കോട്ടയം: മുണ്ടാർ തുരുത്തിൽ വള്ളം മറിഞ്ഞ് മുൻ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വിജിലൻസിൽ നിന്ന് വിരമിച്ച മുണ്ടാർ പുത്തൻപുരയിൽ വി ശശിധരൻ(72) ആണ് ഇന്നലെ കരിയാറിൽ വള്ളം മറിഞ്ഞ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാനായാണ് ശശിധരൻ വഞ്ചിയിൽ കയറിയത്.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ സംഭവം. രാവിലെ പെൻഷൻ വാങ്ങുന്നതിനായി ശശിധരൻ തുരുത്തിൽ നിന്ന് പുറത്തു വന്നിരുന്നു. പെൻഷൻ വാങ്ങി തിരിച്ചെത്തിയപ്പോഴാണ് നെഞ്ചു വേദനയും ക്ഷീണവും അനുഭവപ്പെട്ടത്. തുടർന്ന് വീട്ടിലേക്ക് എത്തും മുൻപ് തന്നെ തൊട്ടടുത്ത വീട്ടിൽ വിശ്രമിച്ചു. ഇതിനുശേഷമാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
സ്വയം വള്ളം തുഴഞ്ഞാണ് ശശിധരൻ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഇതിനിടെ വള്ളം കരിയാറ്റിൽ മറിയുകയായിരുന്നു. വള്ളം മറിയുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി മറ്റു വള്ളങ്ങളിൽ എത്തി ശശിധരനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Also Read-
ജപ്തി ഒഴിവാക്കാന്‍ നല്‍കിയ പണം തിരിച്ചെടുക്കാന്‍ ജീവനക്കാര്‍ക്ക് CITU നിര്‍ദേശം
നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിൽ എഴുനൂറിലേറെ കുടുംബങ്ങളാണ് കഴിയുന്നത്. മൂന്നു വർഷം മുൻപ് മുണ്ടാറിലെ ജനങ്ങളുടെ ദുരിതം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ സംഘത്തിന്റെ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചിരുന്നു. പ്രാദേശിക മാധ്യമ പ്രവർത്തകനായ സജിയും, മാധ്യമ സ്ഥാപനത്തിന്റെ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ബിപിനും ആണ് അന്ന് മരിച്ചത്. മുണ്ടാറിൽ പാലം കൊണ്ടുവരുമെന്ന് അന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. അപകടമുണ്ടായി മൂന്നു വർഷം പിന്നിടുമ്പോഴും അധികൃതർ വാക്കുപാലിച്ചിട്ടില്ല.
Also Read-
ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദ മഹീന്ദ്ര ഥാർ ലേലം; പരാതിക്കാരുട ഹിയറിങ് ഏപ്രിൽ 9 ന്
മുണ്ടാറിൽ നിന്നും കായൽ മാർഗം വള്ളം തുഴഞ്ഞ് കരിയാർ വഴിയോ കൊല്ലങ്കേരി തോട് വഴിയോ വേണം നാട്ടുകാർക്ക് പുറംലോകത്ത് എത്താൻ. 15 മീറ്ററോളം ദൂരം വള്ളം തുടങ്ങിയ ശേഷമാണ് ശശിധരന്റെ വള്ളം മറിഞ്ഞത്. അടിയന്തര സാഹചര്യത്തിൽ ചികിത്സ ലഭിക്കുന്നതിന് ഉൾപ്പെടെ നേരത്തെയും മുണ്ടാർ നിവാസികൾ ദുരിതമനുഭവിച്ചു വരികയാണ്. പക്ഷേ അധികൃതർ കടുത്ത അവഗണന കാട്ടുന്നതായാണ് ഇപ്പോഴും നാട്ടുകാർ പറയുന്നത്.
മരിച്ച ശശിധരന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കോടതി ജീവനക്കാരനായ ജിത്തു മകനാണ്. കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരി നീതു മകളും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.