• HOME
 • »
 • NEWS
 • »
 • kerala
 • »
 • Sabarimala | വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ഭക്തർക്ക് ദർശനം നാളെ മുതൽ

Sabarimala | വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ഭക്തർക്ക് ദർശനം നാളെ മുതൽ

വിഷു ദിവസമായ 15ന് പുലർച്ചെ വിഷുക്കണി ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നിടാണ് തീർത്ഥാടകർക്ക് വിഷുക്കണി ദർശനം

ശബരിമല

ശബരിമല

 • Share this:
  പത്തനംതിട്ട: വിഷു (Vishu) പൂജകൾക്കായി ശബരിമല (Sabarimala) നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിക്കും. നാളെ മുതലാണ് തീർത്ഥാടകരെ ദർശനത്തിനായി അനുവദിക്കുക. വിഷു ദിവസമായ 15ന് പുലർച്ചെ വിഷുക്കണി ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നിടാണ് തീർത്ഥാടകർക്ക് വിഷുക്കണി ദർശനം അനുവദിക്കുക.

  ഈ സമയം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈ നീട്ടം നൽകും. അതേസമയം, ദേവസ്വം ബോർഡ് നിശ്ചയിച്ച പുതിയ വഴിപാട് നിരക്കുകൾ പ്രാബല്യത്തിൽ വന്നു. വഴിപാട് പ്രസാദങ്ങളായ അപ്പം, അരവണ എന്നിവയ്ക്ക് 10 മുതൽ 20 രൂപ വരെ വർധിച്ചു. സ്നാനത്തിന് പമ്പയിൽ ജലനിരപ്പ് കുറവാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുളളാർ അണക്കെട്ടിൽ നിന്ന് വെള്ളം എത്തിക്കാനാണ് അധികൃതരുടെ തീരുമാനം.

  വിഷുക്കണിയൊരുക്കാനുള്ള തിരക്കില്‍ മമ്മദ് കോയ ഹാജിയും സുഹൃത്തുക്കളും

  വിശുദ്ധ റമദാന്‍ (Ramadan 2022)മാസത്തില്‍ വിഷു ആഘോഷമെത്തുമ്പോള്‍ (Vishu 2022)വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുംപുറം മമ്മദ് കോയ ഹാജിയും സുഹൃത്തുക്കളും. വിഷുവിനുള്ള കണിവെള്ളരിയുടെ (Kanivellari) വിളവെടുപ്പിലാണ് ഈ കര്‍ഷകര്‍. രണ്ട് മാസം മുമ്പാണ് കണിവെള്ളരി കൃഷിക്കായി വിത്തിട്ട് നിലമൊരുക്കിയത്. കൃത്യമായ പരിചരണം ആവശ്യമുള്ള കൃഷിയാണ് കണിവെള്ളരിയുടെതെന്ന് കര്‍ഷകര്‍ പറയുന്നു. ഈ മാസം 15നാണ് വിഷു. അതിന് മുമ്പ് വിളവെടുത്ത് കണിവെള്ളരി മാര്‍ക്കറ്റിലെത്തിക്കണം.

  റമദാനില്‍ മാസമായതിനാല്‍ അത്താഴ ഭക്ഷണവും സുബ്ഹി നിസ്‌കാരം കഴിഞ്ഞ് മമ്മദ് ഹാജിയുടെ സുഹൃത്തുക്കളും നേരെ പൈങ്ങോട്ടുപുറത്തെ പാടത്തേക്ക് വരും. വിളവെടുക്കുന്ന കണിവെള്ളരി പാടത്ത് വെച്ച് തന്നെ തുടച്ച് വൃത്തിയാക്കി ചാക്കില്‍ കെട്ടി വീട്ടിലേക്ക് കൊണ്ടുവരികയാണ്.

  'കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് അത്യാവശ്യം വില കിട്ടിയിരുന്നു. തുടക്കത്തില്‍ കിലോയ്ക്ക് അന്‍പത് രൂപയുണ്ടായിരുന്നത് പിന്നീട് അറുപതും എഴുപതുമായി വര്‍ധിച്ചു. ഇത്തവണ. നാല്‍പ്പത് രൂപയാണ് മാര്‍ക്കറ്റ് വില. ഇത് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ്'- കര്‍ഷകന്‍ മമ്മദ് ഹാജി പറയുന്നു. ആദ്യകാലത്ത് കോഴിക്കോട് ജില്ലയില്‍ ഈ കര്‍ഷകരാണ് കണിവെള്ളരികൃഷി വലിയ തോതില്‍ നടത്തിയിരുന്നത്. അക്കാലത്ത് ലോഡ് കണക്കിന് കണിവെള്ളരി ഇവിടെ നിന്ന് കയറ്റികൊണ്ടുപോവാറുണ്ടായിരുന്നു. പിന്നീട് പലരും വിത്തുകള്‍ വാങ്ങി കൃഷി തുടങ്ങി. ഇപ്പോള്‍ പരിസരപ്രദേശങ്ങളിലായി പല കര്‍ഷകരും കണിവെള്ളരി കൃഷി ചെയ്യുന്നുണ്ട്.

  Also Read-‘നോവൽ ഫാക്ടറി’ അല്ല; ഒരുപാട് സമയമെടുത്ത് എഴുതിയാൽ മികച്ചതാവുമെന്ന് ‍വിചാരിക്കുന്നില്ല

  തേനീച്ച പോലുള്ള ഒരുതരം പ്രാണിയാണ് കണവെള്ളരി കൃഷി നേരിടുന്ന പ്രധാന ഭീഷണി. ഈ കീടങ്ങള്‍ കുത്തിയ വെള്ളരിയുടെ ഭാഗങ്ങള്‍ കേടാവും. ഇത് പിന്നീട് വില്‍പ്പനക്കായി നല്‍കാന്‍ കഴിയാതെ വരും. കീടങ്ങളെ പിടിക്കാന്‍ പ്രത്യേക കൂടൊരുക്കി പ്രതിരോധിക്കുകയാണ് കര്‍ഷകര്‍. എന്നാലും 15 ശതമാനം വിളവുകള്‍ കീടങ്ങള്‍ നശിപ്പിക്കും. സാധാരണ കൃഷിയെക്കാള്‍ പരിചരണം കൂടുതല്‍ വേണ്ടതാണ് കണിവെള്ളരിക്കെന്ന് കര്‍ഷകന്‍ മരക്കാര്‍ പറയുന്നു. നന്നായി നനയ്ക്കണം. എപ്പോഴും പരിചരിക്കണം. കീടങ്ങളെ പ്രതിരോധിക്കണം.
  Published by:Anuraj GR
  First published: