ആലുവ: മൂന്നൂറോളം പേരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചയാളെ ആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടെത്തി. തിങ്കളാഴ്ച ആലുവയിലാണ് സംഭവം. ഹൗറ എറണാകുളം എക്സ്പ്രസ് ആലുവയിലെത്തിയപ്പോഴാണ് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചത്.
also read:വെനീസ് ചലച്ചിത്രമേളയിലെ റെഡ് കാർപ്പെറ്റിൽ സിമ്പിൾ ആയി മുണ്ടുടുത്ത് ജോജു ജോർജ്
ബംഗാളിൽ നിന്നുള്ള ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് വരുന്നത് ഈ ട്രെയ്നിലാണ്. ആലുവയിൽ ട്രെയിനിന് സ്റ്റോപ്പില്ലാത്തതിനാൽ ബംഗാളിൽ നിന്ന് വരുന്നവർ ഇവിടെ എത്തുമ്പോൾ അപായച്ചങ്ങല വലിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും പതിവുപോലെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ച് തൊഴിലാളികൾ ഇവിടെ ഇറങ്ങി. പുറത്തേക്കെത്തിയ ഇവരെ ആർപിഎഫ് ഉദ്യോഗസ്ഥർ തടഞ്ഞു.
റെയിൽവെ സ്റ്റേഷൻ കെട്ടിടത്തിൻറെ ടെറസിൽ കൊണ്ടുപോയി ചോദ്യം ചെയ്തു. മുന്നൂറോളം പേരെ മണിക്കൂറുകൾ ചോദ്യം ചെയ്തതിനൊടുവിൽ ചങ്ങല വലിച്ചയാൾ കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടു. റെയിൽവെ മജിസ്ട്രേറ്റിന്റെ അടുത്ത ഹിയറിംഗിൽ ഹാജരാകണം. ആറ് മാസം തടവോ ആയിരം രൂപ പിഴയോ രണ്ടും ഒരുമിച്ചോ ആണ് ശിക്ഷ.
ഹൗറ എക്സ്പ്രസിന് നേരത്തെ ആലുവയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. എന്നാൽ ഇത് നിർത്തലാക്കിയതോടെ ഏറെ വലഞ്ഞത് ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്റ്റോപ്പ് പുനഃസ്ഥാപിച്ചാൽ ഈ പ്രശ്നം പരിഹരിക്കപ്പെടും. സാധാരണ 5.50നാണ് ഈ ട്രെയിൻ ആലുവയിൽ എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ വൈകിയാണ് എത്തിയത്. ഇതാണ് പിടിക്കപ്പെടാൻ കാരണമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Train, Train, Train service