലയാളികൾ ഒറ്റ മനസ്സോടെ നിന്നാൽ ആമിനയ്ക്ക് അവളുടെ പ്രിയപ്പെട്ടവരെ എത്രയും പെട്ടെന്ന് കണ്ടെത്താൻ കഴിയുമെന്ന് തന്നെയാണ് റോഡിമോൻ പ്രതീക്ഷിക്കുന്നത്.
First published: November 14, 2019, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading