പത്തനംതിട്ട: പൊതുസമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവം നാളെ പൂർത്തിയാകുന്നു. ഭക്തരും പ്രതിഷേധക്കാരും മല ഇറങ്ങുകയാണെങ്കിലും 51 യുവതികൾ ദർശനം നടത്തിയെന്ന സർക്കാർ വാദത്തെ ചൊല്ലിയുളള പുതിയ വിവാദം കടുക്കുകയാണ്. ഭക്തർക്കുളള ദർശനം ഇന്നത്തോടെ പൂർത്തിയാകും.
പന്തളം മുൻ രാജകുടുംബാംഗങ്ങൾക്ക് മാത്രമാണ് നാളെ ദർശനത്തിന് അവസരം. അയ്യപ്പനെ യോഗനിദ്രയിലാക്കി ഹരിവാരാസനം ചൊല്ലി നട അടയ്ക്കുന്ന ചടങ്ങ് നാളെ രാവിലെയാണ്. യുവതീ പ്രവേശനത്തെ ചൊല്ലിയുളള വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും നടുവിലാണ് മണ്ഡലകാലം നവംബർ 11ന് ആരംഭിച്ചത്. തർക്കവും പ്രതിഷേധവും കേരള അതിർത്തിയും കടന്നു. ഇതെല്ലാം ചേർന്ന് ഭക്തരുടെ എണ്ണം കുറച്ചപ്പോൾ നട വരവിൽ 100 കോടിയുടെ കുറവുണ്ടായി.
പ്രതിപക്ഷത്തെ രണ്ട് മുന്നണികളും ചില സമുദായ സംഘടനകളും സർക്കാരിന് എതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങി. ഇതിന് പ്രതിരോധമായി മറ്റ് ചില സമുദായ സംഘനകളുടെ കൂടി സഹകരണത്തിൽ സർക്കാർ വനിതാമതിൽ തീർത്തു. ആർ എസ് എസ് നിയന്ത്രണത്തിലുളള ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ യുവതികൾ വന്നാൽ തടയാൻ ടേൺ വച്ച് പ്രതിഷേധക്കാരെ സന്നിധാനത്ത് എത്തിച്ചു. ഇതിനിടയിലും മൂന്നു യുവതികൾ ദർശനം നടത്തി.
പശുക്കളെ സംരക്ഷിക്കണം; മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ
യുവതീദർശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രി നട ചാരി ശുദ്ധിക്രിയ നടത്തി. ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്‍റെ നോട്ടീസിനുളള മറുപടിക്ക് കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് തന്ത്രി. നാമജപം എന്ന പേരിൽ സന്നിധാനത്തെ മാധ്യമങ്ങളുടെ ഓഫീസിനു മുന്നിൽ ദിവസവും പ്രതിഷേധ കൂട്ടായ്മ നടന്നു. ഒടുവിൽ 51 യുവതികൾ ദർശനം നടത്തിയെന്ന സർക്കാർ വാദം ശബരിമല വിവാദത്തെ സജീവമാക്കുന്നതിനിടയിലാണ് മണ്ഡല മകരവിളക്ക് കാലം പൂർത്തിയാകുന്നത്.
ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും സംഘർഷഭരിതമായ മണ്ഡല മകരവിളക്ക് കാലമാണ് പടിയിറങ്ങുന്നത്. കേസ് പരിഗണിക്കുന്ന തിയതി സുപ്രീംകോടതി നീട്ടി വെച്ചതോടെ വിവാദങ്ങൾ പടിയിറങ്ങാൻ ഇനിയും കാലം എടുക്കുമെന്ന് വ്യക്തം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി