പത്തനംതിട്ട: പാലാ രൂപതയ്ക്ക് പിന്നാലെ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും. സിറോ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. 2000ത്തിന് ശേഷം വിവാഹിതരായ കുടുംബങ്ങള്‍ക്കാണ് രൂപത സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ജനസംഖ്യാ വർധനയിൽ നെഗറ്റീവ് വളർച്ചയുള്ള ജില്ലയുടെ നിലനിൽപ്പിനായി കൂടുതൽ കുട്ടികളെ സ്വീകരിക്കാൻ ജാതി മത ഭേദമെന്യേ എല്ലാവരോടും രൂപതാ അധ്യക്ഷൻ ഡോ. സാമൂവേൽ മാർ ഐറേനിയോസ് അഭ്യർഥിച്ചു. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാനായി ദമ്പതികളെ ഒരുക്കുന്നതിന് വേണ്ടിയാണ് പ്രോത്സാഹനം എന്നാണ് സാമുവേല്‍ മാര്‍ ഐറേനിയോസ് പറയുന്നത്. നാലോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ രൂപതയില്‍ നിന്നും ലഭിക്കുമെന്നാണ് വാഗ്ദാനം. നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ആവശ്യമെങ്കില്‍ ജോലിക്ക് മുന്‍ഗണന നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കുടുംബങ്ങളെ ആധ്യാത്മിക കാര്യങ്ങളില്‍ മുന്നോട്ട് നയിക്കാന്‍ ഒരു വൈദികനെയും കന്യാസ്ത്രീയെയും ചുമതലപ്പെടുത്തുമെന്നും രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
വർഷത്തിൽ ഒരിക്കൽ ഈ കുടുംബങ്ങളെ ഒന്നിച്ചുകൂട്ടി രൂപതാധ്യക്ഷൻ അവർക്കൊപ്പം സമയം ചെലവഴിക്കും. കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികളെ ഒരുക്കുന്നതിനായി രൂപതയുടെ കുടുംബ പ്രേഷിത കാര്യാലയത്തിനു കീഴിൽ പ്രോ ലൈഫ് മിനിസ്ട്രി എന്ന സംവിധാനം പ്രവർത്തിക്കുമെന്നും സർക്കുലറിൽ പറയുന്നു.
നേരത്തെ പാലാ രൂപത സമാനമായ ആനുകൂല്യ പ്രഖ്യാപനവുമായി രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു. ആറ് തരത്തിലുള്ള ആനുകൂല്യങ്ങളാണ് പാലാ രൂപത വിശ്വാസികൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
1. 2000 ന് ശേഷം വിവാഹം കഴിഞ്ഞ പാലാ രൂപതാ അംഗങ്ങളായ ദമ്പതിമാർക്ക് അഞ്ചോ അതിലധികമോ കുട്ടികളുണ്ടെങ്കിൽ ഓരോ മാസവും 1500 രൂപ സാമ്പത്തിക സഹായം നൽകും. 2021 ഓഗസ്റ്റ് മുതൽ ആനുകൂല്യം നൽകും.
2. നാല് കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരിൽ ഒരാൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് രൂപതയുടെ ആശുപത്രിയിൽ ജോലിക്ക് മുൻഗണന.
3. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും, മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രിയിലും നാലാമത്തെ കുട്ടി മുതൽ പ്രസവ ചികിത്സ സൗജന്യം.
4. മൂന്നു കുട്ടികളിൽ മേലുള്ള കുടുംബങ്ങളിൽ നിന്നും രൂപതയുടെ പാലയിലെ ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്ന നാലാമത്തെ കുട്ടിക്ക് നഴ്സിങ് കോഴ്സിന് സൗജന്യ പഠനം.
5. നാലാമതും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് രൂപതയ്ക്ക് കീഴിലെ എൻജിനീയറിങ് കോളേജിൽ ട്യൂഷൻ ഫീ സൗജന്യം. ഫുഡ് ടെക്നോളജി കോളേജിലും ഇതേ സൗജന്യം ഉണ്ടാകും.
6. 2000 മുതൽ 2021 വരെ ജനിച്ച നാലാമത്തെ മുതലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിന് പ്രത്യേക പരിഗണന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.