• HOME
  • »
  • NEWS
  • »
  • kerala
  • »
  • K-Rail | കത്തോലിക്കാ സഭയ്ക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കും, സഭയും സർക്കാരും തമ്മിലുള്ള പാലമാണ് കേരളാ കോൺഗ്രസ്: റോഷി അഗസ്റ്റിൻ

K-Rail | കത്തോലിക്കാ സഭയ്ക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കും, സഭയും സർക്കാരും തമ്മിലുള്ള പാലമാണ് കേരളാ കോൺഗ്രസ്: റോഷി അഗസ്റ്റിൻ

കത്തോലിക്കാ സഭ കെ-റെയിൽ വിഷയത്തിൽ സർക്കാർ നിലപാടുകൾക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു

റോഷി അഗസ്റ്റിൻ

റോഷി അഗസ്റ്റിൻ

  • Share this:
കെ-റെയിൽ (K-Rail) വിഷയത്തിൽ വലിയ ചർച്ചകളാണ് സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ സമരരംഗത്ത് ശക്തമായി നിലയുറപ്പിച്ചു കഴിഞ്ഞു. കത്തോലിക്കാ സഭയും (Catholic Church) കെ-റെയിൽ വിഷയത്തിൽ സർക്കാർ നിലപാടുകൾക്കെതിരെ ശക്തമായി മുന്നോട്ടുവന്നിരുന്നു. ഇതിന് പിന്നാലെ മന്ത്രിസഭയിലെ കേരള കോൺഗ്രസ് (എം) അംഗം കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ (Roshy Augustine) നിലപാട് വ്യക്തമാക്കി രംഗത്തെത്തി.

കെ-റെയിൽ, സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട്
കത്തോലിക്ക സഭയ്ക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കും എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പാലയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. കെ-റെയിൽ വിഷയുമായി ബന്ധപ്പെട്ട്  വേണ്ടി വന്നാൽ ബിഷപ്പുമാരെ നേരിട്ട് കാണും. കത്തോലിക്കാ സഭ കെ-റെയിൽ പദ്ധതിക്ക് എതിരാണെന്ന് കരുതുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിൽ ചർച്ച നടക്കുന്നുണ്ട്. എന്നാൽ കെസിബിസിക്ക് സർക്കാരുമായി സംസാരിക്കാൻ യാതൊരു അകലവുമില്ല എന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

കത്തോലിക്കാ സഭയും സർക്കാരും തമ്മിൽ ഈ വിഷയത്തിൽ ചർച്ച നടക്കണം എന്നുണ്ടെങ്കിൽ ആരും മുൻകൈയെടുക്കേണ്ട കാര്യമില്ല. സഭയും സർക്കാരും തമ്മിലുള്ള ദൃഢതയുള്ള പാലമാണ് കേരള കോൺഗ്രസ് എന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. നേരത്തെ എല്ലാവരുടെയും ആശങ്ക പരിഹരിച്ച് കെ-റെയിൽ നടപ്പാക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റോഷി അഗസ്റ്റിനും ഈ വിഷയത്തിലുള്ള നിലപാടുമായി രംഗത്ത് വന്നത്.

കേരള കോൺഗ്രസിന് കത്തോലിക്കാ സഭയിൽ ഉള്ള സ്വാധീനം വളരെ പ്രധാനപ്പെട്ടതാണ്. കേരള കോൺഗ്രസിനെ ഇടതുമുന്നണിയിൽ എത്തിച്ചതിനു പിന്നിൽ  ഇടതു മുന്നണി ലക്ഷ്യമിട്ടതും കത്തോലിക്കാസഭയുടെ വോട്ടുകളായിരുന്നു.

കോട്ടയം ജില്ലയിലടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞത് കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ എത്തിയതുകൊണ്ട് കൂടിയായിരുന്നു. പല വിഷയങ്ങളിലും കത്തോലിക്കാസഭയും ഇടതുമുന്നണിയും തമ്മിലുള്ള അകലം നേരത്തെ തന്നെ ചർച്ചയായിരുന്നു. കെ-റെയിൽ വിഷയത്തിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചതിനെയും സഭ എടുക്കുന്ന നിലപാടുകളെയും സി.പി.എം. വിമർശിച്ചിരുന്നു.

കേന്ദ്രമന്ത്രി വി. മുരളീധരൻ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനം സന്ദർശിച്ചതിന് പിന്നാലെ രണ്ടാം വിമോചന സമരത്തിനുള്ള നീക്കം നടക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ ഏറെനാളായി വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു കേരള കോൺഗ്രസ്. പാർട്ടി ചെയർമാൻ നിലപാട് പറയും എന്നായിരുന്നു റോഷി അഗസ്റ്റിൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഏതായാലും എല്ലാവരുടെയും ആശങ്ക പരിഹരിക്കണമെന്ന നിലപാടിനപ്പുറം കാര്യമായ പ്രതികരണങ്ങൾക്ക് ഒന്നും കേരള കോൺഗ്രസ് തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

Summary: Minister Roshy Augustine, a Kerala Congress (M) member in the cabinet, promises to allay fears of Catholic Church regarding the proposed SilverLine semi-high speed rail project
Published by:user_57
First published: