• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല: വൃശ്ചികം ഒന്നിന് പുലർച്ചെ മൂന്നിന് നട തുറക്കും; മന്ത്രി കടകംപള്ളി ദർശനത്തിനെത്തും

ശബരിമല: വൃശ്ചികം ഒന്നിന് പുലർച്ചെ മൂന്നിന് നട തുറക്കും; മന്ത്രി കടകംപള്ളി ദർശനത്തിനെത്തും

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങൾ എന്നിവർ ഇന്ന് സന്നിധാനത്തെത്തും

News18 Malayalam

News18 Malayalam

  • Share this:
    വൃശ്ചികപ്പുലരിയിൽ രാവിലെ മൂന്നിന് ശബരിമല അയ്യപ്പ ശ്രീകോവിൽ നട തുറക്കും. പുതിയ മേൽശാന്തി എ കെ സുധീർ നമ്പൂതിരിയാണ് നട തുറക്കുക. മാളികപ്പുറം ക്ഷേത്രനട തന്ത്രിയുടെ പരികർമ്മി തുറന്ന് അയ്യപ്പഭക്തർക്ക് ദർശനപുണ്യത്തിന് വഴിയൊരുക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി ,ദേവസ്വം കമ്മീഷണർ എം ഹർഷൻ തുടങ്ങിയവർ ക്ഷേത്ര ദർശനത്തിനായി ഉണ്ടാകും.

    മണ്ഡലകാലത്ത് ഇനിയുള്ള അയ്യപ്പദർശനപുണ്യത്തിനായി വൻ ഭക്തജന തിരക്കായിരിക്കും ശബരിമലയിൽ അനുഭവപ്പെടുക. ഡിസംബർ 27 നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ.

    2019-20 വർഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിനാണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് യോഗ നിദ്രയിലായിരുന്ന ഹരിഹരസുതന്റെ മുന്നിൽ വിളക്ക് തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകൾ തുറന്ന് വിളക്കുകൾ തെളിക്കുകയായിരുന്നു.

    Also Read- PHOTOS | ശബരിമല നട തുറന്നു; മണ്ഡലകാലം പിറന്നു

    ശരണം വിളികളുമായി കൈകൂപ്പി നിന്ന അയ്യപ്പഭക്തർക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, അഡ്വ.എൻ.വിജയകുമാർ, ദേവസ്വം കമ്മീഷണർ എം.ഹർഷൻ, രാഹുൽ ആർ.നായർ ഐ പി എസ് ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, തുടങ്ങിയവർ നട തുറന്നപ്പോൾ അയ്യപ്പദർശനത്തിനെത്തിയിരുന്നു.

    പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിൽ തീ പകർന്ന ശേഷമായിരുന്നു ഇരുമുടി കെട്ടുമായി ദർശനത്തിന് കാത്തു നിന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിച്ചുള്ളൂ. പുതിയ ശബരിമല മേൽശാന്തിയെ അവരോധിക്കുന്ന ചടങ്ങ് 6.15ന് തന്നെ ആരംഭിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു അവരോധിക്കൽ ചടങ്ങ്.

    ശബരിമല മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി കലശാഭിഷേകം നടത്തി. ശേഷം അയ്യപ്പന്റെ മൂലമന്ത്രവും തന്ത്രി മേൽശാന്തിക്ക് പകർന്ന് നൽകി. മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങ് അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു അംഗത്തിനുണ്ടായ ദേഹവിയോഗം കാരണം നടത്തിയില്ല. ഈ മാസം 23 ന് ആണ് അദ്ദേഹത്തിന്റെ അവരോധിക്കൽ ചടങ്ങ് നടക്കുക.

    വൃശ്ചികം ഒന്നിന് ഞായറാഴ്ചത്തെ ചടങ്ങുകൾ

    രാവിലെ 3 മണി-  നട തുറക്കൽ
    3.05ന് നിർമ്മാല്യ ദർശനം
    3.10 ന് അഭിഷേകം
    3.20 ന് നെയ്യഭിഷേകം
    3.30 ന് മഹാഗണപതിഹോമം
    നെയ്യഭിഷേകം ഉച്ചക്ക് 11.30 വരെ ഉണ്ടാകും.
    7.30 ന് ഉഷപൂജ
    12.30ന് ഉച്ചപൂജ
    തുടർന്ന് 1 മണിക്ക് നട അടയ്ക്കും.
    വൈകുന്നേരം 4 മണിയ്ക്ക് നട തുറക്കും
    6.30ന് ദീപാരാധന
    രാത്രി 11 മണിക്ക് നട അടയ്ക്കും.
    First published: