ഇടുക്കി: സിപിഎം (CPM) നേതൃത്വത്തിനെതിരെ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ (S Rajendran). കാലങ്ങളായി നടന്നു വന്ന ഗൂഢാലോചനയുടെ ഫലമായാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത് എന്നും ചിലരെ പ്രധാന സ്ഥാനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടിയാണ് തന്നെ ഇത്തരത്തിൽ ഒഴിവാക്കിയതെന്നും താൻ ജാതി പരാമർശം നടത്തിയിട്ടില്ല എന്നും എസ്. രാജേന്ദ്രൻ മൂന്നാറിൽ പറഞ്ഞു. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. രാജയ്ക്കെതിരെ ജാതി പറഞ്ഞ് വോട്ട് തിരിച്ച് പരാജയപ്പെടുത്തുന്നതിനുള്ള അതിഹീനമായ ശ്രമം എസ് രാജേന്ദ്രൻ നടത്തിയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മദ്രാസ് പറയനാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തിരുനെല്‍വേലി പറയനാണെന്നും രാജേന്ദ്രന് സ്വാധീനമുള്ള മേഖലകളില്‍ പ്രചരിപ്പിച്ചതായി സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തി. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ജില്ലാ കമ്മറ്റിയംഗമെന്ന നിലയില്‍ രാജേന്ദ്രന് ചുമതല നല്‍കിയിരുന്ന ലോക്കല്‍ കമ്മറ്റികളിലും ബൂത്ത് കമ്മറ്റികളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കാന്‍ തയ്യാറായില്ലെന്നും സിപിഎം കണ്ടെത്തി.
നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ് രാജേന്ദ്രൻ
സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കിയ ശേഷം അഭിപ്രായപ്രകടനങ്ങൾ നടത്താതെ ഏറെ നാളുകളായി മാറി നിന്നിരുന്ന എസ് രാജേന്ദ്രൻ ഇന്ന് തൻറെ നിലപാടുകൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ്കാലത്ത് CPM സ്ഥാനാർഥിയെ തോൽപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തി എന്ന ആരോപണം തികച്ചും ശരിയല്ലെന്നും ഇത് ഗൂഢാലോചനയുടെ ഫലമായി തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ മാത്രമാണെന്നും എസ് രാജേന്ദ്രൻ വെളിപ്പെടുത്തി. താൻ മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പിൽ നിന്നും കുറവ് വോട്ടുകളാണ് രണ്ടും മൂന്നും തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതെന്നും ഇപ്പോൾ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകളിലെ കുറവു വന്നതും കാലാനുസൃതം മാത്രമാണെന്നും രാജേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും തന്നെ ആദ്യഘട്ടത്തിൽ മാറ്റിനിർത്തുകയാണ് ഉണ്ടായിരുന്നത്. വോട്ടിംഗിന് ഒരാഴ്ച മുൻപ് മാത്രമാണ് മൂന്നാർ പഞ്ചായത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ അനുവദിച്ചത് എന്നും പറഞ്ഞ രാജേന്ദ്രൻ ട്രേഡ് യൂണിയൻ ഉൾപ്പെടെയുള്ള പല പോഷക സംഘടനകളുടെയും പ്രധാന ഭാരവാഹികളുടെ പ്രവർത്തനങ്ങൾ പോലും അക്കാലത്ത് വിമർശിക്കപ്പെട്ടിരുന്നതാണെന്നും കൂട്ടിച്ചേർത്തു.
എന്നാൽ എം എം മണി ആണോ രാജേന്ദ്രന് എതിരെയുള്ള നടപടികൾക്ക് പിന്നിൽ എന്ന് ചോദിച്ചപ്പോൾ അകാര്യങ്ങൾ വരുംകാലങ്ങളിൽ തെളിയിക്കപ്പെടും എന്നുമാത്രമാണ് രാജേന്ദ്രൻ പറഞ്ഞത്. സിപിഐയിലേക്ക് പോകുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും ഇടതുപക്ഷത്തിന്റെ മറ്റു ചില കേന്ദ്രങ്ങളിൽ തന്നെ പ്രതിഷ്ഠിക്കുന്നതിനുള്ള ചിലരുടെ ഗൂഢാലോചനയുടെ ഫലമായാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വന്നത് എന്ന് രാജേന്ദ്രൻ പറഞ്ഞു. പാർട്ടി പ്രവർത്തനങ്ങളെ സംബന്ധിച്ച് തൽക്കാലം വിട്ടുനിൽക്കുമെന്ന തരത്തിലുള്ള സൂചനകളാണ് രാജേന്ദ്രൻ ഇന്ന് പങ്കു വച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ സി വി വർഗീസിനെയും വി.എൻ. മോഹനനേയും വിഷയത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് രാജേന്ദ്രനെതിരെ നടപടി എടുക്കുന്നതിനായി ശുപാർശ ചെയ്തതിൻ പ്രകാരമാണ് കഴിഞ്ഞ ആഴ്ച രാജേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കി കൊണ്ടുള്ള പ്രഖ്യാപനം വന്നത്. പ്രാഥമിക അംഗത്വത്തിൽ നിന്നും ഉൾപ്പെടെ ഒരു വർഷത്തേക്കാണ് മുൻ ദേവികളും എംഎൽഎ കൂടിയായ എസ് രാജേന്ദ്രനെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.
'തെരഞ്ഞെടുപ്പിൽ രാജേന്ദ്രൻ പാർട്ടിക്ക് എതിരായി പ്രവർത്തിച്ചു'
ചെറുതോണി: ദേവികുളം മുന്‍ എംഎല്‍എയും സിപിഐ എം ജില്ലാ കമ്മറ്റിയംഗവുമായിരുന്ന എസ്. രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായി പ്രവർത്തിച്ചതുകൊണ്ടാണ് എസ് രാജേന്ദ്രനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചായായി രണ്ട് തവണ എംഎല്‍എമാരായവര്‍ മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരുന്നു. ഈ തീരുമാനമനുസരിച്ച് സംസ്ഥാനത്തെ 33 പാര്‍ട്ടി എംഎല്‍എമാര്‍ മത്സരരംഗത്തു നിന്ന് മാറി നില്‍ക്കുകയും പാര്‍ട്ടിയും മുന്നണിയും അധികാരത്തില്‍ വരുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ രാജേന്ദ്രന്‍ പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ച് വ്യക്തിതാല്‍പര്യം മുന്‍നിര്‍ത്തി നിലപാടെടുക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച എ. രാജയെ തോല്‍പ്പിക്കുന്നതിനുള്ള എല്ലാവിധ ആസൂത്രിത നീക്കങ്ങളും നടത്തുകയുണ്ടായി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. രാജയ്ക്കെതിരെ ജാതി പറഞ്ഞ് വോട്ട് തിരിച്ച് പരാജയപ്പെടുത്തുന്നതിനുള്ള അതിഹീനമായ ശ്രമം നടത്തി. 'യുഡിഎഫ് സ്ഥാനാര്‍ത്ഥി മദ്രാസ് പറയനാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തിരുനെല്‍വേലി പറയനാണെന്നും' രാജേന്ദ്രന് സ്വാധീനമുള്ള മേഖലകളില്‍ പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ജില്ലാ കമ്മറ്റിയംഗമെന്ന നിലയില്‍ രാജേന്ദ്രന് ചുമതല നല്‍കിയിരുന്ന ലോക്കല്‍ കമ്മറ്റികളിലും ബൂത്ത് കമ്മറ്റികളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കാന്‍ തയ്യാറായില്ല. പങ്കെടുത്ത ചുരുക്കം ചില യോഗങ്ങളിലാകട്ടെ എ. രാജയുടെ പേര് പറയാതിരിക്കാനും ശ്രദ്ധിച്ചു. ഇക്കാര്യം പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചെങ്കിലും രാജേന്ദ്രന്‍ തിരുത്തിയില്ലെന്ന് മാത്രമല്ല കോളനികളിലും ചില രഹസ്യ കേന്ദ്രങ്ങളിലും രാജക്ക് വോട്ട് ചെയ്യരുതെന്ന് അടുപ്പമുള്ള പ്രവര്‍ത്തകരോട് പറയുകയും ചെയ്തു. തെരഞ്ഞെടുപ്പിന്‍റെ പ്രാരംഭഘട്ടത്തില്‍ പുറത്തിറക്കിയ വികസന രേഖയില്‍ രാജേന്ദ്രന്‍റെ പേര് ഇല്ലായെന്ന കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍ തന്നെ വിവാദം സൃഷ്ടിച്ചു. മൂന്നാറില്‍ മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തില്‍ തന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചില്ലെന്നും മൈക്ക് തട്ടിപ്പറിച്ചെന്നും നുണക്കഥകള്‍ പ്രചരിപ്പിച്ച് വീണ്ടും വിവാദം സൃഷ്ടിച്ചുവെന്നും സിപിഎം ആരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Idukki, M.M Mani, Munnar, S Rajendran