• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ആര്‍എസ്എസിനെ പഴിചാരാതെ കിരാത വാഴ്ച അവസാനിപ്പിക്കണം'

'ആര്‍എസ്എസിനെ പഴിചാരാതെ കിരാത വാഴ്ച അവസാനിപ്പിക്കണം'

news18

news18

 • Last Updated :
 • Share this:
  കൊച്ചി: ആര്‍എസ്എസിനെ പഴിചാരി ശബരിമലയിലെ കിരാത വാഴ്ചയെ ന്യായികരിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം അപഹാസ്യമാണെന്ന് ശബരിമല കര്‍മ്മ സമിതി. യുവതീ പ്രവേശനം സാദ്ധ്യമാക്കാനുള്ള തിടുക്കത്തില്‍ ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സര്‍ക്കാരെന്ന് പത്രകുറിപ്പിലൂടെ ആരോപിച്ചു. ഹൈക്കോടതി നിരീക്ഷണങ്ങളോട് പ്രതികരിക്കാതെ ആര്‍എസ്എസിനെ പഴിചാരി രക്ഷപെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ശബരിമല കർമസമിതി ആരോപിക്കുന്നു. യുവതികളെ ബോധപൂര്‍വ്വം ശബരിമലയില്‍ എത്തിക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്നത് ഹിന്ദുസംഘടനകളുടെ പ്രഖ്യാപിതനയമാണ്. അതില്‍ രാഷ്ട്രീയമില്ല. ഇതിനെ അനുകൂലിക്കുന്ന എല്ലാ വ്യക്തികളെയും ഒപ്പം കൂട്ടുമെന്നും ശബരിമല കർമസമിതി വ്യക്തമാക്കുന്നു.

  നിലയ്ക്കൽ സമരം പുനഃരാരംഭിക്കാൻ ബി.ജെ.പി; കേന്ദ്രനേതാക്കൾ ശബരിമലയിലേക്ക്

  സന്നിധാനത്ത് ഭക്തര്‍ പ്രതിഷേധമുയര്‍ത്തിയത് അവിടുത്തെ പൊലീസ് വാഴ്ചക്കെതിരെയാണ്. ശരണം വിളിപോലും വിലക്കുന്ന സന്നിധാനത്ത് ശ്മശാന മൂകതയാണ്. കുടിവെള്ളം, ആഹാരം, ശൗചാലങ്ങള്‍ എന്നിവയുടെ അപര്യാപ്തത തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പരിഹാരം കാണാതെ നില്‍ക്കുകയാണ്. കുടിവെള്ളത്തിനായി കരയുന്ന മാളികപ്പുറത്തിന്‍റെയും ചവറ്റു കൂനക്ക് സമീപം കിടന്നുറങ്ങുന്ന കുഞ്ഞുമാളികപ്പുറത്തിന്‍റെയും ദയനീയ ചിത്രങ്ങള്‍ നാം നേരില്‍ കണ്ടതാണ്. അപര്യാപ്തകളുടെ, ആവലാതികളുടെ നേര്‍ക്കാഴ്ചകളാണ് നിലയ്ക്കലും പമ്പയിലും തീര്‍ത്ഥാടന പാതയിലെല്ലായിടത്തും. ഇതിനിടെയാണ് സന്നിധാനത്ത് വിരിവയ്ക്കാനും ശരണം വിളിക്കാനും പോലും അവകാശം നിഷേധിക്കുന്ന നിരോധനാജ്ഞ. ആത്മാഭിമാനവും അവകാശബോധവുമുള്ള ഏതൊരു ഭക്തനും ഇതിനെ ചോദ്യം ചെയ്യും. അവരെ ആര്‍എസ്എസ് ആക്കി തടവിലാക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു.

  ദേവസ്വം മന്ത്രിയുമായി ചര്‍ച്ച, പിന്നെ ശരണംവിളി: ബിജെപി നേതാക്കൾ പൊലീസ് കസ്റ്റഡിയിൽ

  കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ അയ്യപ്പഭക്തര്‍ ശരണം വിളിക്കാനുള്ള അവകാശത്തിനുവേണ്ടി നില ഉറപ്പിച്ചതാണ്. അവരുടെ ആര്‍എസ്എസ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എന്തിന് കുറ്റം കാണണം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരും ശബരിമലയില്‍ എത്തരുതെന്നാണോ മുഖ്യമന്ത്രി പറയുന്നത്. ഭക്തരുടെ ആവലാതികള്‍ അവര്‍ പങ്കുവയ്ക്കരുതെന്നുണ്ടോ. ഒരു പൊതു പ്രവര്‍ത്തകന്‍റെ മനസ് നഷ്ടപ്പെട്ട മുഖ്യമന്ത്രി ഏകാധിപതിയായി മാറുകയാണ്. പൊതുപ്രവര്‍ത്തനത്തിന് ഇടയിലുണ്ടായ പെറ്റിക്കേസുകള്‍ ഉയര്‍ത്തിക്കാട്ടി നാമം ജപിച്ചവരെ ആര്‍എസ്എസ് പ്രവര്‍ത്തകരെന്നും ക്രിമിനലുകളെന്നും മുഖ്യമന്ത്രി മുദ്രകുത്തുകയാണ്. തന്‍റെയും കൂടെയുള്ളവരുടെയും രാഷ്ട്രീയ പശ്ചാത്തലം മുഖ്യമന്ത്രി ഓര്‍ക്കുന്നത് നന്നായിരിക്കും. തരംതാണ രാഷ്ട്രീയമോ ധാര്‍ഷ്ട്യമോ അല്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പക്വതയാണ് മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കര്‍മ്മസമിതി ജനറൽ കൺവീനർ പറഞ്ഞു.

  ഏതുവിധേനയും യുവതി പ്രവേശം സാദ്ധ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ വ്യാമോഹം നടക്കില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പൊലീസ് സ്വീകരിക്കേണ്ട നിലപാടുകളുടെ കാര്യത്തിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണമെന്നും എസ്.ജെ.ആര്‍. കുമാര്‍ ആവശ്യപ്പെട്ടു.
  First published: