• HOME
  • »
  • NEWS
  • »
  • kerala
  • »
  • ROSHY AUGUSTINE FROM KERALA CONGRESS M WILL BE THE MINISTER AND N JAYARAJ WILL BE THE CHIEF WHIP

കേരള കോൺഗ്രസ് എം: റോഷി അഗസ്റ്റിൻ മന്ത്രിയാവും; ജയരാജ് ചീഫ് വിപ്പും

21 മന്ത്രിമാരെ ഉൾപ്പെടുത്തി സർക്കാർ ഉണ്ടാക്കാനാണ് ഇടതുമുന്നണി തീരുമാനം. എൽജെഡി ഒഴികെയുള്ള ഘടക കക്ഷികൾക്കെല്ലാം സർക്കാരിൽ പ്രാതിനിധ്യം നൽകും.

റോഷി അഗസ്റ്റിൻ, എൻ ജയരാജ്

റോഷി അഗസ്റ്റിൻ, എൻ ജയരാജ്

  • Share this:
    തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) നിയമസഭാകക്ഷി നേതാവായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. ഡോ. എൻ. ജയരാജാണ് ഉപനേതാവ്. പാർട്ടിക്ക് ലഭിക്കുന്ന ഏക മന്ത്രിസ്ഥാനം റോഷി അഗസ്റ്റിന് നൽകാനാണ് ധാരണ. സർക്കാരിന്റെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് ജയരാജും നിയമിതനാകും. അഡ്വ. ജോബ് മൈക്കിളാണ് പാർട്ടി വിപ്പ്. പാർലമെൻററി പാർട്ടി സെക്രട്ടറി-അഡ്വ. പ്രമോദ് നാരായണൻ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ട്രഷറർ.

    പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽചേർന്ന കേരള കോൺഗ്രസ് നിയമസഭാ കക്ഷിയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിപിഎമ്മുമായുള്ള ഉഭയ കക്ഷി ചർച്ചകൾ പൂർത്തിയായതിനെത്തുടർന്ന് അടിയന്തരയോഗം ചേർന്ന് കക്ഷിനേതാവിനെയും മറ്റുഭാരവാഹികളെയും തെരഞ്ഞെടുക്കുകയായിരുന്നു. മന്ത്രിസഭയിലെ പ്രാതിനിധ്യത്തെപ്പറ്റിയുള്ള അന്തിമതീരുമാനം തിങ്കളാഴ്ച എൽഡിഎഫ് യോഗത്തിലുണ്ടാവും. തോമസ് ചാഴികാടൻ എം പി, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

    മധ്യ കേരളത്തിൽ ഇടതു മുന്നണിക്ക് മികച്ച വിജയം സമ്മാനിച്ചതിന് രണ്ട് മന്ത്രി സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോൺഗ്രസ് ജോസ് വിഭാഗം. കേരള കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെന്ന ആവശ്യം ഞായറാഴ്ചത്തെ ചർച്ചയിലും ജോസ് കെ മാണി ഉന്നയിച്ചു. അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

    Also Read- ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

    ചെയർമാൻ ജോസ് കെ മാണി പാലായിൽ തോറ്റെങ്കിലും പാർട്ടിക്ക് അഞ്ചു പേരെ വിജയിപ്പിക്കാനായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി ഇടതുമുന്നണിക്ക് 14 സീറ്റു കിട്ടിയതും ന്യൂനപക്ഷ വോട്ട് വിഹിതം നാല് ശതമാനം കൂടിയതും തങ്ങളുടെ ശക്തികൊണ്ടാണെന്ന വിലയിരുത്തലിലാണ് ജോസ് വിഭാഗം. എൽഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയുമാണ്.

    ചർച്ച പൂർത്തിയായി; ഇന്ന് തീരുമാനം

    സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി ഘടകകക്ഷികളുമായുള്ള ചർച്ചകൾ സിപിഎം പൂർത്തിയാക്കി. 21 മന്ത്രിമാരെ ഉൾപ്പെടുത്തി സർക്കാർ ഉണ്ടാക്കാനാണ് തീരുമാനം. എൽജെഡി ഒഴികെയുള്ള ഘടക കക്ഷികൾക്കെല്ലാം സർക്കാരിൽ പ്രാതിനിധ്യം നൽകും. ഒറ്റ അംഗങ്ങളുള്ള നാലു പാർട്ടികൾ രണ്ടരവർഷം വീതം രണ്ടു മന്ത്രിസ്ഥാനം പങ്കിടും. ഇതാണ് നിലവിലെ ധാരണ. തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനവും പ്രഖ്യാപനവുമുണ്ടാകും.

    മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറും സിപിഎമ്മിന് ലഭിക്കും. നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും സിപിഐക്ക് എന്നാണ് തീരുമാനം. മന്ത്രിമാരുടെ എണ്ണം പരമാവധി സഖ്യയായ 21ലേക്ക് ഉയർത്തുന്നതിനാൽ, ഒറ്റയംഗങ്ങളുള്ള ഘടക കക്ഷികളിൽനിന്ന് രണ്ടു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തും. ഇതാണ് 4 പാർട്ടികൾ പങ്കിടുക. കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ പാർട്ടികൾക്കായിരിക്കും ഊഴംവെച്ച് അവസരം ലഭിക്കുക.

    എൽജെഡിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചേക്കില്ല. സർക്കാർ രൂപീകരിച്ചതിനു ശേഷം അർഹമായ പദവി നൽകാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഘടകകക്ഷിയല്ലെങ്കിലും എൽഡിഎഫിനൊപ്പമുള്ള ആർഎസ്പി(ലെനിനിസ്റ്റ്)ക്കും മന്ത്രിസ്ഥാനമുണ്ടാകില്ല. കേരള കോൺഗ്രസി (ബി) ൽനിന്ന് കെ ബി ഗണേഷ് കുമാറും ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് ആന്റണി രാജുവും മന്ത്രിമാരാകും. കോൺഗ്രസ് (എസ്)ൽ നിന്ന് രാമചന്ദ്രൻ കടന്നപ്പള്ളിയും ഐഎൻഎല്ലിൽ നിന്ന് അഹമ്മദ് ദേവർകോവിലും മന്ത്രിമാരായേക്കും. ആദ്യ ഊഴം ആർക്ക് എന്നതിൽ അന്തിമ തീരുമാനം എൽഡിഎഫ് യോഗത്തിലുണ്ടാകും.
    Published by:Rajesh V
    First published:
    )}