തിരുവനന്തപുരം: ഉത്രാടദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ഉത്രാടദിനമായ സെപ്റ്റംബർ ഏഴിന് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മാത്രം വിറ്റത്. 117 കോടി രൂപയുടെ മദ്യമാണ്. ഇതാദ്യമായാണ് ഒരുദിവസത്തെ മദ്യവിൽപന വഴിയുള്ള വരുമാനം 100 കോടി കടക്കുന്നത്. സംസ്ഥാനത്ത് ഉത്രാടദിനത്തിൽ ഏറ്റവുമധികം മദ്യം വിറ്റത് കൊല്ലം നഗരത്തിലെ ആശ്രാമം ഔട്ട്ലെറ്റ് വഴിയാണ്. വിൽപനയുടെ കാര്യത്തിൽ തിരുവനന്തപുരം നഗരത്തിലെ പവർഹൌസ് ഔട്ട്ലെറ്റ് രണ്ടാമതെത്തിയപ്പോൾ ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് മൂന്നാമതെത്തി.
ഇത്തവണ ഉത്രാടദിനത്തിൽ 117 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാടദിനം വരെയുള്ള ഏഴുദിവസത്തെ മദ്യവില്‍പ്പന 624 കോടി രൂപയാണ്. ഓണക്കാല മദ്യവില്‍പ്പന വഴി 550 കോടി രൂപയുടെ വരുമാനമാണ് നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നത്.
ഈ വർഷം ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റത് മൂന്ന് ഔട്ട്‌ലെറ്റുകളാണ്. കൊല്ലം ആശ്രമം ഔട്ട്ലെറ്റിൽ 1.05 കോടി രൂപയുടെ മദ്യം വിറ്റപ്പോൾ, തിരുവനന്തപുരം പവർഹൌസ് ഔട്ട്ലെറ്റിൽ 1.01 കോടി രൂപയുടെ മദ്യമാണ് വിറ്റത്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ 1.001 കോടി രൂപയുടെ മദ്യം വിറ്റു. ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍(98.50 ലക്ഷം രൂപ), പയ്യന്നൂര്‍(95.05 ലക്ഷം രൂപ), ചാലക്കുടി(91.84 ലക്ഷം രൂപ) തുടങ്ങിയ ഔട്ട്ലെറ്റുകളാണ് വിൽപനയുടെ കാര്യത്തിൽ തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്.
Also Read- തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് തുറക്കില്ല; ബാറുകള്‍ പ്രവര്‍ത്തിക്കും
കഴിഞ്ഞ വർഷം ഉത്രാടദിനത്തില്‍ ബെവ്‌കോയുടെ വിവിധ ഔട്ട്‌ലെറ്റുകള്‍ വഴി 85 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇത്തവണ 32 കോടി രൂപയുടെ അധിക വിൽപനയാണ് നടന്നത്.
അതേസമയം ഇപ്പോൾ പുറത്തുവന്നത് ബെവ്കോ വഴി മാത്രം വിറ്റ മദ്യത്തിന്‍റെ കണക്കാണ്. സംസ്ഥാനത്തെ ബാറുകളും ക്ലബുകളും വഴി കോടി കണക്കിന് രൂപയുടെ മദ്യം ഓണദിവസങ്ങളിൽ വിറ്റിട്ടുണ്ട്. തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധിയായിരുന്നു. ഈ ദിവസം സംസ്ഥാനത്ത് ബാറുകൾ തുറന്നുപ്രവർത്തിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bevco, Liquor sale