നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | ശബരിമല അയ്യപ്പസന്നിധാനം ഭക്തര്‍ക്കായി ഒരുങ്ങി; ഇനി ശരണം വിളിയുടെ നാളുകള്‍

  Sabarimala | ശബരിമല അയ്യപ്പസന്നിധാനം ഭക്തര്‍ക്കായി ഒരുങ്ങി; ഇനി ശരണം വിളിയുടെ നാളുകള്‍

  സന്നിധാനത്തും പമ്പയിലും മഴ ശക്തമായി പെയ്തത് അവസാനവട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ മഴയെ അതിജീവിച്ചും അനിവാര്യമായ ക്രമീകരണങ്ങള്‍ ഭക്തര്‍ക്കായി ഒരുക്കി

  ശബരിമല

  ശബരിമല

  • Share this:
  പത്തനംതിട്ട: ശബരിമല (Sabarimala) മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന് സന്നിധാനവും പരിസരവും ഒരുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും(Travancore Devaswam Board) ജില്ലാ ഭരണ കേന്ദ്രവും വിവിധ വകുപ്പുകളും ചേര്‍ന്നാണ് തീര്‍ത്ഥാടകര്‍ക്കായി  ക്രമീകരണങ്ങള്‍ ഒരുക്കിയത്. സന്നിധാനത്തും (Sannidhanam) പമ്പയിലും മഴ (Rain) ശക്തമായി പെയ്തത് അവസാനവട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ മഴയെ അതിജീവിച്ചും അനിവാര്യമായ ക്രമീകരണങ്ങള്‍ ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സന്നിധാനം, നടപ്പന്തല്‍ നവീകരണം, നടപ്പന്തല്‍ വൃത്തിയാക്കല്‍, ആരോഗ്യ വകുപ്പിന്റെ ആശുപത്രികളുടെ ക്രമീകരണം, സന്നിധാനത്തെയും പരിസരത്തെയും അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റല്‍,  കുടിവെള്ള വിതരണ കിയോസ്‌ക്, പ്രസാദ വിതരണം, ശുചിമുറി സൗകര്യം, ദര്‍ശനത്തിന് വരിനില്‍ക്കുന്നതിനുള്ള ക്രമീകരണം, സുരക്ഷാ ക്രമീകരണം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

  രക്ഷാപ്രവര്‍ത്തനത്തില്‍ പ്രാവീണ്യം നേടിയ ഫയര്‍ഫോഴ്‌സിന്റെ സേനാംഗങ്ങളെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി വിന്യസിച്ചു. കേന്ദ്രസേനയായ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ശബരിമല ഡ്യൂട്ടിക്കായി  എത്തിയിട്ടുണ്ട്. അഗ്‌നിശമന വിഭാഗം അഗ്‌നി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി. ഭക്തര്‍ക്കുള്ള നെയ്യഭിഷേക  പ്രസാദ വിതരണത്തിനും  കൂട്ടം തെറ്റിയാല്‍ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ്‌മെന്റ് നടത്തുന്നതിനുമുള്ള ക്രമീകരണം ദേവസ്വം ബോര്‍ഡ് ഒരുക്കി. തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ ബസുകളും ജീവനക്കാരെയും കെ എസ് ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. ശബരിമല സന്നിധാനത്തും പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണം കെ എസ് ഇ ബി ഒരുക്കി.

  തീര്‍ഥാടനം ആരംഭിക്കാനിരിക്കെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ പോലീസ് സേനയും ജനങ്ങള്‍ക്ക് സഹായവുമായി രംഗത്തുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴയെ അവഗണിച്ചും വിവിധ വകുപ്പുകള്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നതില്‍ അഹോരാത്രയജ്ഞമാണ് നടത്തിയത്.

  ശബരിമല തീര്‍ത്ഥാടനം ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോര്‍ജ്

  ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒക്ടോബര്‍ മാസത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയത്. സംസ്ഥാന തലത്തിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും പ്രത്യേകം യോഗം വിളിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ജീവനക്കാരെ വിന്യസിച്ച് വരികയാണ്. പമ്പയിലും സന്നിധാനത്തും മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കോവിഡിനോടൊപ്പം മഴക്കാലം കൂടിയായതിനാല്‍ തീര്‍ത്ഥാടകരും ജീവനക്കാരും ഒരുപോലെ ശ്രദ്ധിക്കണം.

  എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി. പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 5 സ്ഥലങ്ങളിലായി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവ സജ്ജമാക്കിവരുന്നു. മലകയറ്റത്തിനിടയില്‍ അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഉടന്‍ തൊട്ടടുത്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടേണ്ടതാണ്. തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്.

  Also Read- Sabarimala | മണ്ഡലകാല തീര്‍ഥാടനം; പ്രവേശനം 30,000 പേര്‍ക്ക്; സ്‌പോട്ട് ബുക്കിങ്ങിന് സൗകര്യം ഒരുക്കി

  ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്സറ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.  സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടുകൂടിയ ഡിസ്പെന്‍സറികള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കി. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിക്കും. പമ്പയിലും സന്നിധാനത്തും വെന്റിലേറ്ററുകള്‍ സജ്ജമാക്കി. ഇതുകൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മൊബൈല്‍ മെഡിക്കല്‍ ടീമിനേയും സജ്ജമാക്കി. വിദഗ്ധ വൈദ്യസഹായം ആവശ്യമുളള രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവും ലഭ്യമാണ്. ഇന്ത്യയില്‍ എവിടെ നിന്നും വരുന്ന കാസ്പ് കാര്‍ഡുള്ള തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനത്തെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന എംപാനല്‍ ചെയ്ത എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. സംസ്ഥാനത്തെ 555 സ്വകാര്യ ആശുപത്രികളിലും 194 സര്‍ക്കാര്‍ ആശുപത്രികളിലും ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാണ്. കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്. തൊട്ടടുത്തുള്ള എംപാനല്‍ ചെയ്ത ആശുപത്രികള്‍ക്കായി ദിശ 1056ല്‍ ബന്ധപ്പെടാം.  എല്ലാ ഭാഷകളിലും ആരോഗ്യ വകുപ്പ് അവബോധം പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

  വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  മഴസമയത്തെ മലകയറ്റം പ്രത്യേകം ശ്രദ്ധിക്കണം.മല കയറുമ്പോള്‍ 2 മീറ്റര്‍ ശാരീരിക അകലം സ്വയം പാലിക്കണം.വായും മൂക്കും മൂടുന്ന വിധം മാസ്‌ക് ധരിക്കുക. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തരുത്.ഉപയോഗിച്ച മാസ്‌ക്, പാഴ് വസ്തുക്കള്‍, പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയരുത്.ഇടയ്ക്കിടെ കൈ വൃത്തിയാക്കണം. യാത്രയില്‍ സാനിറ്റൈസര്‍ കരുതേണ്ടതാണ്.വൃത്തിയില്ലാത്ത കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ് സ്പര്‍ശിക്കരുത്.പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ത്ഥാടനം ഒഴിവാക്കുക.3 മാസത്തിനകം കോവിഡ് വന്നവര്‍ക്ക് മല കയറുമ്പോള്‍ ഗുരുതുരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍ തീര്‍ത്ഥാടനത്തിന് മുമ്പ് ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. ഇത്തരക്കാര്‍ പള്‍മണോളജി, കാര്‍ഡിയോളജി പരിശോധന നടത്തുന്നത് അഭികാമ്യമാണ്. കടകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക.ശുദ്ധജലം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
  Published by:Anuraj GR
  First published:
  )}