• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ന്യായാധിപന്മാർ സംവദിക്കേണ്ടത് വിധിന്യായത്തിലൂടെ, വാർത്താക്കുറിപ്പ് കുറ്റബോധം മറച്ചുപിടിക്കാൻ': ലോകായുക്തക്കെതിരെ ആർ.എസ്. ശശികുമാർ

'ന്യായാധിപന്മാർ സംവദിക്കേണ്ടത് വിധിന്യായത്തിലൂടെ, വാർത്താക്കുറിപ്പ് കുറ്റബോധം മറച്ചുപിടിക്കാൻ': ലോകായുക്തക്കെതിരെ ആർ.എസ്. ശശികുമാർ

''ഒരു ജുഡീഷ്യൽ ബോഡി, തങ്ങൾ പ്രസ്താവിച്ച ഉത്തരവിനെ സംബന്ധിച്ച് വിശദീകരണവുമായി വാർത്താക്കുറിപ്പിലൂടെ രംഗത്ത് വരുന്നത് ചരിത്രത്തിൽ കേട്ടിട്ടില്ലാത്ത കാര്യമാണ്''

  • Share this:

    തിരുവനന്തപുരം: ന്യായാധിപന്മാർ പൊതുജനത്തോട് സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ല, അവരുടെ വിധിന്യായത്തിലൂടെ ആവണമെന്ന് ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസിലെ പരാതിക്കാരൻ ആർ എസ് ശശികുമാർ. കുറ്റബോധം മറച്ചുപിടിക്കാനാണ് ലോകായുക്ത തന്നെ വാർത്താക്കുറിപ്പുമായി രംഗത്തെത്തിയതെന്ന് ശശികുമാർ ആരോപിച്ചു.

    ”തരംതാഴുന്നതിന് പരിധിയില്ല എന്ന് വെളിവാക്കുന്നതാണ് ഇന്നത്തെ പത്രക്കുറിപ്പ്. മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന് ലോകായുക്ത നൽകുന്ന വിശദീകരണം, ‘ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് പിണറായി വിജയൻ നടത്തിയ സ്വകാര്യ ഇഫ്താർ വിരുന്നിലല്ല, കേരളത്തിന്റെ മുഖ്യമന്ത്രി ആതിഥ്യം നൽകിയ ഔദ്യോഗിക ഇഫ്താർ വിരുന്നിലാണ്’ എന്നാണ്. ഇതു തന്നെയാണ് എന്റെയും പരാതി.

    Also Read- ‘പേപ്പട്ടിയെന്ന് വിളിച്ചില്ല, പങ്കെടുത്തത് പിണറായിയുടെ സ്വകാര്യവിരുന്നിലല്ല’: വിശദീകരണവുമായി ലോകായുക്ത; അസാധാരണം

    സംസ്ഥാന മുഖ്യമന്ത്രി പ്രതിയായ കേസ് പരിഗണനയിലിരിക്കെ ആ കേസ് പരിഗണിക്കുന്ന ന്യായാധിപന്മാർ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചത് ഔചിത്യമായില്ല എന്ന എന്റെ അഭിപ്രായം ശരിവയ്ക്കുക മാത്രമാണ് ലോകായുക്ത ചെയ്തത്. ഇത് മനസ്സിലാക്കാൻ ന്യായാധിപ ബുദ്ധിയൊന്നും വേണ്ടതില്ല.

    എന്നെ പേപ്പട്ടി എന്ന് വിളിച്ച വിഷയവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ വാർത്താക്കുറിപ്പിലെ വിശദീകരണം സാമാന്യ മര്യാദയ്ക്ക് ചേരുന്നതല്ല. വാർത്താക്കുറിപ്പിൽ പറയുന്നത് ‘ആശയം വിശദമാക്കാൻ ഉദാഹരണം പറഞ്ഞാൽ പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചു എന്നു പറഞ്ഞ് ബഹളമുണ്ടാകുന്നത് നിയമപ്രശ്നത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണ്’ എന്നാണ്. കഴിഞ്ഞ 11ന് കേസ് പരിഗണിച്ചപ്പോഴാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് എനിക്കെതിരെ ഇത്തരത്തിൽ വിവാദ പരാമർശം ഉണ്ടായത്. അന്നുതന്നെ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഇതിനെ സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ നടന്നു.

    ഈ വിഷയത്തിൽ എന്തെങ്കിലും വിശദീകരണം നൽകാനോ വ്യക്തത വരുത്താനോ ഉണ്ടായിരുന്നെങ്കിൽ 12ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ലോകായുക്തയ്ക്ക് അതാകാമായിരുന്നു. അതിനു തയാറാകാതെ ഇപ്പോൾ ഇത്തരത്തിൽ ഒരു പരസ്യ പ്രതികരണവുമായി വന്ന ലോകായുക്തയുടെ നടപടി കൂടുതൽ ദുരൂഹമാണ്. ലോകായുക്തയുടെ മുന്നിൽ പരാതിയുമായി വരുന്ന ആവലാതിക്കാരന് നീതി നൽകുന്നതിനു പകരം അയാളെ ‘പേപ്പട്ടി’ എന്ന് വിളിച്ചാൽ അതിനെതിരെ പൊതു സമൂഹത്തിന്റെ പ്രതികരണം സ്വാഭാവികമാണ്. ആ സാഹചര്യം ഒഴിവാക്കേണ്ടത് ഞാനായിരുന്നില്ല, ലോകായുക്തയാണെന്നിരിക്കെ, മാധ്യമങ്ങളെയും എന്റെ സുഹൃത്തുക്കളെയും പ്രതിസ്ഥാനത്ത് നിർത്തുന്നത് എന്തിന്റെ പേരിലാണ്?

    Also Read- ‘പേപ്പട്ടിയുടെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്’; പരാതിക്കാരനായ ആർ.എസ്. ശശികുമാറിനെ വിമർശിച്ച് ലോകായുക്ത

    സുപ്രീം കോടതിയുടെ 1997 ലെ എത്തിക്സ് കമ്മിറ്റിയുടെ പെരുമാറ്റച്ചട്ടം ‘റിട്ടയർ ചെയ്ത ന്യായാധിപരായ’ തങ്ങൾക്ക് ബാധകമല്ലെന്ന് പറയുന്ന ലോകായുക്ത തങ്ങൾ ‘ന്യായാധിപർ’ ആയതിനാലാണ് മുഖ്യമന്ത്രി ക്ഷണിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തതെന്ന് പറയുന്നതിലെ വൈരുധ്യം ആർക്കും ബോധ്യപ്പെടും. ഒരു ജുഡീഷ്യൽ ബോഡി, തങ്ങൾ പ്രസ്താവിച്ച ഉത്തരവിനെ സംബന്ധിച്ച് വിശദീകരണവുമായി വാർത്താക്കുറിപ്പിലൂടെ രംഗത്ത് വരുന്നത് ചരിത്രത്തിൽ കേട്ടിട്ടില്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ വാർത്താക്കുറിപ്പിലെ സാങ്കേതിക വിഷയങ്ങളെ സംബന്ധിച്ച് ഇപ്പോൾ പ്രതിപാദിക്കുന്നില്ലെന്നും ശശികുമാർ പറഞ്ഞു.

    Published by:Rajesh V
    First published: