• HOME
 • »
 • NEWS
 • »
 • kerala
 • »
 • ശബരിമല: വനിതാ മതിലിനു ശേഷം രണ്ടു യുവതികൾ കയറിയത് തിരിച്ചടിയായി; CPM റിപ്പോർട്ട്

ശബരിമല: വനിതാ മതിലിനു ശേഷം രണ്ടു യുവതികൾ കയറിയത് തിരിച്ചടിയായി; CPM റിപ്പോർട്ട്

ജനങ്ങളുടെ മനോഗതി മനസിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് തുറന്ന് സമ്മതിച്ച് സിപിഎം. വനിത മതിലിന്റെ അടുത്ത ദിവസം ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് അനുഭാവികൾക്കിടയിൽ ആഘാതം സൃഷ്ടിച്ചെന്നും സിപിഎം വിലയിരുത്തുന്നു. മുഖപത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 'കണ്ടുപിടിക്കുക മാത്രമല്ല തിരുത്തേണ്ട ചില ദൗർബല്യങ്ങളുമുണ്ട്' എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ മനോഗതി മനസിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ അക്രമത്തിൽ സിപിഎം മാത്രമാണ് ഉത്തരവാദിയെന്ന പ്രചാരണവും തിരിച്ചടിയായെന്ന് ലേഖനം വ്യക്തമാക്കുന്നു. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കാജനകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

  സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോർട്ട്

  രണ്ട‌് ലോക‌്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്കുശേഷം വരുന്ന ഈ ഫലങ്ങൾ നമ്മുടെ സ്വതന്ത്രമായ ശക്തിയും രാഷ്ട്രീയ ഇടപെടൽശേഷിയും വലിയതോതിൽ ക്ഷയിച്ചു എന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. നമുക്ക‌് ശക്തിയുള്ള സംസ്ഥാനങ്ങളിലെ വോട്ടുവിഹിതത്തിലെ ഇടിവ് വലിയ ഉൽക്കണ്ഠ ഉളവാക്കുന്നു. ജനങ്ങൾ അകന്നതും പരമ്പരാഗത വോട്ടിൽ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാൻ  ആഴത്തിലുള്ള അവലോകനം ആവശ്യമാണ്. നാം കണ്ടുപിടിക്കുക മാത്രമല്ല തിരുത്തുകകൂടി ചെയ്യേണ്ട ചില ദൗർബല്യങ്ങളുണ്ട‌്.

  ബഹുജന പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തുന്നതിൽ വർഗ ബഹുജന സംഘടനകൾ സജീവമായിരുന്നു.  വലിയ ബഹുജന അണിനിരത്തലുകൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്നു. 56 ലക്ഷം സ്ത്രീകൾ പങ്കെടുത്ത ചരിത്രം സൃഷ്ടിച്ച വനിതാമതിലിനു കേരളം സാക്ഷ്യം വഹിച്ചു. ഈ ബഹുജന സമരങ്ങളിൽ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി പരിവർത്തനം ചെയ്യപ്പെട്ടില്ല. നമ്മുടെ സമരങ്ങളിൽ പങ്കെടുക്കുന്ന ജനങ്ങളുടെ രാഷ്ട്രീയവൽക്കരണത്തിൽ നിലനിൽക്കുന്ന ദൗർബല്യം അടിയന്തരമായി പരിഹരിക്കണം.

  also read: മലപ്പുറം വിഭജിച്ച് പുതിയ ജില്ല ഉണ്ടാക്കണോ? KNA ഖാദർ എം.എൽ.എ പറയുന്നു

  യുവജനങ്ങളെ ആകർഷിക്കണം 
  യുവാക്കൾക്ക് പാർടിയോടുള്ള ആകർഷണം പരിമിതമായി തുടരുന്നു. ഇക്കാര്യം നാം തുടർച്ചയായുള്ള പാർടി കോൺഗ്രസിൽ നിരീക്ഷിച്ചു. ഇത‌് പരിഹരിക്കുന്നതിനുള്ള നടപടികൾ തീരുമാനിക്കുകയും ചെയ്തു. ഒന്നുകിൽ അവ നടപ്പാക്കിയില്ല, അല്ലെങ്കിൽ വിജയിച്ചില്ല എന്നു വ്യക്തമാണ്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കിടയിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കുന്നതിലേക്ക് നയിച്ചു.

  സർവകലാശാലകളിലും കോളേജുകളിലും സ്കൂളുകളിലും വിദ്യാർഥിയൂണിയൻ തെരഞ്ഞെടുപ്പ് നടത്താനുള്ള  ജനാധിപത്യാവകാശം രാജ്യത്താകെ ഗുരുതരമായി പരിമിതപ്പെടുത്തപ്പെട്ടിട്ടുണ്ട്. തൊഴിലില്ലായ്മാ നിരക്ക‌് വളരെ ഉയർന്നിരുന്നിട്ടും നമുക്ക് യുവാക്കളെ ഉശിരൻ പ്രക്ഷോഭങ്ങളിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല.
  യുവാക്കളിലേക്ക് എത്താനുള്ള പ്രധാന വഴി സാമൂഹ്യമാധ്യമങ്ങളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആശയവിനിമയവുമാണ്. ഈ ഉപകരണങ്ങളെ ബിജെപി തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാനും യുവാക്കളെ സ്വാധീനിക്കാനുമായി വിജയകരമായി ഉപയോഗിച്ചു. അടിയന്തരമായി ഈ പ്രശ്നം കൈകാര്യം ചെയ്യുകയും അവശ്യംവേണ്ട നടപടികൾ കൈക്കൊള്ളുകയും വേണം.

  നഗര പ്രദേശങ്ങളിൽ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഇടയിൽ പാർടിയോടുള്ള ആകർഷണം കുറഞ്ഞുവരികയാണ്. ഈ സ്ഥിതി തിരുത്തുന്നതിന‌് ചില തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. എന്നാൽ, ഒരു ഫലവും ഉണ്ടായിട്ടില്ല. പല നിയോജകമണ്ഡലങ്ങളിലും ലഭിച്ച മൊത്തം വോട്ടുകൾ വർഗ ബഹുജന സംഘടനകളുടെ മൊത്ത അംഗസംഖ്യയിലും കുറവാണ്. അംഗത്വത്തിന്റെ ഇരട്ടിപ്പ് കണക്കിലെടുത്താൽപോലും ഈ വിടവ്  അറിയിക്കുന്നത് ബഹുജന സംഘടന അംഗങ്ങളുടെ രാഷ്ട്രീയവൽകരണ പ്രക്രിയ വേണ്ടതിലും എത്രയോ അകലെയാണെന്നാണ്.


  പഠിക്കേണ്ട പാഠങ്ങൾ


  പാർടി രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്തുന്നതിലും സംഘടനാശേഷിയും പ്രവർത്തനവും വർധിപ്പിക്കുന്നതിലും രാഷ്ട്രീയ ഇടപെടൽ കഴിവ് വികസിപ്പിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് മോശപ്പെട്ട തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കണം. 2015 ഡിസംബറിൽ ചേർന്ന കൊൽക്കത്താ പ്ലീനം  തീരുമാനങ്ങൾ നടപ്പാക്കിയതിന്റെ വിശദമായ അവലോകനം നടക്കേണ്ടതാണ്. ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനത്തിന്റെ ആവശ്യം തുടർച്ചയായ പ്രമേയങ്ങൾ എടുത്തുകാണിച്ചിട്ടും  നടപ്പാക്കപ്പെട്ടിട്ടില്ല. പാർടിയുടെ എല്ലാ തലങ്ങളിലും ഇലക്ട്രോണിക് വാർത്താ വിനിമയ ശൃംഖല ശക്തിപ്പെടുത്തണം. ജനങ്ങളുടെ പൊള്ളുന്ന പ്രശ്നങളിൽ സമരങ്ങൾ സ്വതന്ത്രമായും സമാനചിന്താഗതിക്കാരായ പാർടികളും സാമൂഹ്യശക്തികളുമായും ചേർന്നു നടത്താനുള്ള പദ്ധതികൾ തയ്യാറാക്കണം.

  പുതിയ വെല്ലുവിളികൾ
  ബിജെപിക്കുണ്ടായ നിർണായക വെല്ലുവിളിയെ തുടർന്ന് ഉയർത്തിക്കൊണ്ടു വരാനിടയുള്ള ആസന്ന വെല്ലുവിളികളെ നേരിടാൻ രാജ്യവും ജനങ്ങളും സ്വയം സന്നദ്ധമാകണം.

  പുതിയ സർക്കാർ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നത് രൂക്ഷമാക്കും.  പരമാവധി ജനവിഭാഗങ്ങളെ അണിനിരത്തുന്നതിലും സമരങ്ങൾ നയിക്കുന്നതിലും പാർടി നേതൃത്വംവഹിക്കണം. ഈ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ വർഗീയ ധ്രുവീകരണം ദൃഢീകരിച്ച പശ്ചാത്തലത്തിൽ വർഗീയശക്തികളുടെ കടന്നാക്രമണം ഇനിയും കൂടുതൽ രൂക്ഷമാകും.

  ഭരണഘടനയ്ക്ക് കീഴിലുള്ള നിയന്ത്രണ സംവിധാനങ്ങളെ എല്ലാം തുരങ്കംവയ്ക്കുന്ന പ്രക്രിയ കൂടുതൽ രൂക്ഷമാകും. ഇത് ആർഎസ്എസിന് ആവശ്യമാണ്. ഭരണഘടനയ്ക്ക് കീഴിലുള്ള  അധികാരസ്ഥാനങ്ങളുടെ പ്രതിരോധവും ശക്തിപ്പെടുത്തലും നമ്മുടെ സംഘടിതപ്രചാരണങ്ങളുടെ സ്ഥായിയായ സ്വഭാവമാകണം.

  ജനങ്ങൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കും. വിയോജിപ്പിനെ അമർച്ചചെയ്യാൻ നിയമപരമായ പീഡനങ്ങളും വേട്ടയാടലും ഉണ്ടാകും. ഈ വെല്ലുവിളിയെ പാർടി വിട്ടുവീഴ്ചയില്ലാതെ നേരിട്ട് പരാജയപ്പെടുത്തണം.

  കടമകൾ
  തൊഴിലാളിവർഗത്തിന്റെയും കർഷകരുടെയും കാർഷകത്തൊഴിലാളികളുടെയും നീറുന്ന പ്രശ്നങ്ങളെ ആധാരമാക്കി വിപുലവും തീവ്രവുമായ സമരങ്ങൾ നടത്തണം. ജനങ്ങൾക്കിടയിലേക്ക് ചെല്ലാൻ പാർടി നേതാക്കൾ മുന്നിട്ടിറങ്ങണം. തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുത്തിട്ടുള്ള യുവാക്കളിൽ വലിയ വിഭാഗങ്ങളെ ബഹുജന സംഘടനകളിലേക്ക് ആകർഷിക്കണം. ഇടത് ശക്തികളുടെ ഐക്യം ശക്തിപ്പെടുത്തണം. കമ്യൂണിസ്റ്റ് പാർടികൾ തമ്മിൽ കൂടുതൽ ഏകോപനമുണ്ടാകണം.

  പ്രത്യയശാസ്ത്രപരമായ സംഘടിതപ്രചാരണം ശക്തിപ്പെടുത്തണം.  പാർടിയുടെ ദൈനംദിന പ്രവർത്തനത്തിൽ ആധുനിക വാർത്താവിനിമയ രീതികളെയും ഉപകരണങ്ങളെയും ഉൾക്കൊള്ളിക്കണം.പുതിയ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തിൽ വിദ്യാർഥി സംഘടനയോടൊപ്പം ബുദ്ധിജീവികളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും വിശാലമുന്നണി കെട്ടിപ്പടുക്കണം. വർധിച്ചുവരുന്ന തൊഴിലില്ലായ്മാ പ്രശ്നത്തിൽ പരിപാടികൾ സംഘടിപ്പിക്കണം. ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും സംസ്ഥാന സർക്കാരുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമുള്ള പ്രചാരണങ്ങൾ പാർടി ശക്തിപ്പെടുത്തണം.

  ഉപസംഹാരം
  രാജ്യത്ത് വലതുപക്ഷ രാഷ്ട്രീയ കടന്നാക്രമണത്തെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്. വലത്തോട്ടുള്ള ഈ ഏകീകരണത്തെ ഫലപ്രദമായി ചെറുക്കാനാകുക രാഷ്ട്രീയ ഇടതുപക്ഷത്തിനുമാത്രമാണ്.

  സിപിഐ എമ്മും മറ്റ് ഇടതുപക്ഷവുമാണ് വലതുപക്ഷ കടന്നാക്രമണത്തെ എതിരിടുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവുമായ ശക്തി.  ഇന്നത്തെ പ്രയാസംനിറഞ്ഞ സ്ഥിതിഗതികളിൽ ഈ സമരത്തെ മുന്നോട്ടുകൊണ്ടുപോകും.

  കേരളത്തിലെ പരാജയം മറികടക്കും
  കേരളത്തിലെ തെരഞ്ഞെടുപ്പ‌് പരാജയം മറികടക്കാനുള്ള പരിഹാര നടപടികളുമായി മുന്നോട്ടുപോകാൻ സിപിഐ എം തെരഞ്ഞെടുപ്പ‌് അവലോകന റിപ്പോർട്ടിൽ നിർദേശം. തിരിച്ചടിക്ക‌് ഇടയാക്കിയ പ്രധാന കാരണങ്ങളും കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

  ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണ‌്. സംസഥാന സർക്കാരിന്റെ പ്രകടനത്തെക്കുറിച്ച‌് ജനങ്ങൾക്കിടയിൽ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത‌് തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുന്നതിൽ എന്തുകൊണ്ട‌് പരാജയപ്പെട്ടു എന്നത‌് പരിശോധിക്കണം. വനിതാമതിലിന‌ുശേഷം രണ്ട‌് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത‌് യുഡി‌എഫും ബിജെപിയും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികൾക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചു.

  ബിജെപി കേന്ദ്രത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളിൽ യുഡിഎഫിന‌് അനുകൂലമായി ചുവടുമാറ്റത്തിന‌് ഇടയാക്കി. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിന‌് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന‌് വിശ്വാസം നേടാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട‌്.

  കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കണമെന്നും പാർലമെന്റിൽ കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കണമെന്നുമുള്ള പ്രചാരണം ഈ ചുവടുമാറ്റത്തെ അനായാസമാക്കി. ഈ ആകർഷണം കൂടുതൽ പൊലിപ്പിക്കാനാണ് രാഹുൽഗാന്ധിയെ വയനാട്ടിൽനിന്ന് മത്സരിപ്പിച്ചത‌്. സ്ത്രീകളെ പ്രായഭേദം കൂടാതെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിച്ച സുപ്രീംകോടതിവിധിയെ അനുകൂലിക്കുന്ന നിലപാടാണ് പാർടിയും എൽഡിഎഫ് സർക്കാരും കൈക്കൊണ്ടത്.

  സുപ്രീംകോടതി വിധിയെ പിന്താങ്ങുന്ന ആദ്യനിലപാട് കോൺഗ്രസും ബിജെപിയും തിരുത്തി, പാർടിക്കും എൽഡിഎഫ് സർക്കാരിനും എതിരായി അതിരൂക്ഷമായ പ്രചാരണം സംഘടിപ്പിച്ചു. പതിവായി ഇടതുപക്ഷത്തിന‌് വോട്ട് ചെയ്യാറുള്ളവരിൽ ഒരുവിഭാഗത്തെ ആകർഷിക്കാൻ അവർക്ക് കഴിഞ്ഞു. നമ്മിൽനിന്ന് അകറ്റപ്പെട്ടവർ വിവിധ മണ്ഡലങ്ങളിൽ വ്യത്യസ്ത രീതികളിൽ കോൺഗ്രസിനും ബിജെപിക്കും വോട്ട് ചെയ്തു.

  സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തോൽവി ഉറപ്പാക്കാൻ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച് ബിജെപി അതിന്റെ വോട്ടിന്റെ ഒരുഭാഗം യുഡിഎഫിന് അനൂകൂലമായി ചെയ്തു.

  കേരളത്തിലെ രാഷ്ട്രീയ അക്രമത്തിൽ പാർടി മാത്രമാണ് ഉത്തരവാദി എന്ന വിഷലിപ്തമായ പ്രചാരണം യുഡിഎഫും ബിജെപിയും പ്രമുഖ മാധ്യമങ്ങളും സംഘടിപ്പിച്ചു. സിപിഐ എം ആണ് രാഷ്ട്രീയാക്രമണത്തിന്റെ ആഘാതം പേറേണ്ടിവന്നതെങ്കിലും പാർടിയെ കരിതേച്ചുകാണിക്കാൻ ചിലസംഭവങ്ങളെ ഉപയോഗിക്കുന്നതിൽ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും വിജയിച്ചു. എതിരാളികൾക്ക് പാർടിയെ രാഷ്ട്രീയാക്രമകാരികളായി ചിത്രീകരിക്കുന്നതിന‌് അവസരങ്ങൾ ഉണ്ടാകില്ല എന്ന് പാർടി ഉറപ്പുവരുത്തണം. തെറ്റുകളും കുറവുകളും തിരുത്തുന്നതിനും ഉചിതമായ നടപടികൾ കൈക്കൊള്ളണം.

  തങ്ങളുടെ വോട്ടിൽ ഒരു ഭാഗം യുഡിഎഫിനു കൈമാറിയശേഷവും 15.56 ശതമാനം വോട്ടുകൾ നേടുന്നതിൽ ബിജെപി വിജയിച്ചു. ഇത് അതിയായ ഉൽകണ‌്ഠ ഉളവാക്കുന്ന കാര്യമാണ്. കേരളത്തിൽ ബിജെപിയുടെ വളർച്ച തടയുന്നതിനുള്ള ക്ഷമാപൂർവവും ഏകോപിതവുമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര- സംഘടനാപ്രവർത്തനം ആവശ്യമാണ്.

  ചില പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ പാർടിയുടെ വോട്ടിങ് ശേഷിയിൽ ചോർച്ചയുണ്ടായിട്ടുണ്ട്. പാർടിയുടെ അശ്രാന്തപരിശ്രമവും സർക്കാരിന്റെ നല്ല പ്രവർത്തനവും ഉണ്ടായിട്ടും അടിത്തറ വികസിക്കാത്തത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും അവലോകന റിപ്പോർട്ടിൽ പറഞ്ഞു.
  First published: