• HOME
  • »
  • NEWS
  • »
  • kerala
  • »
  • RSS IS TRYING TO CREATE CONFLICT BETWEEN RELIGIOUS GROUPS SAYS OPPOSITION LEADER VD SATHEESAN KM TV

മത വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കാൻ ആർഎസ്എസ് ശ്രമമെന്ന് വി ഡി സതീശൻ

സംഘപരിവാര്‍ അജണ്ടയില്‍ മുസ്ലീം- ക്രിസ്ത്യന്‍ സമുദായങ്ങള്‍  പെട്ടുപോകരുതെന്നും വി ഡി സതീശൻ പറഞ്ഞു

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • Share this:
പാലാ ബിഷപ്പ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ നർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിൽ രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐ.ഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുന്നതായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഇത്തരം അക്കൗണ്ടുകൾ  കൈകാര്യം ചെയ്യുന്നത് സംഘപരിവാറുകാരാണ്.  സംഘപരിവാര്‍ അജണ്ടയില്‍ മുസ്ലീം- ക്രിസ്ത്യന്‍ സമുദായങ്ങള്‍  പെട്ടുപോകരുതെന്നും വി ഡി സതീശൻ പറഞ്ഞു.

കേരളത്തില്‍ മതസൗഹാർദ്ദം  നിലനില്‍ക്കണം. ഇത് മോശമാകതിരിക്കാൻ  രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും  ശ്രദ്ധിക്കണം. മാർ ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ചിലര്‍ ബിഷപ്പ് ഹൗസിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയിരുന്നു . ഇതും എതിർക്കപ്പെടേണ്ടതാണ്. പരസ്പരമുള്ള സംഘര്‍ഷങ്ങളും പ്രകോപനങ്ങളും പ്രകടനങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിഷപ്പ് പറഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേകമായി പരിഗണിക്കേണ്ട കാര്യമുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിച്ച് പരിഹരിക്കണം.അല്ലാതെ അതു കൈവിട്ടു പോകുന്ന അവസ്ഥയുണ്ടാകരുത്. കേരളത്തില്‍ സമുദായിക സംഘര്‍ഷം ഉണ്ടാകുന്ന ഘട്ടമുണ്ടായാല്‍ അതില്‍ കക്ഷി ചേരാതെ ഇല്ലാതാക്കാൻ ആകും ശ്രമിക്കുകയെന്നും വി ഡി സതീശൻ പറഞ്ഞു.

മുസ്ലീം വിരുദ്ധത ഉണ്ടാക്കാന്‍ ചിലയാളുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രമിക്കുന്നുണ്ട്. ഇതിനു എതിരായി ക്രൈസ്തവ വിരുദ്ധതയും ഉണ്ടാകും. ഇത് ഇരുമതവിഭാഗങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ അകലും. എന്തിനാണ് കേരളത്തില്‍ അങ്ങനെയൊരു അകല്‍ച്ചയുടെ ആവശ്യം. കേരളത്തിന്റെ സമൂഹിക ഇഴയടുപ്പംകീറിപ്പറിക്കരുത്. ഇതാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും വി ഡി സതീശൻ പറഞ്ഞു

നർക്കോട്ടിക് ജിഹാദ്: പരോക്ഷ വിമർശനവുമായി സ്പീക്കർ എം ബി രാജേഷും

പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ നർക്കോട്ടിക് ജിഹാദ് പ്രസ്താവനക്കെതിരെ പരോക്ഷ വിമർശനവുമായി സ്പീക്കർ എം ബി രാജേഷ്. വിവേകശൂന്യമായ പരാമർശങ്ങൾ ഉത്തരവാദിത്വപ്പെട്ടവർ നടത്തരുതെന്ന് എം ബി രാജേഷ് പറഞ്ഞു.
ഒരുതരത്തിലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകേൾക്കുന്നത്. ഇത് കേരളത്തിന്റെ സാമുദായിക ഐക്യത്തിനും  സൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനും പോറൽ ഏൽപ്പിക്കുന്നതാണ്. വലിയ ആഘാതം ഉണ്ടാകും. ഇങ്ങനെ ആരു പറഞ്ഞാലും അതിന്റെയൊക്കെ പ്രചാരകർ ആകരുതെന്നും എം ബി രാജേഷ് പറഞ്ഞു.

മതനിരപേക്ഷതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും പോറൽ ഉണ്ടാക്കുന്ന ഒന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. ഇതിനായുള്ള നിതാന്ത ജാഗ്രത മാധ്യമപ്രവർത്തകരും പുലർത്തേണ്ട കാലമാണിത്. അത്തരത്തിലുള്ള ജാഗ്രത പുലർത്തിയതിന്റെ ഉജ്ജ്വല മാതൃക ഉണ്ട്. ഓരോ ദിവസവും വിഷം വമിപ്പിക്കുന്ന വാർത്തകളാണ് മാധ്യമപ്രവർത്തകരുടെ മുന്നിലേക്കെത്തുന്നത്. ഇത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാകും. ഇത്തരം വാർത്തകളുടെ പ്രചാരകരായി മാറാതിരിക്കുക. ഇന്നത്തെ കാലത്ത് മാധ്യമങ്ങൾ ഉയർത്തിപ്പിടിക്കേണ്ട മൂല്യമാണ് ഇതൊന്നും സ്പീക്കർ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് അചഞ്ചലമായ മതനിരപേക്ഷ ബോധം ഉണ്ടാവണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും എം ബി രാജേഷ് ഓർമ്മപ്പെടുത്തി.
Published by:Karthika M
First published:
)}