• HOME
  • »
  • NEWS
  • »
  • kerala
  • »
  • കഴിഞ്ഞ തെരഞ്ഞെടുപ്പിലെ UDF സ്ഥാനാർഥിയായിരുന്ന ആർഎസ്പി നേതാവ് ബിജെപിയിൽ ചേർന്നു

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ UDF സ്ഥാനാർഥിയായിരുന്ന ആർഎസ്പി നേതാവ് ബിജെപിയിൽ ചേർന്നു

ബി ജെ പി നേതാവ്‌ എ എന്‍ രാധാകൃഷ്ണന്‍ നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ആര്‍ എസ് പി യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്നു നഹാസ്.

News18 Malayalalm

News18 Malayalalm

  • Last Updated :
  • Share this:
    തൃശൂര്‍: ആർ എസ് പി നേതാവ് മുഹമ്മദ് നഹാസ് ബി ജെ പിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ തൃശ്ശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് നഹാസ്. സി പി ഐയുടെ ആര്‍ സുനില്‍ കുമാറാണ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. ബി ജെ പി നേതാവ്‌ എ എന്‍ രാധാകൃഷ്ണന്‍ നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ആര്‍ എസ് പി യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്നു നഹാസ്.

    സീറ്റ് വിഭജന ചര്‍ച്ചയില്‍ കൈപ്പമംഗലം വേണ്ടെന്നും പകരം സീറ്റ് വേണമെന്നുമായിരുന്നു ആർ എസ് പി നിലപാട്‌. പകരം മട്ടന്നൂര്‍ സീറ്റ് ലഭിച്ചതോടെയാണ് ആര്‍ എസ് പി കയ്പമംഗലം സീറ്റ് ഉപേക്ഷിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നഹാസ് പാര്‍ട്ടി വിട്ടിരിക്കുന്നത്. ഇതോടെ ആഴ്ചകളായി തുടരുന്ന ചര്‍ച്ചകളും വാഗ്വാദങ്ങളും അവസാനിപ്പിച്ച് കയ്പമംഗലത്ത് കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായി.



    മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശോഭ സുബിനാണ്‌ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. കൈപ്പമംഗലത്തിന് പകരം ധര്‍മടമോ കല്യാശേരിയോ നല്‍കണമെന്നായിരുന്നു ആര്‍ എസ് പിയുടെ ആവശ്യമെങ്കിലും മട്ടന്നൂരാണ് ലഭിച്ചത്. കൈപ്പമംഗലം ഇക്കുറിയും ആര്‍ എസ് പിക്ക് തന്നെ സീറ്റ് വിട്ടുകൊടുക്കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കൈപ്പമംഗലം സീറ്റ് ഏറ്റെടുക്കണമെന്ന് സ്ക്രീനിംഗ് സമിതി യോഗത്തിൽ തൃശ്ശൂര്‍ എം പി ടി എൻ പ്രതാപൻ ആവശ്യപ്പെട്ടിരുന്നു.

    കൈപ്പമംഗലത്തിന് പകരം മട്ടന്നൂര്‍ സീറ്റാണ് കോണ്‍ഗ്രസ് ആര്‍എസ്പിക്ക് അനുവദിച്ചിരിക്കുന്നത്. മട്ടന്നൂരിൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഇല്ലിക്കൽ അഗസ്തിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസ് അറിയിച്ചു.

    ബിജെപി സ്ഥാനാർഥികളെ ഇന്നറിയാം

    നിയമസഭാ തെര‍ഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളെ ഇന്ന് അറിയാം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക ഇന്നു കേന്ദ്രതിരഞ്ഞെടുപ്പ് സമിതിക്കു മുൻപിലെത്തും. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് അറിയുന്നത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർ ഇന്നലെ സാധ്യതാ പട്ടിക കേരളത്തിന്റെ തെരഞ്ഞെടുപ്പു ചുമതലയുളള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുമായി ചർച്ച ചെയ്തു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജെ പി നഡ്ഡ, അമിത്ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരും പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

    സുരേഷ് ഗോപിയുടെ പേര് തൃശൂരും നേമവും തിരുവനന്തപുരവും അടക്കമുള്ള മണ്ഡലങ്ങളിലുണ്ടെങ്കിലും അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് നേതാക്കൾ നൽകുന്ന വിവരം. ഇവിടെ സാധ്യതാ പട്ടികയിലുള്ള കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിജയൻ തോമസ് മത്സരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വി മുരളീധരൻ മത്സരിക്കുന്നത് ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാവും. സാധ്യതാ പട്ടികയിൽ മുരളീധരന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ശോഭ സുരേന്ദ്രന്റെ പേര് ചാത്തന്നൂരിലും മറ്റു ചില മണ്ഡലങ്ങളിലും നൽകിയിട്ടുണ്ട്. കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുമെന്നാണ് സൂചന. കുമ്മനം രാജശേഖരൻ മത്സരിക്കാനിടയുള്ള നേമത്തിന് പുറമേ കഴക്കൂട്ടത്തും സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഹരിപ്പാട് ബി ഗോപാലകൃഷ്ണനും പുതുപ്പള്ളിയിൽ എൻ ഹരിയും പട്ടികയിലുണ്ട്. ധർമടത്ത് പിണറായി വിജയനെതിരെ സി കെ പത്മനാഭൻ മത്സരിച്ചേക്കും. കെ രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ മത്സരിക്കും. എം ടി രമേശിന്റെ പേര് കോഴിക്കോട് നോർത്തിലും പി കെ കൃഷ്ണദാസിന്റേതു കാട്ടാക്കടയിലും നിർദേശിക്കപ്പെട്ടിട്ടുണ്ട്.
    Published by:Rajesh V
    First published: