കണ്ണൂർ: പാനൂർ പുല്ലൂക്കരയില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് പാറാല്‍ മന്‍സൂറിന്റെ വീട് ആര് എസ് എസ് നേതാക്കളായ വത്സന് തില്ലങ്കേരി, വി. ശശിധരന് എന്നിവര്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആർ എസ് എസ് നേതാക്കൾ ആശ്വസിപ്പിച്ചു. ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് കെ പി ജിഗീഷ് മാസ്റ്റര്‍, ബി. ജെ. പി മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കൊച്ചിയങ്ങാടി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
അതിനിടെ മുസ്ലീംലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും.
കേരളത്തിനു പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള അദ്ദേഹം തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐ.ജി ജി.സ്പര്‍ജന്‍കുമാര്‍ അന്വേഷണം ഏകോപിപ്പിക്കും എന്നാണ് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വിക്രമനാണ് അന്വേഷണച്ചുമതല.
ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ്
പാനൂർ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂറിന് നേരെ ആക്രമണം നടന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിൽ സിപിഎം പ്രവർത്തകരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മൻസൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിനിടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
Also Read-
'പാനൂർ കൊലക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ട്; യുഎപിഎ ചുമത്തണം': കെ. സുധാകരന്കേസിൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. പ്രതികൾക്കെതിരെ എന്തുകൊണ്ട് യുഎപിഎ വകുപ്പ് ചുമത്തുന്നില്ല എന്നാണ് കഴിഞ്ഞ ദിവസം കെ സുധാകരൻ ചോദിച്ചത്. ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മന്‍സൂര്‍ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തില്‍ തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരൻ പറഞ്ഞിരുന്നു.
മന്‍സൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തിൽ അവിശ്വാസം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മന്‍സൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്ന റിപ്പോർട്ട് എത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.