പത്തനംതിട്ട: ഏറെ ദീവസങ്ങൾ നീണ്ട കഠിനപ്രയത്നത്തിന് ശേഷം ശബരിമല ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. ആകെ 10 കോടിയുടെ നാണയങ്ങളാണ് ഭണ്ഡാരത്തില്‍ ഉണ്ടായിരുന്നത്. മകര വിളക്ക് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോഴാണ് നാണയങ്ങള്‍ എണ്ണിതീര്‍ത്തത്. കോവിഡ് നിയന്ത്രങ്ങള്‍ക്ക് ശേഷം ശബരിമല തീര്‍ത്ഥാടനം പൂര്‍ണതോതില്‍ എത്തിയ സീസണായിരുന്നു ഇത്തവണത്തേത്.
നാണയങ്ങൾ എണ്ണിത്തീർന്നതോടെ മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിലെ വരുമാനം 360 കോടി രൂപയായി ഉയർന്നു. നാണയങ്ങൾ രണ്ടു ഘട്ടമായി എണ്ണിത്തീർത്തപ്പോൾ 10 കോടി രൂപയാണ് കിട്ടിയത്. മകരവിളക്കു കഴിഞ്ഞു നട അടച്ച ശേഷം 25 വരെ നാണയങ്ങൾ എണ്ണിയപ്പോൾ 5.71 കോടി രൂപയും ഈ മാസം 5 മുതൽ വെള്ളിയാഴ്ച വരെ എണ്ണിയപ്പോൾ 4.29 കോടി രൂപയും ലഭിച്ചു. രണ്ട് ഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങള്‍ എണ്ണാന്‍ വേണ്ടിയിരുന്നത്.
നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞാണ് കാണിക്കകിട്ടിയത്. നാണയം എണ്ണുന്നതിനായി ഇതെല്ലാം വേര്‍തിരിക്കേണ്ടിവന്നു. ശ്രീകോവിലിനുമുന്നിലെ കാണിക്കയില്‍നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തുന്നത്. സീസണിന് മുന്നേയുള്ള മാസപൂജകള്‍ മുതലുള്ള നാണയങ്ങളാണിത്.
ദേവസ്വം ബോര്‍ഡിന്റെ ഫിനാന്‍സ് ഓഫീസര്‍ ബി എസ് ശ്രീകുമാര്‍, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ എസ് ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സ്‌പെഷ്യല്‍ ഓഫീസറായി 11 അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് കാണിക്ക എണ്ണിയിരുന്നത്. ദേവസ്വം ബോര്‍ഡിന് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീര്‍ത്ഥാടനമാണ് ഇത്തവണത്തേത് എന്നാണ് റിപ്പോര്‍ട്ട്.
Also Read- മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തകയോട് പുരുഷ പൊലീസ് മോശമായി പെരുമാറിയെന്നു പരാതി
നോട്ട് എണ്ണുന്നതിനായി ധനലക്ഷ്മി ബാങ്ക് ആറ് ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിരുന്നു. നാണയങ്ങളുടെ മൂന്ന് കൂനകളായിരുന്നു ഉണ്ടായിരുന്നത്. നാണയം എത്രയെന്ന് കണക്കാക്കാന്‍ ഒരു വേള തൂക്കി എടുക്കണോ എന്ന് പോലും ദേവസ്വം ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു. എന്നാല്‍ ഒരേ മൂല്യമുള്ള നാണയങ്ങള്‍ പലതരത്തിലുള്ളതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം, വരുമാനത്തിന്റെ പകുതിയും ചെലവ് ഇനത്തിൽ കൊടുത്തു തീർക്കേണ്ടി വരുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. ഇപ്പോൾ തന്നെ ജല അതോറിറ്റിക്കു കുടിശിക ഇനത്തിൽ 5 കോടിയും വൈദ്യുതി ചാർജായി കെഎസ്ഇബിക്ക് 5 കോടിയും നൽകി. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ പരിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.