• HOME
  • »
  • NEWS
  • »
  • kerala
  • »
  • RSS നേതാക്കള്‍ ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത്; കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയത് ദക്ഷിണ ക്ഷേത്ര സമ്പര്‍ക്ക പ്രമുഖ്

RSS നേതാക്കള്‍ ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത്; കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയത് ദക്ഷിണ ക്ഷേത്ര സമ്പര്‍ക്ക പ്രമുഖ്

ആര്‍.എസ്.എസ്. ദക്ഷിണ ക്ഷേത്ര സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാറും സംഘവും ആണ് കോട്ടയത്ത് ദേവലോകം അരമനയിൽ എത്തിയത്. കൂടിക്കാഴ്ചയില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസും പങ്കെടുത്തു.

  • Share this:
ആർഎസ്എസിന്റെ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട നേതാക്കളാണ് ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തി  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായുമായി കൂടിക്കാഴ്ച നടത്തിയത്. ആര്‍.എസ്.എസ്. ദക്ഷിണ ക്ഷേത്ര സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാറും സംഘവും ആണ് കോട്ടയത്ത് ദേവലോകം അരമനയിൽ എത്തിയത്. കൂടിക്കാഴ്ചയില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസും പങ്കെടുത്തു. ആര്‍.എസ്.എസ്. സംഘചാലക് ഡോ. യോഗേഷ് എം, സമ്പര്‍ക്ക പ്രമുഖ് മിഥുന്‍ മോഹന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ. ഈപ്പന്‍ ചെറിയാന്‍ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് മുൻകൂട്ടി നിശ്ചയിച്ച ശേഷമായിരുന്നു കൂടിക്കാഴ്ച. ഏറെക്കാലമായി ഓർത്തഡോക്സ് സഭയുമായി അടുക്കാൻ ഇരിക്കുന്ന ബിജെപി നേരത്തെ പല നീക്കങ്ങളും നടത്തിയിരുന്നു. പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് സഭക്ക് അനുകൂല നിലപാടാണ് ബിജെപിയുടെ പല നേതാക്കളും സ്വീകരിച്ചു വന്നത്. സഭയുമായി അടുക്കാനുള്ള നീക്കങ്ങളുടെ പിന്നാലെയാണ് പള്ളിത്തർക്കത്തിൽ പ്രധാനമന്ത്രിയുമായി ചർച്ചകൾ  സംഘടിപ്പിച്ചത് എന്നും വാർത്തകളുണ്ടായിരുന്നു.

ബിജെപിയുമായി ഏറെ അടുപ്പമുള്ള അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ ഗീവർഗീസ് മാർ യൂലിയോസ് ആണ് ചർച്ചകളിൽ പങ്കെടുത്ത പ്രധാനപ്പെട്ട ഒരാൾ. അദ്ദേഹം നേരത്തെ പ്രധാനമന്ത്രിയുമായി അടക്കം കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുജറാത്തിൽ നിന്നുള്ള ആത്മീയ നേതാവ് എന്ന നിലയിൽ ആയിരുന്നു മുൻപ് നരേന്ദ്രമോദിയുമായി സൗഹൃദത്തിൽ എത്തിയത്. നേരത്തെ പല ബിജെപി നേതാക്കളെയും ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് എത്തിച്ചതിനുപിന്നിൽ അദ്ദേഹത്തിന് പങ്കുണ്ട്.

അതേസമയം കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയനിറം നൽകേണ്ടതില്ലെന്ന നിലപാടിലാണ് ആർഎസ്എസും ഓർത്തഡോക്സ് സഭയും. തികച്ചും സൗഹാർദ്ദ അന്തരീക്ഷത്തിൽ നടന്ന കൂടിക്കാഴ്ചയാണ്  ഉണ്ടായതെന്ന് ഓർത്തഡോക്സ് സഭാ നേതൃത്വം വിശദീകരിക്കുന്നു. വിവിധ സ്ഥലങ്ങളിൽ സമ്പർക്കം നടത്തുന്നതിന്റെ ഭാഗമായാണ് ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെ കണ്ടത് എന്നും ആർഎസ്എസ് നേതാക്കൾ വിശദീകരിക്കുന്നു.

ഏതായാലും ആർഎസ്എസ് നേതാക്കൾ നേരിട്ട്  ചടങ്ങുകൾക്ക് ഒന്നുമല്ലാതെ ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് എത്തിയെന്നതാണ് ശ്രദ്ധേയം. കേരളത്തിൽ ക്രൈസ്തവസഭകളുടെ പിന്തുണയില്ലാതെ അധികാരത്തിലേക്ക് എത്താൻ ആകില്ല എന്ന ചിന്ത ബിജെപിക്ക് ഉണ്ട്. ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള ഓർത്തഡോക്സ് സഭയുമായി വലിയ അടുപ്പത്തിലാണ്. സഭ നടത്തുന്ന പ്രധാനപ്പെട്ട പരിപാടികളെല്ലാം അതിഥിയായി എത്തുന്നത് പി എസ് ശ്രീധരൻ പിള്ള ആണ്.

അതേസമയം ബിജെപിയുമായി അടുക്കുന്നതിൽ ഓർത്തഡോക്സ് സഭയിൽ ഒരു വലിയ വിഭാഗത്തിനു കടുത്ത എതിർപ്പുണ്ട്. കേരളത്തിനു പുറത്ത് ക്രൈസ്തവർ ആക്രമിക്കപ്പെടുന്നത് അടക്കമുള്ള കാര്യങ്ങൾ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ഏതായാലും ആർഎസ്എസ് നേതാക്കളുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന കാതോലിക്കാ ബാവാമാരുടെ കബറുകള്‍ ആർഎസ്എസ് സംഘം സന്ദര്‍ശിക്കുകയും പുഷ്പചക്രം സമര്‍പ്പിക്കുകയും ചെയ്തു.
Published by:Sarath Mohanan
First published: