മീശ പിരിച്ച് കേരളം; ഹരീഷിന് പിന്തുണ

News18 Malayalam
Updated: July 22, 2018, 9:25 PM IST
മീശ പിരിച്ച് കേരളം; ഹരീഷിന് പിന്തുണ
  • Share this:
തിരുവനന്തപുരം: ഭീഷണിയെ തുടര്‍ന്ന് 'മീശ' എന്ന നോവല്‍ ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച എസ്. ഹരീഷിന് പിന്തുണയുമായി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും.

ഹിന്ദു വിരുദ്ധമായ പരാമര്‍ശങ്ങള്‍ നോവലിലുണ്ടെന്ന് കാണിച്ച് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്ത് വന്നിരുന്നു. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ.

 


സര്‍ക്കാര്‍ പിന്തുണ നല്‍കും:  ജി സുധാകരന്‍ 


എസ് ഹരീഷിനെ പിന്തുണച്ച് മന്ത്രി ജി സുധാകരന്‍ രംഗത്തെത്തി. എസ് ഹരീഷിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതായി മന്ത്രി പറഞ്ഞു. ഭീഷണിയെ പൗരസമൂഹം എതിര്‍ക്കണം. മീശ നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുതെന്നും മതമൗലിക വാദികളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തരുതെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.

കേരളത്തിന് നാണക്കേട്:  ചെന്നിത്തല


എസ്. ഹരീഷിന്റെ നോവല്‍ പിന്‍വലിക്കേണ്ടിവന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല. ഇഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയും കായികമായി ഇല്ലാതാക്കുകയുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നു. ഹരീഷിനെയും കുടുംബാംഗങ്ങളെയും മോശമായി ചിത്രീകരിച്ചിട്ടും ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ മൗനം ദുരൂഹമെന്നും ചെന്നിത്തല പറഞ്ഞു.

മൂന്നാമധ്യായം ചരിത്രത്തില്‍ നിലനില്‍ക്കും: എം. മുകുന്ദന്‍


'മീശ' എന്ന നോവല്‍ ചരിത്രത്തില്‍നിന്നും മാഞ്ഞുപോകില്ല. പ്രസിദ്ധീകരിച്ച മൂന്നാമധ്യായം ചരിത്രത്തില്‍ എക്കാലത്തും നിലനില്‍ക്കും. വര്‍ഗീയ വിരുദ്ധമായി ചിന്തിക്കുന്ന മനുഷ്യര്‍ അത് എക്കാലവും കൊണ്ടുനടക്കും.

മഹാഭാരതത്തിന്റെ, രാമായണത്തിന്റെ, ഗംഗാനദിയുടെ, ഹിമാലയത്തിന്റെ മാത്രം ഇന്ത്യയെയാണ് ഹിന്ദു വര്‍ഗീയവാദികള്‍ ഉണ്ടാക്കുന്നത്. ദാരിദ്ര്യമുള്ള ഇന്ത്യയെ അവര്‍ കാണുന്നില്ല. പശു ഒരു സാധുമൃഗമാണ് എന്നാണ് നാം ബാല്യത്തില്‍ സ്‌കൂളില്‍ പഠിച്ചത്. ആ സാധുമൃഗത്തെ ഇന്ന് ക്രൂരതയുടെ പര്യായമാക്കിയിരിക്കുന്നു.

സംഘപരിവാര്‍ ആക്രമണം അവസാനിപ്പിക്കണം;  എം.എ. ബേബി


എഴുത്തുകാരനു നേരെ ഉണ്ടായ അക്രമണ ഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുണ്ടായ ശ്രമത്തെയും തുടര്‍ന്നാണ് ഈ നോവല്‍ പ്രസിദ്ധീകരണം നിറുത്തുന്നതെന്ന് എഴുത്തുകാരന്‍ പറഞ്ഞതായാണ് വാര്‍ത്ത. പെരുമാള്‍ മുരുകനു നേരെ തമിഴ്നാട്ടില്‍ ചില ജാതി സംഘടനകളെ മുന്‍നിറുത്തി ആര്‍ എസ് എസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് മുരുകന്‍ എഴുത്തു നിറുത്തിയതിന് സമാനമായ സാഹചര്യമാണിത്. പക്ഷേ, ഇതു കേരളമാണെന്നും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും നേരെ ഭീഷണി ഉയര്‍ത്താന്‍ ഇവിടെ ആര്‍ക്കും ആവില്ലെന്നും ആര്‍എസ്എസിനെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഭീഷണിക്ക് ഹരീഷ് വഴങ്ങരുതെന്നും നോവല്‍ പ്രസിദ്ധീകരണം തുടരണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഒന്നിച്ചുനിന്ന് നേരിടണം: സച്ചിദാനന്ദന്‍


നോവല്‍ പിന്‍വലിച്ചെ വാര്‍ത്ത അത്യന്തം ഉത്കണ്ഠാജനകമാണ്. ഇത്തരം ഒരു അവസ്ഥയില്‍ എഴുത്തുകാരനെ കൊണ്ടെത്തിച്ച സാഹചര്യം കേരളത്തില്‍ വലതുപക്ഷത്തുനിന്ന് ആവിഷ്‌കാരസ്വാതന്ത്ര്യം നേരിടുന്ന ഭീഷണിയുടെ ഇരുണ്ട സൂചനയാണ്. കേരളത്തിലെ എഴുത്തുകാരും കലാകാരന്മാരും ലിംഗ-മത-കക്ഷി ഭേദമെന്യേ ഒന്നിച്ചുനിന്ന് ഈ ഭീഷണിയെ നേരിടേണ്ടിയിരിക്കുന്നു. -

നോവൽ പിൻവലിച്ചത് നിർഭാഗ്യകരം: വൈശാഖൻ


നോവൽ പിൻവലിക്കാനുണ്ടായ സാഹചര്യം നിർഭാഗ്യകരം. ആവിഷ്കാര സ്വാതന്ത്യത്തിന്‍റെ പരിധിയും പരിമിതിയും നിശ്ചയിക്കേണ്ടത് ആവിഷ്കർത്താവാണ്. രചന പിൻവലിക്കേണ്ട ആവശ്യമില്ലായിരുന്നു.

 


പോൾ സക്കറിയ


മലയാളികളെയും കേരള സംസ്കാരത്തേയും കരിതേച്ച മതഭ്രാന്തന്മാർക്കേതിരെ, ഹരീഷിനൊപ്പം!


ഇതിലെ വൈകൃതം തിരിച്ചറിയപ്പെടാതെ പോകരുത്: എൻ എൻ കൃഷ്ണദാസ്


'മറ്റേത് സ്ഥാപനം ആയാലും തങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഒരു വരിയെങ്കിലും ഖേദം പ്രകടിപ്പിക്കും.ഇന്ന് മാതൃഭൂമി പുസ്തകോത്സവം ഡിവൈഎഫ്ഐ സംരക്ഷണ വലയിലാണ് എന്ന് ആ പത്രം തന്നെ എ‍ഴുതുമ്പോൾ അതിലെ കാവ്യനീതി തിരിച്ചറിയപ്പെടാതെ പോകരുത്. പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ കേരളം നേടിയെടുത്തതാണ് ആവിഷ്കാര സ്വാതന്ത്ര്യം.അതിന്‍റെ കടക്കൽ കത്തി വീ‍ഴുമ്പോൾ "ഞങ്ങൾ പൊല്ലാപ്പിനൊന്നുമില്ലേ,നിങ്ങളൊക്കെ വന്ന് ശരിയാക്കിത്തരണം"എന്ന് മാതൃഭൂമി പറയുമ്പോൾ അതിലെ വൈകൃതം തിരിച്ചറിയപ്പെടാതെ പോകരുത്.

First published: July 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading