നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല ഹബ്: പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പരീക്ഷണ സര്‍വീസ് ആരംഭിക്കുന്നു

  ശബരിമല ഹബ്: പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പരീക്ഷണ സര്‍വീസ് ആരംഭിക്കുന്നു

  തുടക്കത്തില്‍ 15 ബസുകളാണ് സര്‍വീസ് നടത്തുക. ഇവിടെനിന്നും 24 മണിക്കൂറും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കും.

  News18

  News18

  • Share this:
  ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്റിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍  തിങ്കള്‍ മുതൽ ആരംഭിക്കും. രാവിലെ ഒന്‍പതിന്  പത്തനംതിട്ട-പമ്പ-ചെയിന്‍ സര്‍വീസാണ് ട്രയല്‍ റണ്ണായി ആരംഭിക്കുന്നത്.

  തുടക്കത്തില്‍ 15 ബസുകളാണ് സര്‍വീസ് നടത്തുക. ഇവിടെനിന്നും 24 മണിക്കൂറും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരമാണ് പത്തനംതിട്ടയിലെ കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ദീര്‍ഘദൂര സ്ഥലങ്ങളില്‍ നിന്നും കെ. എസ്. ആര്‍. ടി. സി ബസില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസിലും യാത്ര ചെയ്യാം.

  പത്തനംതിട്ട കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ബസില്‍ നിന്നും ഇറങ്ങി വിശ്രമിക്കുന്നതിനും ആവശ്യമെങ്കില്‍ വിരിവയ്ക്കാനും ടോയ്‌ലറ്റ് സൗകര്യം പ്രയോജനപ്പെടുത്തുവാനും ഭക്ഷണം കഴിക്കുന്നതിനുമായ സൗകര്യവും  ഏര്‍പ്പെടുത്തും. എന്നാല്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് വരുന്ന ബസുകളിലെ തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ നേരിട്ട് അതേ ബസില്‍ തന്നെ പോകുവാന്‍ കഴിയുന്നതും ആവശ്യമെങ്കില്‍ ഹബില്‍ ഇറങ്ങി പത്തനംതിട്ട - പമ്പ ചെയിന്‍ സര്‍വീസിന്‍ യാത്ര തുടരാവുന്നതുമാണ്. ഹബില്‍നിന്ന് പമ്പയിലേക്ക് പോകുന്ന ബസുകള്‍ ഭക്ഷണത്തിനോ വിശ്രമത്തിനോ ആയി മറ്റെവിടെയും നിര്‍ത്തുകയില്ല.

  പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ ഹബില്‍ വിശ്രമത്തിന് രണ്ട്  മണിക്കൂര്‍ സമയമാണ് അനുവദിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ സ്ഥിതിഗതികള്‍ മനസിലാക്കി നാല് മണിക്കൂര്‍ വരെ തുടരാന്‍ അനുവദിക്കും. ഇത്തരം ടിക്കറ്റുകള്‍ പരിശോധിക്കുന്നതിന് ക്യൂ ആര്‍ കോഡ് ഉള്‍പ്പെടെയുള്ള സൗകര്യം ലഭ്യമാക്കും. ആവശ്യമെങ്കില്‍ ഇന്റര്‍‌സ്റ്റേറ്റ് സര്‍വീസുകളും പത്തനംതിട്ടയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യും. പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസുകള്‍ക്കായി 50  ബസുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നത് അനുസരിച്ച് 65 ബസുകളാണ് മൊത്തത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.

  യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനും ഹബിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും 10 ഇന്‍സ്‌പെക്ടര്‍മാര്‍, അഞ്ച് സ്റ്റേഷന്‍ മാസ്റ്റര്‍, മൂന്ന് ഗാര്‍ഡ് അടങ്ങുന്ന ടീം പ്രവര്‍ത്തിക്കും. കൂടാതെ ഒരു മെക്കാനിക്കല്‍ വാനും ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ക്ക് പത്തനംതിട്ടയില്‍ വിശ്രമം അടക്കമുള്ള സൗകര്യം ഏര്‍പ്പെടുത്തും. ടോള്‍ ഫ്രീ- 18005994011ഫോണ്‍: 0468 2222366
  കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7),മൊബൈല്‍ - 9447071021ലാന്‍ഡ്ലൈന്‍ - 0471-2463799
  സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി - (24×7)വാട്‌സാപ്പ് - 8129562972
  ബഡ്ജറ്റ് ടൂറിസം സെല്‍btc.keralartc.gov.inവെബ്‌സൈറ്റ്: www.keralartc.com
  Published by:Sarath Mohanan
  First published:
  )}