ശബരിമല തീര്‍ഥാടനം: മാംസാഹാരത്തിനും വഴിയോരത്ത് ഗ്യാസ് ഉപയോഗിച്ചുളള പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം

വടശ്ശേരിക്കര മുതല്‍ പമ്പ വരെയുള്ള സ്ഥലങ്ങളിലെ കടകളില്‍ ജോലിക്കായി എത്തുന്നവര്‍ക്കും മറ്റ് കരാര്‍ ജോലിക്കായി എത്തുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ നിര്‍ബന്ധമാക്കി.

News18 Malayalam | news18-malayalam
Updated: October 28, 2020, 5:56 PM IST
ശബരിമല തീര്‍ഥാടനം: മാംസാഹാരത്തിനും വഴിയോരത്ത് ഗ്യാസ്  ഉപയോഗിച്ചുളള പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം
ശബരിമല
  • Share this:
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പത്തനംതിട്ട  മുതല്‍ പമ്പ വരെയുള്ള വഴിയോരങ്ങള്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ചു. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും വനംവകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സ്ഥാപിക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

മാംസാഹാരം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും

ഉപയോഗിക്കുന്നതും നിരോധിച്ചു

നിലയ്ക്കല്‍ ബേസ് ക്യാമ്പ് മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ മാംസാഹാരം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും കേരള പോലീസ് ആക്ടിലെ വകുപ്പ് 80 പ്രകാരം നിരോധിച്ചു.

ളാഹ മുതല്‍ സന്നിധാനം വരെ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു

തീര്‍ഥാടനത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴില്‍ വരുന്ന ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. കേരള പോലീസ് ആക്ടിലെ വകുപ്പ് 80 പ്രകാരമാണ് ഉത്തരവ്.

വിവിധ ഭാഷകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ കച്ചവടക്കാര്‍ അമിത വില ഈടാക്കി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി എല്ലാ ഭക്ഷണശാലകളിലും വിവിധ ഭാഷകളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കി.

ജോലിക്ക് എത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്,
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

വടശ്ശേരിക്കര മുതല്‍ പമ്പ വരെയുള്ള സ്ഥലങ്ങളിലെ കടകളില്‍ ജോലിക്കായി എത്തുന്നവര്‍ക്കും മറ്റ് കരാര്‍ ജോലിക്കായി എത്തുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ നിര്‍ബന്ധമാക്കി.ഗ്യാസ് സിലിണ്ടറുകള്‍ ശേഖരിച്ചു വയ്ക്കുന്നത് നിരോധിച്ചു

ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലെ കടകളില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ ശേഖരിച്ചു വയ്ക്കുന്നത് നിരോധിച്ചു. കടകളില്‍ ഒരേസമയം ശേഖരിച്ചു വയ്ക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തുകയും ചെയ്തു.
Published by: Gowthamy GG
First published: October 28, 2020, 5:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading