HOME /NEWS /Kerala / ശബരിമല: സുപ്രീംകോടതിയിലെ പഞ്ച് ഡയലോഗുകൾ

ശബരിമല: സുപ്രീംകോടതിയിലെ പഞ്ച് ഡയലോഗുകൾ

സുപ്രീം കോടതി

സുപ്രീം കോടതി

ശബരിമല സ്ത്രീപ്രവേശന വിധിയില്‍ കടുത്ത വാദപ്രതിവാദങ്ങൾക്കാണ് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്

 • News18
 • 2-MIN READ
 • Last Updated :
 • Share this:

  # എം ഉണ്ണികൃഷ്ണൻ

  ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ കടുത്ത വാദപ്രതിവാദങ്ങൾക്കാണ് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. സ്ത്രീപ്രവേശന വിധിയില്‍ വലിയ പിഴവുകള്‍ ഉണ്ടെന്ന് വിധിയെ എതിര്‍ക്കുന്നവര്‍ വാദിച്ചപ്പോൾ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരും ദേവസ്വം ബോർഡും സ്വീകരിച്ചത്. പഞ്ച് ഡയലോഗുകൾ നിറഞ്ഞതായിരുന്നു പല അഭിഭാഷകരുടെയും വാദങ്ങൾ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയും ജസ്റ്റിസുമാരും വിട്ടുകൊടുത്തില്ല.

  ശബരിമല വാദത്തിനിടെ കേട്ട പഞ്ച് ഡയലോഗുകൾ

  ജയ് ദീപ് ഗുപ്ത, സംസ്ഥാന സർക്കാർ

  "ക്ഷേത്ര പ്രവേശനമാണ് ഏറ്റവും വലിയ അവകാശം. ആരെയും ഒഴിവാക്കാൻ ആകില്ല, വിവേചനം പാടില്ല. ഇതാണ് ഭരണഘടനയുടെ അടിസ്ഥാന തത്വം"

  "സമൂഹത്തിലെ സമാധാനം തകർന്നു എന്നത് കോടതി വിധി പുനഃപരിശോധിക്കാൻ തക്ക കാരണം അല്ല. സമാധാനം പുലരുമെന്നാണ് പ്രതീക്ഷ. സാഹചര്യങ്ങൾ മാറും."

  "തുല്യതയാണ് വിധിയുടെ അടിസ്ഥാനം. തൊട്ടുകൂടായ്മ അല്ല. ആചാരം മൗലികാവകാശങ്ങൾക്ക് വിധേയമാണ്"

  രാകേഷ് ദ്വിവേദി, ദേവസ്വം ബോർഡ്

  "ആർത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനിൽപ്പില്ല"

  "എല്ലാ വ്യക്തികളും തുല്യർ ആണെന്നതാണ് മതത്തിന്റെ അടിസ്ഥാനം. എല്ലാവർക്കും തുല്യ അവകാശം. പ്രവേശനത്തിനോ ആരാധനയ്ക്കോ തുല്യ അവകാശം നിഷേധിക്കാൻ ആകില്ല."

  "സുപ്രധാന വിധി കൊണ്ടുവന്ന മാറ്റം ഇതിനെ എതിർക്കുന്നവർ പോലും അംഗീകരിച്ചേ മതിയാകൂ."

  "സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശങ്ങൾ എന്നതാണ് ശബരിമല വിധിയുടെ അന്തസത്ത. ഇതാണ് സമൂഹത്തിന്റെ അടിസ്ഥാന മൂല്യം."

  " എല്ലാവരെയും ഉൾക്കൊള്ളിച്ചു പോകേണ്ട സമയമാണ് ഇത്. സമൂഹം മുന്നോട്ടാണ് പോകേണ്ടത്."

  "ജൈവശാസ്‌ത്ര പരമായ കാരണങ്ങളാൽ സ്ത്രീകളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ആകില്ല. സമൂഹത്തിന്റെ ഒരു മേഖലയിലും സ്ത്രീകളെ മാറ്റിനിർത്താൻ ആകില്ല. തുല്യത ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യത ഉണ്ട്."

  ഇന്ദിര ജയ്സിങ്, ബിന്ദുവിനും കനക ദുർഗയ്ക്കും വേണ്ടി

  " സ്ത്രീകളെ മാറ്റിനിർത്താൻ ഇപ്പോഴും ശ്രമം നടക്കുന്നു. ശുദ്ധി ക്രിയ നടത്തിയത് തൊട്ടു കൂടായ്മ ഉണ്ടെന്നതിന് തെളിവ്."

  "ശബരിമല പൊതു ക്ഷേത്രമാണ്. ആരുടെയും കുടുംബ ക്ഷേത്രമല്ല."

  "നിയമപരമായി സ്ത്രീകളെ ക്ഷേത്ര പ്രവേശനത്തിൽ നിന്ന് വിലക്കാൻ ആകില്ല. സ്ത്രീകൾക്ക് ക്ഷേത്രത്തിൽ കയറണമെന്ന് തോന്നിയാൽ അത് തടയാൻ ആർക്കും ആകില്ല. അവർ കയറും. നിയമം അങ്ങനെയാണ്."

  "മനസാക്ഷിയുടെ സ്വാതന്ത്ര്യം ആണ് പരമം"

  "സ്ത്രീകൾ യുദ്ധത്തിന് പോകാറില്ല.

  അക്രമം സ്ത്രീകളുടെ സ്വഭാവം അല്ല.വിധി മറിയിച്ചായിരുന്നെങ്കിൽ സ്ത്രീകൾ അക്രമം നടത്തുമായിരുന്നില്ല. നിയമം അനുവദിക്കുന്ന പുനപരിശോധന ഹർജിയോ തിരുത്തൽ ഹർജിയോ ഞങ്ങൾ നൽകുമായിരുന്നു"

  "ദൈവത്തിന് ലിംഗ വ്യത്യാസം ഇല്ല. സ്ത്രീകളും വ്യക്തികളാണ് ശുദ്ധി ക്രിയ സ്ഥാപിക്കുന്നത് സ്ത്രീ മലിനയെന്ന്."

  "ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തിൽ ഏറ്റ മുറിവ്"

  ജസ്റ്റിസ് ആർ.എഫ് നരിമാൻ

  "ചരിത്രത്തിൽ ഒരുപാട് സ്ത്രീകൾ യുദ്ധം ചെയ്തിട്ടുണ്ട്. റസിയ സുൽത്താന അടക്കമുള്ളവർ"

  (സ്ത്രീകൾ യുദ്ധം ചെയ്യാറിലെന്ന് ഇന്ദിരാ ജയ്സിങ് പറഞ്ഞപ്പോൾ)

  "പട്ടിക ജാതി സ്ത്രീകൾ അവിടെ വന്നാൽ അവരുടെ തോന്നൽ എന്താകുമെന്നു ആലോചിച്ചിട്ടുണ്ടോ?"

  "വിധിയുടെ അടിസ്ഥാനം തൊട്ടുകൂടായ്മ മാത്രമല്ല"

  (എൻഎസ്എസ് ന് വേണ്ടി പരാശരൻ വാദിക്കുന്നതിന് ഇടെ)

  പിവി ദിനേശ്, കോടതിയലക്ഷ്യ ഹർജി നൽകിയ രണ്ടു സ്ത്രീകൾക്കും കക്ഷി ചേരാൻ അപേക്ഷ നൽകിയ സിന്ധുവിനും വേണ്ടി.

  "10 വയസുള്ള പെണ്കുട്ടി അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്‌മ ചര്യ സ്വഭാവം ലംഘിക്കുന്നുവെന്ന് പറയുന്നത് അയ്യപ്പനെ അപമാനിക്കലാണ്. ദൈവത്തിന്റെ ബ്രഹ്‌മചര്യം തെറ്റിക്കുന്നയാളാണ് താൻ എന്ന തോന്നൽ പെണ്കുട്ടികളിലും തെറ്റായ ചിന്തയാണ് ഉണ്ടാക്കുക."

  അഭിഷേക് സിംഗ്‌വി, പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി

  "യുക്തികൊണ്ട് അളക്കാൻ ശബരിമല സയൻസ് മ്യൂസിയം അല്ല ക്ഷേത്രമാണ്. ബഹുസ്വര രാജ്യമായ ഇന്ത്യയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും യുക്തികൊണ്ട് അളക്കാൻ നിൽക്കരുത്."

  "പ്രത്യേക രൂപ ഭാവങ്ങളിലാണ് വിശ്വാസികൾ ദൈവത്തെ ആരാധിക്കുന്നത്. ശബരിമലയിൽ നൈഷ്ഠിക ബ്രഹാമചര്യ ഭാവം.അത് അംഗീകാരിച്ചാൽ മറ്റ് വിഷയങ്ങൾ എല്ലാം ഇല്ലാതാകും."

  കെ പരാശരൻ, എൻഎസ്എസ്

  "ഇത് ഉഭയകക്ഷി തർക്കമല്ല, ശബരിമല യുവതീ പ്രവേശന വിധി മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാക്കും."

  "ഞാൻ ഇതുവരെ ഹാജരായ 3 പുനഃപരിശോധന ഹർജികൾ എല്ലാം കോടതി സ്വീകരിച്ചിട്ടുണ്ട്. ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു."

  വി ഗിരി, തന്ത്രി കണ്ഠരര് രാജീവർക്ക് വേണ്ടി

  " തന്ത്രിയാണ് പ്രതിഷ്ഠയുടെ രക്ഷാധികാരി. ശബരിമല അയ്യപ്പന് പ്രത്യേക മൂർത്തീ ഭാവമാണ്. അതാണ് ബ്രഹ്‌മചര്യം. മറ്റു ക്ഷേത്രങ്ങൾ പോലെയല്ല ശബരിമല."

  "പ്രതിഷ്ഠയുടെ സ്വഭാവത്തിനോട് ഇണങ്ങുന്ന വിധം ഭക്തർക്ക് ഭരണഘടനാ പരമായ അവകാശം ഉണ്ട്."

  ശേഖർ നാഫ്ഡേ, ബ്രഹ്‌മണ സഭ

  " മതം വിശ്വാസത്തിന്റെ വിഷയമാണ്. ചിലർ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്ന്. ഹോക്കിങ്‌സിനെ പോലുള്ളവർ മറിച്ചും. ക്രിമിനാലിറ്റി ഉണ്ടെങ്കിൽ മാത്രമേ ആചാരത്തിൽ കോടതിക്ക് ഇടപെടാൻ ആകൂ."

  "ആരാണ് അനിവാര്യമായ ആചാരമെന്നും അല്ലെന്നും നിശ്ചയിക്കുന്നത്. അത് ആ സമുദായങ്ങൾ ആണ് തീരുമാനിക്കേണ്ടത്."

  ജസ്റ്റിസ് ഇന്ദു മൽഹോത്ര

  "ദേവസ്വം ബോർഡ് നേരത്തെ യുവതീ പ്രവേശനത്തെ എതിർത്തതല്ലേ, ഇപ്പോൾ നിലപാട് മാറ്റിയോ?"

  വെങ്കിട്ട രമണി, മുതിർന്ന അഭിഭാഷകൻ.

  " ഒരു ആചാരം എന്തെന്ന് കോടതി തീരുമാനിക്കരുത്. നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം, അല്ലെങ്കിൽ വിശ്വസിക്കാതിരിക്കാം"

  വെങ്കിട്ട രാമൻ

  "ആർത്തവവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യൻ പാരമ്പര്യം മാത്രം അല്ല. ഈജിപ്തിൽ അടക്കം ആർത്തവത്തെ പ്രതിഷ്ഠയുമായി ബന്ധിപ്പിക്കാറുണ്ട്. അതിന് തെളിവുണ്ട്. അവസരം ലഭിച്ചാൽ തെളിയിക്കാം."

  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്

  " എന്തെങ്കിലും അർത്ഥം ഉണ്ടാക്കാൻ ആകുന്നെങ്കിൽ നിങ്ങൾ വാദിക്കുക. അല്ലെങ്കിൽ വാദം നിർത്തുക"

  (അഡ്വ : മാത്യൂസ് നേടുമ്പാറയോട്)

  വികെ ബിജു, ശബരിമല കസ്റ്റം പ്രൊട്ടക്ഷൻ ഫോറം

  "തന്ത്രിയുടെ സത്യവാങ്മൂലം തെറ്റാണ്. ആർത്തവമല്ല ശബരിമലയിലെ ആചാരത്തിന് അടിസ്ഥാനം. നൈഷ്ഠിക ബ്രഹ്മചര്യമാണ്. ആർത്തവമാണെന്ന സത്യവാങ്മൂലം അടിസ്ഥാനമാക്കിയുള്ള വിധി നിലനിൽക്കില്ല."

  First published:

  Tags: Pandalam royal family, Sabarimala case, Sabarimala issue, Sabarimala Live News, Sabarimala news, Sabarimala protest, Sabarimala review petition in supreme court, Sabarimala temple, Sabarimala Updates, പന്തളം രാജകുടുംബം, ശബരിമല വിധി, സ്ത്രീപ്രവേശന വിധി