• HOME
 • »
 • NEWS
 • »
 • kerala
 • »
 • ബ്രിട്ടോ മന:സാക്ഷിയുള്ള കമ്യൂണിസ്റ്റുകാരൻ: RSS നേതാവ് സദാനന്ദൻ മാസ്റ്റർ

ബ്രിട്ടോ മന:സാക്ഷിയുള്ള കമ്യൂണിസ്റ്റുകാരൻ: RSS നേതാവ് സദാനന്ദൻ മാസ്റ്റർ

 • Last Updated :
 • Share this:
  തൃശൂർ: അന്തരിച്ച സി പി എം നേതാവ് സൈമൺ ബ്രിട്ടോയെ അനുസ്മരിച്ച് ആർ എസ് എസ് നേതാവ് സദാനന്ദൻ മാസ്റ്റർ. ഫേസ്ബുക്കിലാണ് സദാനന്ദൻ മാസ്റ്റർ സൈമൺ ബ്രിട്ടോയെ അനുസ്മരിച്ച് കുറിപ്പിട്ടത്. മന:സാക്ഷിയുള്ള ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു ബ്രിട്ടോയെന്നാണ് സനാനന്ദൻ മാസ്റ്റർ ഫേസ്ബുക്കിൽ കുറിച്ചത്.

  പ്രിയ സുഹൃത്ത് സൈമൺ ബ്രിട്ടോവിന് ആദരാഞ്ജലികൾ എന്നു പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സദാനന്ദൻ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

  പ്രിയ സുഹൃത്ത്....
  സൈമൺ ബ്രിട്ടോവിന് ആദരാഞ്ജലികൾ
  നേരത്തെ പരസ്പരം അറിയാമായിരുന്നെങ്കിലും സൈമൺ ബ്രിട്ടോയുമായി നേരിട്ട് ഇടപഴകാൻ അവസരമുണ്ടായത് ഈയടുത്താണ്. സംഘ പ്രസ്ഥാനമായ സക്ഷമ (ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടന) ഇക്കഴിഞ്ഞ ഡിസ.1 ന് എറണാകുളം ഭാസ്ക്കരിയത്തിൽ സംഘടിപ്പിച്ച കടുംബ സംഗമത്തിൽ അതിഥിയായി വന്നെത്തുകയും സക്ഷമയുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്തു അദ്ദേഹം.
  CMP നേതാവ് സി.പി.ജോൺ വഴിയാണ് ബ്രിട്ടോയെ പരിചയപ്പെട്ടത്. SFI യിൽ അവർ സമകാലീനരായിരുന്നു. മാർക്സിസ്റ്റ് അക്രമത്തിന് വിധേയനായതിനു ശേഷം ഞാൻ എറണാകുളം പ്രാന്ത കാര്യാലയത്തിൽ കഴിയുന്നതിനിടയിലൊരു ദിവസം CP ജോൺ എന്നെ കാണാൻ വന്നിരുന്നു. അന്നാണ് സൈമൺ ബ്രിട്ടോയെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തുകയും ചെയ്തത്. മന:സാക്ഷിയുള്ള ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു ബ്രിട്ടോ.
  സക്ഷമയുടെ സംസ്ഥാന സംഘടനാ കാര്യദർശി പ്രദീപ് ജി യുമായുള്ള അടുപ്പമാണ് ബ്രിട്ടോയെ സക്ഷമയുടെ അഭ്യുദയകാംക്ഷിയാക്കിയത്. അന്ന് പരിപാടിക്കു വന്ന ബ്രിട്ടോ ഭാരതീയ പാരമ്പര്യത്തിന്‍റെ മഹത്വവും ശക്തിയും ആവേശപൂർവം അവിടെ അവതരിപ്പിച്ചു. ഉത്തര ഭാരതത്തിലെ യാത്രയ്ക്കിടയിൽ ഗ്രാമവാസികളിൽ നിന്ന് തനിക്ക് ലഭിച്ച സഹാനുഭൂതിയും സ്നേഹവും പരിഗണനയും വികാരവായ്പോടെ സദസുമായി അദ്ദേഹം പങ്കുവെച്ചു. ഭാരതത്തെ അറിയണമെങ്കിൽ കേരളത്തിനു വെളിയിൽ യാത്ര ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവെ ഉത്തര ഭാരതത്തിലെ ജനങ്ങളെക്കുറിച്ച് അവജ്ഞയോടെ മാത്രം സംസാരിക്കുന്ന CPM നേതാക്കളിൽ നിന്ന് എത്ര വ്യത്യസ്തനാണ് ബ്രിട്ടോ എന്ന് കൗതുകപൂർവം ചിന്തിച്ചു.
  ശരീരത്തിന്‍റെ പകുതിഭാഗം നിശ്ചലമായിട്ടും വിശ്വസിക്കുന്ന ആദർശത്തിനും പ്രസ്ഥാനത്തിനും വേണ്ടി ത്യാഗപൂർണമായ പ്രവർത്തനമാണ് ബ്രിട്ടോ കാഴ്ചവെച്ചത്. മഹാരാജാസ് കോളജിലെ SFl നേതാവായിരുന്ന അഭിമന്യുവിനെ ഇസ്ലാമിക ഭീകരർ വധിച്ച സംഭവത്തിൽ പൊലീസും CPM നേതൃത്വവും അനുവർത്തിക്കുന്ന നിസ്സംഗതയിൽ അദ്ദേഹം ഖിന്നനായിരുന്നു.
  ഒരു പക്ഷേ, ബ്രിട്ടോ പങ്കെടുത്ത ഒടുവിലത്തെ പരിപാടിയായിരിക്കും സക്ഷമയുടേത്. അതിനുശേഷം ഞങ്ങൾ തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. അന്ന് സക്ഷമയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഏറെ മതിപ്പോടെ അഭിപ്രായം പറയുകയും വിജയം നേരുകയും ചെയ്തു.
  തൃശൂരിലാണ് അദ്ദേഹത്തിന്‍റെ ഭൗതികദേഹമുള്ളത്. ശാരീരികവൈഷമ്യം കാരണം നേരിട്ടു ചെന്ന് ആദരാഞ്ജലി അർപ്പിക്കാൻ കഴിയാത്തതിൽ വല്ലാത്ത മനസ്സാക്ഷിക്കുത്തുണ്ട്. ഒരു പാട് വേദനയോടെ നല്ല ഹൃദയമുള്ള ആ മനുഷ്യന് യാത്രാമൊഴി..... അന്ത്യപ്രണാമം പ്രിയ സോദരാ....
  - സദാനന്ദൻ മാസ്റ്റർ

  First published: