• HOME
  • »
  • NEWS
  • »
  • kerala
  • »
  • മണ്ഡലകാലത്തിനായി ശബരിമല നട ബുധനാഴ്ച തുറക്കും; കോവിഡ് നിയന്ത്രണം നീക്കിയശേഷമുള്ള ആദ്യതീര്‍ത്ഥാടനകാലം

മണ്ഡലകാലത്തിനായി ശബരിമല നട ബുധനാഴ്ച തുറക്കും; കോവിഡ് നിയന്ത്രണം നീക്കിയശേഷമുള്ള ആദ്യതീര്‍ത്ഥാടനകാലം

കെഎസ്ആര്‍ടിസിയുടെ 500 ബസ് സര്‍വീസ് നടത്തും. പമ്പ- നിലയ്ക്കല്‍ റൂട്ടില്‍മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും

sabarimala

sabarimala

  • Share this:
മണ്ഡലകാലത്തിന് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ ശബരിമല ക്ഷേത്ര നട നാളെ തുറക്കും. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും കോവിഡ് മഹാമാരിയും കവർന്ന നാലുവർഷങ്ങൾക്കുശേഷമെത്തുന്ന തീർത്ഥാടന കാലത്ത് ഭക്തജനങ്ങളുടെ വലിയ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറക്കുക. ദർശനത്തിന് വെർച്വൽ ക്യു ബുക്ക് ചെയ്യാൻ കഴിയാത്ത തീർഥാടകർക്ക് സ്പോട് ബുക്കിങ് നടത്താം.

കെഎസ്ആര്‍ടിസിയുടെ 500 ബസ് സര്‍വീസ് നടത്തും. പമ്പ- നിലയ്ക്കല്‍ റൂട്ടില്‍മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും. സുരക്ഷയ്ക്കായി മൊത്തം 13,000 പൊലീസുകാരെ ശബരിമലയില്‍ വിന്യസിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 134 സിസിടിവി കാമറ സ്ഥാപിച്ചു. ഇടത്താവളങ്ങളിലും പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകും. പമ്പയിലും സന്നിധാനത്തുമായി 18 അടിയന്തര ചികിത്സാകേന്ദ്രമാണ്‌ (ഇഎംസി) സജ്ജീകരിക്കുന്നത്‌. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലായി 2445 ശുചിമുറി ഒരുക്കി. ശുചീകരണത്തിന് ഏകദേശം 1200 വിശുദ്ധി സേനാംഗങ്ങളെ കൂടാതെ ഇരുനൂറോളം പേരെ ഏർപ്പെടുത്തിയിട്ടുണ്ട്.

തീർത്ഥാടന ഒരുക്കങ്ങൾ സജീവമാണ്. സ്പെഷൽ ഡ്യൂട്ടിക്കു നിയോഗിച്ച ദേവസ്വം ജീവനക്കാർ എത്തിത്തുടങ്ങി. കളക്ടർ ചെയർമാനായ ശബരിമല സാനിറ്റേഷൻ സൊസൈറ്റി ശുചീകരണത്തിനു നിയോഗിച്ച വിശുദ്ധി സേനാംഗങ്ങൾ കഴിഞ്ഞ ദിവസം എത്തി.

ഇത്തവണ 3 കാനനപാതകളും തുറക്കും. എരുമേലി പേട്ടതുള്ളി കാൽനടയായി തീർത്ഥാടകർ എത്തുന്ന കരിമല പാതയും വണ്ടിപ്പെരിയാർ സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള കാനനപാതയും തെളിച്ചു. നീലിമല വഴിയുള്ള പരമ്പരാഗത പാത കരിങ്കല്ല് പാകി നവീകരിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. 13 കേന്ദ്രങ്ങളിലായി സ്പോട്ട് ബുക്കിങ് സൗകര്യവുമുണ്ടാകും.

പ്രതീക്ഷിക്കുന്നത് 40 ലക്ഷം തീർത്ഥാടകരെ

ശബരിമലയിൽ മണ്ഡല, മകരവിളക്കു കാലത്ത് ഇത്തവണ 40 ലക്ഷം തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പമ്പയിൽ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഗ്നിശമന സേനയുടെ ക്രമീകരണങ്ങൾ, മാലിന്യ സംസ്‌കരണ പ്ലാന്റ്, 5000 പേർക്ക് ഒരേ സമയം ആഹാരം കഴിക്കുന്നതിനുള്ള സൗകര്യം എന്നിങ്ങനെ എല്ലാവിധ ക്രമീകരണങ്ങളും ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പൂർത്തിയായി കഴിഞ്ഞു.

Also Read- വാക്സിൻ നയത്തില്‍ മാറ്റം വേണം; സംസ്ഥാന സർക്കാർ രൂപീകരിച്ച  സമിതി ആരോഗ്യമന്ത്രിക്ക് നിർദേശങ്ങൾ സമർപ്പിച്ചു

വെർച്വൽ ക്യു ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിച്ചു. സെന്ററുകളിൽ ഡ്യൂട്ടിക്കെത്തുന്നവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. തിരക്കുണ്ടാകുന്ന സ്ഥലങ്ങൾ, അഗ്നിബാധ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിങ്ങനെ എല്ലാ പ്രധാന മേഖലകൾ പ്രത്യേകമായി അടയാളപ്പെടുത്തിയ ഭൂപടം ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്.

അപകടസാധ്യതയുള്ള 5 സ്ഥലങ്ങൾ പ്രത്യേകമായി കണ്ടെത്തി. അപകടമുണ്ടായാൽ ഭക്തരെ സുരക്ഷിതമായി എത്തിക്കാനുള്ള 6 സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു സമയത്ത് സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി 2 ലക്ഷം ഭക്തരെ മാത്രമാണ് അനുവദിക്കുക. അതിൽ കൂടുതൽ ഭക്തരെത്തിയാൽ സ്വാമി അയ്യപ്പൻ റോഡ് മുതൽ സന്നിധാനം വരെ തീർഥാടകരെ സമയബന്ധിതമായി കയറ്റി വിടുന്നത് പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. എൻഡിആർഎഫ് സംഘത്തിന്റെ 2 ടീം ശബരിമലയിൽ ക്യാംപ് ചെയ്യും. സേഫ് ശബരിമലയുടെ ഭാഗമായി അടിയന്തര വൈദ്യസഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Published by:Rajesh V
First published: