പത്തനംതിട്ട: ശബരിമല(Sabarimala) തീര്‍ത്ഥാടകര്‍ക്കായി പത്തനംതിട്ട കെഎസ്ആര്‍ടിസി(KSRTC) ബസ് സ്റ്റാന്‍ഡില്‍ ശബരിമല ഹബ്(Sabarimala Hub) പ്രവര്‍ത്തനമാരംഭിച്ചു. മറ്റിടങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരുമായി എത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പത്തനംതിട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കും. പമ്പയിലേക്കുള്ള അതേ ടിക്കറ്റില്‍ തന്നെ തുടര്‍ന്നും യാത്ര ചെയ്യാന്‍ കഴിയും. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് പത്തനംതിട്ടയില്‍ ഹബ്ബ് പ്രവര്‍ത്തനം ആരംഭിച്ചത്. സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്കുള്ള ഗസ്റ്റ് ഹൗസുകളുടെ നവീകരണവും പുരോഗമിക്കുന്നു.
മറ്റു ജില്ലകളില്‍ നിന്നും പത്തനംതിട്ട വഴി പമ്പയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഇനി പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ബസുകളില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബില്‍ രണ്ടു മണിക്കൂര്‍ സമയം വിശ്രമിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് പത്തനംതിട്ട-പമ്പ കണക്ട് ബസുകളില്‍ യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. പമ്പ വരെയുള്ള യാത്രയ്ക്കായി ആദ്യം സഞ്ചരിച്ച ബസിലെ ടിക്കറ്റ് മതിയാകും. റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് വരുന്ന ബസുകളിലെ തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ നേരിട്ട് അതേബസില്‍ തന്നെ പമ്പയിലേക്ക് പോകാന്‍ കഴിയും. ഹബിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.
ഹബില്‍ നിന്ന് പമ്പയിലേക്ക് പോകുന്ന ബസുകള്‍ ഭക്ഷണത്തിനോ വിശ്രമത്തിനോ ആയി മറ്റെവിടെയും നിര്‍ത്തുകയില്ല. ആവശ്യമെങ്കില്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസുകളും പത്തനംതിട്ടയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യും.
ശബരിമല തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള വിശ്രമകേന്ദ്രം, ഇഎംഎസ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ മെഡിക്കല്‍ എയ്ഡ് പോസ്റ്റ്, കഫേ കുടുംബശ്രീ കെഎസ്ആര്‍ടിസി കാന്റീന് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ശബരിമല ഹബിനോട് അനുബന്ധിച്ചുള്ള സ്റ്റേഷന് മാസ്റ്ററുടെ ഓഫീസും, ബസ് ടെര്‍മിനലിന്റെ മൂന്നാം നിലയില്‍ ഒരുക്കിയിട്ടുള്ള ഓഫീസ് റൂമും മന്ത്രി സന്ദര്‍ശിച്ചു. നൂറ് പേര്‍ക്ക് വിരിവയ്ക്കാനുള്ള സംവിധാനം രണ്ടാം നിലയിലെ വിശ്രമകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരമാണ് പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസുകള്‍ക്കായി 50 ബസുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നത് അനുസരിച്ച് 65 ബസുകളാണ് മൊത്തത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനും ഹബിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും 10 ഇന്‍സ്പെക്ടര്‍മാര്‍, അഞ്ച് സ്റ്റേഷന് മാസ്റ്റര്‍, മൂന്ന് ഗാര്‍ഡ് എന്നിവര്‍ അടങ്ങുന്ന ടീം പ്രവര്‍ത്തിക്കും. കൂടാതെ ഒരു മെക്കാനിക്കല്‍ വാനും ക്രമീകരിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ക്ക് പത്തനംതിട്ടയില്‍ വിശ്രമിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു ദിവസമായി പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ട്രയല്‍ റണ്‍ നടത്തി വരുകയായിരുന്നു.
സന്നിധാനത്തെ ദേവസ്വം ഗസ്റ്റ്ഹൗസുകളിലെ മുറികളുടെ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. സന്നിധാനത്ത് വിരിവയ്ക്കുന്നതിനുള്ള മറ്റ് സ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. സന്നിധാനത്ത് 500 മുറികളുടെ ശുചീകരണം പൂര്‍ത്തിയായി വരുന്നു. സന്നിധാനത്ത് പണം അടയ്ക്കേണ്ടതും അല്ലാത്തതുമായ മുറികള്‍ ഉള്‍പ്പെടെ ആകെ 17,000 പേര്‍ക്ക് വിരിവയ്ക്കാനുള്ള സ്ഥലമാണുള്ളത്. ഭസ്മക്കുളത്തില്‍ കോവിഡ് പഞ്ചാത്തലത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ ഉന്നതതലയോഗം ചര്‍ച്ച ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, Pathanamthitta, Sabarimala