തിരുവനന്തപുരം: റൂൾസ് ഓഫ് ബിസിനസ് ഭേദഗതി സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി. ഉപസമിതി വീണ്ടും ചേരണമെന്നും അന്തിമ റിപ്പോർട്ടാകാൻ രണ്ടാഴ്ച സമയമെടുക്കുമെന്നും സമിതി കൺവീനർ മന്ത്രി എ.കെ.ബാലൻ വിശദീകരിച്ചു.
റൂൾസ് ഓഫ് ബിസിനസ് സംബന്ധിച്ച നിർദേശങ്ങൾ വിവാദമായ ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗം ആയിരുന്നു ഇന്നത്തേത്. ഈ യോഗത്തിലാണ് മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് വേഗത്തില്‍ സമർപ്പിക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നു എന്നനിലയിൽ ഭേദഗതിയെപ്പറ്റി പുറത്തുവന്ന വാർത്തകളിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്.
സർക്കാർ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് വിവാദമായത്. അതിനാൽ ഇക്കാര്യത്തിൽ വ്യക്തത വേണം. മന്ത്രിമാരുടെ അധികാരം കുറയുകയും വകുപ്പ്സെക്രട്ടറിമാർക്ക് അധികാരം കൂട്ടുകയും ചെയ്യുന്ന നിർദേശങ്ങളാണ് ആദ്യ ഉപസമിതി യോഗത്തിൽ ഘടകകക്ഷി മന്ത്രിമാർ എതിർത്തത്. കരട് റിപ്പോർട്ടിൽ വരുത്തേണ്ട മാറ്റങ്ങൾ ആലോചിക്കാൻ വീണ്ടും ഉപസമിതി ചേരും. ഇതിന് ശേഷമേ അന്തിമ റിപ്പോർട്ട്തയാറാക്കാൻ കഴിയൂ എന്ന് ഉപസമിതി കൺവീനർ എ കെ ബാലൻ പറഞ്ഞു.
ഉപസമതി യോഗം ഇനി അടുത്തായാഴ്ചയേ നടക്കൂ. അതുകൊണ്ട് രണ്ടാഴ്ച കഴിഞ്ഞ് ചേരുന്ന മന്ത്രിസഭാ യോഗത്തിലേ റിപ്പോർട്ട് വയ്ക്കാനാവൂ എന്നും മന്ത്രി ബാലൻ അറിയിച്ചു. ഉപസമിതി യോഗത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ഘടകക്ഷി മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ ഒന്നും മിണ്ടിയില്ല. ഫയൽ നീക്കം വേഗത്തിലാക്കാനുള്ള ശുപാർശകൾ റൂൾസ് ഒഫ് ബിസിനസ് ദേദഗതിയിൽ ഉണ്ടാകും. എന്നാൽ വിവാദ നിർദ്ദേശങ്ങൾ ഒഴിവാക്കിയാകും ഭേദഗതി കൊണ്ടു വരിക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cabinet Meeting Decisions, Chief Minister Pinarayi Vijayan, Ldf government