• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൂക്കളര്‍പ്പിയ്ക്കരുതെന്ന് പി ടി; പൊതുദര്‍ശനത്തില്‍ പൂക്കൾക്കായി ചിലവഴിച്ചത് 1.19 ലക്ഷം  രൂപ; നഗരസഭയില്‍ വീണ്ടും വിവാദം

പൂക്കളര്‍പ്പിയ്ക്കരുതെന്ന് പി ടി; പൊതുദര്‍ശനത്തില്‍ പൂക്കൾക്കായി ചിലവഴിച്ചത് 1.19 ലക്ഷം  രൂപ; നഗരസഭയില്‍ വീണ്ടും വിവാദം

പി.ടിയുടെ അന്ത്യാഭിലാഷം ലംഘിച്ച നഗരസഭാ ഭരണ സമിതി പി.ടിയെ അനാദരവ് കാട്ടിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

  • Share this:
കൊച്ചി: തനിയ്ക്കായി ഒരു പൂവ് പോലും പറിയ്ക്കരുത് പുഷ്പചക്രം അര്‍പ്പിയ്ക്കരുത് എന്ന് മരിക്കും മുമ്പ് നിര്‍ദ്ദേശം നല്‍കിയ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്ന പി.ടി.തോമസിന്റെ (PT Thomas) പേരിലും തൃക്കാക്കര നഗരസഭയില്‍  (Thrikkakara Municipality) ലക്ഷങ്ങളുടെ ധൂര്‍ത്ത്. നഗരസഭ സംഘടിപ്പിച്ച തൃക്കാക്കരയിലെ പൊതുദര്‍ശനത്തിന്റെ പേരില്‍ 1,27,000 രൂപയുടെ പൂക്കള്‍ വാങ്ങിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 117000 രൂപ പൂക്കള്‍ നല്‍കിയ കച്ചവടക്കാരന് കൈമാറുകയും ചെയ്തു. തറയില്‍ വിരിയ്ക്കാനുള്ള കാര്‍പറ്റ്,മൈക്ക്‌സെറ്റ്,ഭക്ഷണം തുടങ്ങിയ ഇനങ്ങള്‍ക്കായി ആകെ നാലര ലക്ഷം രൂപയാണ് ചിലവഴിച്ചിരിയ്ക്കുന്നത് .ഇതില്‍ ഭക്ഷണത്തിന് മാത്രം ചിലവ് 35000 രൂപ.

പി.ടിയുടെ അന്ത്യാഭിലാഷം ലംഘിച്ച നഗരസഭാ ഭരണ സമിതി പി.ടിയെ അനാദരവ് കാട്ടിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രത്യേക പദ്ധതിയില്ലാതെ ഭരണസമിതിയ്ക്ക് ഇത്രയധികം തുക ചെലവഴിയ്ക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പൊതുദര്‍ശനത്തിനായി ചിലവാക്കിയ തുകയുടെ കണക്കുകള്‍ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പരിശോധിച്ചശേഷം അമിതമായി എഴുതിയെടുത്ത പണം ഉത്തരവാദികളില്‍ നിന്ന് തിരിച്ച് പിടിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വകരിയ്ക്കണമെന്ന് പ്രതിപക്ഷം നഗരസഭാ സെക്രട്ടറിയിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മൃതശരീരരത്തില്‍ പൂക്കളോ പുഷ്പചക്രമോ അര്‍പ്പിയ്ക്കരുതെന്ന് മാത്രമേ പി ടി അന്ത്യാഭിലാഷമായി വ്യക്തമാക്കിയിരുന്നുള്ളൂ എന്ന് ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ പ്രതികരിച്ചു.പൊതു ദര്‍ശന ഹാള്‍ അലങ്കരിയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഇത് ബാധകമല്ല. അര്‍ഹിയ്ക്കുന്ന ആദരവ് നല്‍കി പി.ടി.യെ യാത്ര അയയ്ക്കുക എന്ന കടമയാണ് നഗരസഭ നിര്‍വ്വഹിച്ചത്.അജിത തങ്കപ്പന്‍ പറഞ്ഞു.
തൃക്കാക്കര നഗരസഭാ ഹാളിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പി.ടിയ്ക്ക് അന്തിമോപചാരമര്‍പ്പിച്ചത്.

വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിയ്‌ക്കെ ഡിസംബര്‍ 23 നാണ് പി.ടി.തോമസ് അന്തരിച്ചത്. മരണാന്തര ചടങ്ങുകള്‍ നടത്തേണ്ടതില്ലെന്ന് സുഹൃത്ത് ഡിജോ കാപ്പനെയാണ് പി.ടി പറഞ്ഞേല്‍പ്പിച്ചിരുന്നത്. തന്റെ മൃതദേഹത്തില്‍ പൂക്കളോ പുഷ്പചക്രങ്ങളോ അര്‍പ്പിയ്‌ക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങു തീരം എന്ന വയലാര്‍ ഗാനമാണ് തന്റെ സംസ്‌കാരചടങ്ങുകള്‍ നടക്കുമ്പോള്‍ മുഴങ്ങികേള്‍ക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പി.ടിയുടെ അന്ത്യാഭിലാഷം അനുസരിച്ച് മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി രവിപുരത്തെ പൊതുശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. പിന്നീട് ചിതാഭ്‌സമത്തില്‍ ഒരു ഭാഗം ഇടുക്കി ഉപ്പുതോട്ടിലെ അമ്മയുടെ കബറിടത്തില്‍ അടക്കം ചെയ്തിരുന്നു.സഭയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ഇത്.

അഴിമതിയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ് തൃക്കാക്കര നഗരസഭ. കഴിഞ്ഞ ഓണത്തിന് കൗണ്‍സിലര്‍മാര്‍ക്ക് 1000 രൂപ വീതം നല്‍കിയത് വിവാദമായിരുന്നു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തേത്തുടര്‍ന്ന് വിജിലന്‍സ് സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്. പണക്കിഴി കൈമാറുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിശദമായ അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നത്. വിഷയത്തേച്ചൊല്ലി നഗരസഭയില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ ഉടലെടുത്തതിനേത്തുടര്‍ന്ന് ഹൈക്കോടതി ചെയര്‍പേഴ്‌സണ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ യോഗത്തിലും ഇരുപക്ഷവു തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ചെയര്‍പേഴ്ണ്‍ അജിത തങ്കപ്പനെ ആക്രമിച്ചെന്നാരോപിച്ച് രണ്ടു പ്രതിപക്ഷ കൗണ്‍സില്‍മാരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.ആക്രമിച്ചുവെന്ന് എല്‍.ഡി.എഫ് വനിതാ കൗണ്‍സിര്‍മാരുടെ പരാതിയില്‍ അജിതാ തങ്കപ്പനടക്കമുള്ള ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
Published by:Rajesh V
First published: