• HOME
 • »
 • NEWS
 • »
 • kerala
 • »
 • Sabarimala Pilgrimage 20-21| ശബരിമലനട ഇന്ന് തുറക്കും; മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം; തീർത്ഥാടകർ അറിയേണ്ടതെല്ലാം

Sabarimala Pilgrimage 20-21| ശബരിമലനട ഇന്ന് തുറക്കും; മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം; തീർത്ഥാടകർ അറിയേണ്ടതെല്ലാം

വെർച്വൽ ക്യൂവഴി ബുക്കുചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതി നൽകുന്നത്. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അയ്യപ്പനെ തൊഴാം.

News18 Malayalam

News18 Malayalam

 • Share this:
  ശബരിമല: തുലമാസ പൂജകൾക്കായി ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭക്തർ ശബരിമലയിലെത്തുന്നത്. ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തർക്ക് ദർശനം അനുവദിക്കുക. കോവിഡ് വ്യാപനത്തെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്ന ശബരിമലയിൽ അതിനുശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്.

  വെർച്വൽ ക്യൂവഴി ബുക്കുചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതി നൽകുന്നത്. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അയ്യപ്പനെ തൊഴാം. പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും നടക്കും. ശനിയാഴ്ച രാവിലെ 8ന് അടുത്ത വർഷത്തേക്കുള്ള ശബരിമല- മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പും സന്നിധാനത്ത് നടക്കും.

  Also Read- 'നീക്കം ആചാരലംഘനത്തിന്'; സർക്കാർ തീരുമാനത്തിനെതിരെ ശബരിമല കർമസമിതി  കെഎസ്ആർടിസി ബസ് സർവീസ്

  പന്തളം, പത്തനംതിട്ട ഡിപ്പോകളിൽനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി പതിവുപോലെ സർവീസുകൾ നടത്തും. 30ൽ കൂടുതൽ തീർത്ഥാടകർ എത്തിയാൽ മാത്രം അധിക ബസ് സർവീസ് ഉണ്ടാകൂ. നിലയ്ക്കൽ- പമ്പ ചെയിൻ സർവീസ് ഉണ്ടാകില്ല.

  ചെറിയ വാഹനങ്ങൾ കടത്തിവിടും

  അയപ്പ ഭക്തരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടും. പമ്പയിൽ തീർത്ഥാടകരെ ഇറക്കിയശേഷം വാഹനങ്ങൾ തിരികെ നിലയ്ക്കലിൽ എത്തി പാർക്കുചെയ്യണം.

  Also Read- 'അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കണം; ഏകപക്ഷീയ തീരുമാനങ്ങൾ പുനഃപരിശോധിക്കണം': ഹിന്ദുസംഘടനകൾ

  ആശുപത്രികൾ സജ്ജം

  നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലകയറുമ്പോൾ മാസ്‌ക് ധരിക്കുന്നത് പ്രയാസമാണ്. മറ്റുള്ള സമയത്ത് നിർബന്ധമാണ്. ദർശനം സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. ഒരു പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിച്ചു. വെർച്വൽ ക്യൂ വഴി രജിസ്റ്റർചെയ്ത 250 ഭക്തർക്കാണ് ഒരുദിവസം ദർശനം അനുവദിക്കുന്നത്. മലകയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഭക്തർ കരുതണം. 10നും 60നും ഇടയ്ക്ക് പ്രായമുള്ളവർക്ക് മാത്രമാണ് പ്രവേശനം. വെർച്വൽ ക്യൂവിലൂടെ ബുക്കിങ് ചെയ്യുമ്പോൾ അനുവദിക്കുന്ന സമയത്തുതന്നെ ഭക്തർ എത്തണം. ഭക്തർ കൂട്ടംചേർന്ന് സഞ്ചരിക്കരുത്. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

  നിലയ്ക്കലിൽ കോവിഡ് പരിശോധന

  ശബരിമല ദർശനത്തിന് 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇല്ലാത്തവർക്ക് നിലയ്ക്കലിൽ സ്വന്തം ചെലവിൽ ആന്റിജൻ പരിശോധന നടത്താൻ സൗകര്യമുണ്ട്. കോവിഡ് പോസിറ്റീവ് ആകുന്നവരെ മല കയറ്റില്ല. ഭക്തർക്ക് മാസ്ക് നിർബന്ധമാണ്. യാത്രയിൽ ഉടനീളം സാമൂഹിക അകലം പാലിക്കണമെന്നാണ് നിർദേശം. കൈയിൽ കരുതിയിരിക്കുന്നതൊന്നും വഴിയിൽ ഉപേക്ഷിക്കരുത്.

  Also Read- ശബരിമല: തിരുപ്പതി മോഡൽ ഓൺലൈൻ ദർശനത്തിന് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറിയുടെ സമിതി

  പമ്പയിലെ ക്രമീകരണങ്ങൾ

  അയ്യപ്പ ഭക്തരെ പമ്പയിൽ സ്നാനം ചെയ്യാൻ ഇത്തവണ അനുവദിക്കില്ല. പകരം ഷവർ സജ്ജമാക്കിയിട്ടുണ്ട്. മാളികപ്പുറങ്ങൾക്ക് പ്രത്യേക കുളിമുറിയുമുണ്ട്. 150 ശൗചാലയങ്ങളാണ് പമ്പയിൽ സജ്ജമാക്കിയിട്ടുള്ളത്. ത്രിവേണിപ്പാലം കടന്ന് സർവീസ് റോഡുവഴിയാകും യാത്ര. പമ്പ ഗണപതി കോവിലിൽ കെട്ടുനിറയ്ക്കൽ ഇല്ല. വെർച്വൽക്യൂ ബുക്കിങ് രേഖകൾ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പൊലീസ് കൗണ്ടറിൽ പരിശോധിക്കും. മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡുവഴി മാത്രമേ അനുവദിക്കൂ. മരക്കൂട്ടത്തുനിന്നു ചന്ദ്രാനന്ദൻ റോഡുവഴി സന്നിധാനത്തേക്ക് എത്താം.

  കുടിവെള്ളം

  പമ്പയിൽ നിന്ന് 100 രൂപയ്ക്ക്‌ ചൂടുവെള്ളം സ്റ്റീൽ കുപ്പിയിൽ നൽകും. ദർശനം കഴിഞ്ഞുമടങ്ങുമ്പോൾ കുപ്പി തിരികെ നൽകി പണം വാങ്ങാം. കാനന പാതയിൽ ഇടയ്ക്കിടയ്ക്ക് ചുക്കുവെള്ള വിതരണത്തിനും നടപടിയെടുത്തിട്ടുണ്ട്.  സന്നിധാനത്തെ ക്രമീകരണങ്ങൾ

  പതിനെട്ടാംപടിക്ക് താഴെ കൈ കാലുകൾ സാനിറ്റൈസ് ചെയ്യാൻ സൗകര്യം. പതിനെട്ടാംപടിയിൽ സേവനത്തിന് പൊലീസ് ഉണ്ടാകില്ല. കൊടിമരച്ചുവട്ടിൽനിന്ന്‌ ഫ്ലൈഓവർ ഒഴിവാക്കി ദർശനത്തിന് കടത്തിവിടും. ശ്രീകോവിലിന് പിന്നിൽ നെയ്‌ത്തേങ്ങാ സ്വീകരിക്കാൻ കൗണ്ടറുണ്ടാകും. സന്നിധാനത്ത് മറ്റ് പ്രസാദങ്ങൾ ഒന്നുമില്ല. മാളികപ്പുറത്തെ വഴിപാട് സാധനങ്ങൾ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം. മാളികപ്പുറം ദർശനം കഴിഞ്ഞ് വടക്കേ നടവഴി വരുമ്പോൾ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും. അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറിൽ ലഭിക്കും. സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ല.

  സന്നിധാനത്ത് അനുവാദമില്ലാത്തത്...

  തന്ത്രി, മേൽശാന്തി, മറ്റ് പൂജാരിമാർ എന്നിവരെ കാണാൻ ഭക്തർക്ക് അനുവാദമില്ല. ഭസ്മക്കുളത്തിൽ കുളിക്കാൻ അനുവദിക്കില്ല. ശയനപ്രദക്ഷിണം ഇല്ല. നെയ്‌ത്തേങ്ങ ഉടയ്ക്കൽ ഇല്ല.

  Also Read- ശബരിമല തീർത്ഥാടനം; ഉന്നതതല യോഗമെടുത്ത 18 തീരുമാനങ്ങൾ

  അന്നദാനം

  പമ്പയിലും സന്നിധാനത്തും പരിമിതമായ രീതിയിൽ അന്നദാനം നടത്തും.
  Published by:Rajesh V
  First published: