• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആർ എസ് പി നേതാവ് ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു

ആർ എസ് പി നേതാവ് ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

  • Share this:
കൊല്ലം: ആര്‍ എസ് പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചചൂഡന്‍ അന്തരിച്ചു. 82 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ആർ എസ് പി സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച നടക്കും.

കോളേജ് അധ്യാപകനായിരുന്ന ചന്ദ്രചൂഡന്‍ പിഎസ്‌സി അംഗമായിരുന്നു. ആര്യനാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2008 മുതല്‍ 2018 വരെയാണ് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഈ മാസം നടന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരുന്നു.

ആർ എസ് പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ പി എസ് യുവിലൂടെ പൊതുരംഗത്തു വന്ന ചന്ദ്രചൂഡന്‍ പി എസ് യുവിന്‍റെ സംസ്ഥാന പ്രസിഡന്റും പി വൈ എഫിന്‍റെ സംസ്ഥാന പ്രസിഡന്റും ആയിരുന്നു. 1975 ല്‍ ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും 1990ല്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1999 ല്‍ സംസ്ഥാന സെക്രട്ടറി ആയ അദ്ദേഹം 16 , 17 ദേശീയ സമ്മേളനങ്ങളുടെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനങ്ങളില്‍ സെക്രട്ടറിയായി.

2005 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരിക്കെ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ നടത്തിയ രാഷ്ട്രീയ വിശദീകരണ ജാഥ ക്യാപ്റ്റനായിരുന്നു. 2008 ഫെബ്രുവരി 21 മുതല്‍ 24 വരെ ഡല്‍ഹിയില്‍ നടന്ന പതിനെട്ടാം ദേശീയ സമ്മേളനത്തിലും 2012 ഏപ്രില്‍ 20 മുതല്‍ 23 വരെ പശ്ചിമ ബംഗാളിലെ ആലിപ്പൂര്‍ ദുവാറില്‍ നടന്ന പത്തൊമ്പതാം ദേശീയ സമ്മേളനത്തിലും 2015 ഡിസംബര്‍ 8 മുതല്‍ 11 വരെ ഡല്‍ഹിയില്‍ നടന്ന ഇരുപതാം ദേശീയ സമ്മേളനത്തിലും ദേശീയ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

പാർട്ടിയെ ദേശീയതലത്തില്‍ നയിക്കാന്‍ ബേബി ജോണ്‍, കേ. പങ്കജാക്ഷന്‍ എന്നിവര്‍ക്കുശേഷം പാര്‍ട്ടി ദേശീയ ജനറല്‍സെക്രട്ടറി പദവിയില്‍ എത്തിയ മലയാളിയാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ ഭരണ കാലയളവില്‍ ഇടതു - യു പി എ കോര്‍ കമ്മിറ്റിയില്‍ ചന്ദ്ര ചൂഡന്‍ അംഗമായിരുന്നു.

കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബി എയും എം എയും ഒന്നാം റാങ്കോടെ പാസായ അദ്ദേഹം 1960 കളില്‍ കെ ബാലകൃഷ്ണന്‍റെ കൗമുദി വാരികയുടെ സഹപത്രാധിപര്‍ ആയി. 1969 - 87 കാലയളവില്‍ ദേവസ്വം കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ: ടി ജെ ചന്ദ്ര ചൂഡന്‍ പി എസ് സി അംഗമായും സേവനം അനുഷ്ഠിച്ചു. 1982 ലും 1987 ലും തിരുവനന്തപുരം വെസ്റ്റിലും 2006 ല്‍ ആര്യനാട് നിന്നും നിയമ സഭയിലേക്കും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായിരുന്ന അദ്ദേഹം കേരള കണ്‍സ്ട്രക്ഷന്‍ ലേബര്‍ യൂണിയന്‍, തയ്യല്‍ തൊഴിലാളി യൂണിയന്‍ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആണ്. കെ. പങ്കജാക്ഷന്‍ ഫൌണ്ടേഷന്‍ പ്രസിഡന്റ്, ടി കെ സ്മാരക ലൈബ്രറി & ലേബര്‍ റിസര്‍ച്ച് സെന്റര്‍‍ പ്രസിഡന്റ് , തിരുവനന്തപുരം പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന യംഗ്സ്റ്റേഴ്സ് ക്ലബ് പ്രസിഡന്‍റ് എന്നീ ചുമതലകളും വഹിക്കുന്നു.

മാര്‍ക്സിസം വര്‍ത്തമാന പ്രസക്തം, രാഷ്ട്രതന്ത്രം, ഫ്രഞ്ച് വിപ്ലവം , അഭിജാതനായ ടി കെ, വിപ്ലവത്തിന്‍റെ മുള്‍പാതയിലൂടെ നടന്നവര്‍, കെ. ബാലകൃഷ്ണന്‍ മലയാളത്തിന്‍റെ ജീനിയസ് എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
Published by:Rajesh V
First published: