• HOME
 • »
 • NEWS
 • »
 • kerala
 • »
 • ശബരിമല യുവതി പ്രവേശം: ആരോപണ പ്രത്യാരോപണങ്ങളുമായി ചേരിതിരിഞ്ഞ ആചാര സംരക്ഷണക്കാര്‍ തമ്മില്‍ ഒത്തുതീര്‍പ്പ്

ശബരിമല യുവതി പ്രവേശം: ആരോപണ പ്രത്യാരോപണങ്ങളുമായി ചേരിതിരിഞ്ഞ ആചാര സംരക്ഷണക്കാര്‍ തമ്മില്‍ ഒത്തുതീര്‍പ്പ്

ഒരേ ലക്ഷ്യവുമായി മുന്നോട്ടു പോവുന്ന വ്യക്തികളും, സംഘടനകളും തമ്മില്‍ ഐക്യം ഉണ്ടാവേണ്ടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന തീര്‍പ്പില്‍ എത്തിച്ചേര്‍ന്നു

sabarimala

sabarimala

 • Last Updated :
 • Share this:
  തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തെച്ചൊല്ലി ചേരിതിരിഞ്ഞ ആചാരം സംരക്ഷകര്‍ തമ്മില്‍ ഒത്തുതീര്‍പ്പ്. സോഷ്യല്‍ മീഡിയയില്‍ നീറിപുകഞ്ഞ വിഷയങ്ങളെ സ്വാമി ചിദാനന്തപുരിയുടെ നേതൃത്വത്തില്‍ ചര്‍ച്ചചെയ്‌തെന്നും ഒത്തുതീര്‍പ്പിനു വിധേയമാക്കിയെന്നും വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയാണ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്.

  ആര്‍എസ്എസ് നേതൃത്വവും ആചാര സംരക്ഷണ വക്താക്കളും റെടു ടു വെയിറ്റ് സംഘാടകരും നേരത്തെ സോഷ്യല്‍മീഡിയയിലൂടെ പരസ്പര ആരോപണവുമായി രംഗത്തെത്തിയിരുന്നത്. വിശ്വാസികളെ പ്രക്ഷോഭത്തിന് ഇറക്കിയത് വോട്ട് ലക്ഷ്യമിട്ടാണെന്നായിരുന്നു റെഡി ടു വെയിറ്റ് നേതാവായിരുന്നു പദ്മാ പിള്ള ആരോപിച്ചത്. ആര്‍എസ്എസിനെതിരെയും ബിജെപിയ്‌ക്കെതിരെയും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

  Also Read: ശബരിമല ആചാര സംരക്ഷണത്തിനിറങ്ങയവർക്കിടയിൽ ഭിന്നത; കെ.പി ശശികലക്കെതിരെ രൂക്ഷവിമർശനവുമായി പത്മ പിള്ള

  സോഷ്യല്‍ മീഡിയയിലൂടെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആചാര സംരക്ഷകരില്‍ ഭിന്നതയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു ഇതിനിടെയാണ് ആര്‍എസ്എസ് നേതൃത്വം മധ്യസ്ഥ ചര്‍ച്ച നടത്തിയതും ഒത്തുതീര്‍പ്പിന് രംഗത്തുവന്നതും.

  ആര്‍എസ്എസ് നേതാക്കളായ വത്സന്‍ തില്ലങ്കേരി, ശരത് എടത്തില്‍, ആചാരണ സംരക്ഷണ വക്താവായ ശങ്കു ടി ദാസ് റെഡി ടു വെയ്റ്റ് സംഘാകടയായ കൃഷ്ണപ്രിയ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 'ആചാര സംരക്ഷണത്തിനും, ഹൈന്ദവ ഏകീകരണത്തിനും, സുശക്തമായ ബാന്ധവം ഉണ്ടാവണം.ഒരേ ലക്ഷ്യവുമായി മുന്നോട്ടു പോവുന്ന വ്യക്തികളും, സംഘടനകളും തമ്മില്‍ ഐക്യം ഉണ്ടാവേണ്ടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന തീര്‍പ്പില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍, തര്‍ക്ക വിഷയങ്ങളില്‍ പര്യാലോചനകള്‍ നടത്തി ഒരു കുടുംബമെന്ന നിലയ്ക്ക് സ്‌നേഹത്തോടെ പരിഹാരം കണ്ടെത്തുമെന്നും തീരുമാനമെടുത്തു.' എന്നാണ് ഫേസ്ബുക് പോസ്റ്റിലൂടെ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പറയുന്നത്.

  ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

  ഓം നമഃശിവായ.ഏറെ നാളായി സോഷ്യല്‍ മീഡിയയില്‍ നീറിപ്പുകഞ്ഞ ഒട്ടേറെ വിഷയങ്ങളെ സ്വാമി ചിദാനന്ദപുരി മഹാരാജിന്റെ നേതൃത്വത്തില്‍ ഇന്ന് മേടം 29(മെയ് 13 ) ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ വെച്ചു നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കി.

  രാഷ്ട്രിയ സ്വയംസേവക സംഘ(RSS)ത്തിന്റെ പ്രമുഖ കാര്യകര്‍ത്താവും, ജ്യേഷ്ഠ സ്ഥാനീയനുമായ ശ്രീ.വല്‍സന്‍ തില്ലങ്കേരി, രാഷ്ട്രിയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായ ശ്രീ.ശരത് എടത്തില്‍, ആചാര സംരക്ഷണ വിഷയങ്ങളില്‍ ഹിന്ദുവിന്റെ ജിഹ്വയായ അഡ്വ.ശങ്കു.ടി.ദാസ്, റെഡി ടു വെയ്റ്റ് സംഘാടകയായ ശ്രീമതി. കൃഷ്ണപ്രിയ, കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍, ശ്രീ. ഷാബു പ്രസാദ്, ആചാര സംരക്ഷണ പക്ഷത്ത് നിലകൊള്ളുന്ന എഴുത്തുകാരന്‍ ശ്രീ.രഞ്ജിത്ത് വിശ്വനാഥന്‍ മേച്ചേരി, ശ്രീ.സലീഷ് ശിവദാസ്, ജിനീഷ്.ടി എന്നിവരോടൊപ്പം ഞാനും സുദീര്‍ഘമായ ചര്‍ച്ചയില്‍ പങ്കെടുത്തു.

  ആചാര സംരക്ഷണത്തിനും, ഹൈന്ദവ ഏകീകരണത്തിനും, സുശക്തമായ ബാന്ധവം ഉണ്ടാവണം.ഒരേ ലക്ഷ്യവുമായി മുന്നോട്ടു പോവുന്ന വ്യക്തികളും, സംഘടനകളും തമ്മില്‍ ഐക്യം ഉണ്ടാവേണ്ടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന തീര്‍പ്പില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍, തര്‍ക്ക വിഷയങ്ങളില്‍ പര്യാലോചനകള്‍ നടത്തി ഒരു കുടുംബമെന്ന നിലയ്ക്ക് സ്‌നേഹത്തോടെ പരിഹാരം കണ്ടെത്തുമെന്നും തീരുമാനമെടുത്തു.

  വ്യക്തിഹത്യാ ശ്രമങ്ങള്‍ക്കും, കുപ്രചരണങ്ങള്‍ക്കും ഏറ്റ കനത്ത പ്രഹരമാണ് ഇന്നത്തെ സമവായം എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. രാഷ്ട്രിയ സ്വയംസേവക സംഘത്തിന്റെ നിറഞ്ഞ പിന്തുണ ഞാനടക്കമുള്ള എല്ലാ ധര്‍മ്മ പ്രചാരകര്‍ക്കും എന്നുമുണ്ട് എന്നതു തന്നെയാണ് ഹിന്ദു ജാഗരണത്തിന്റെ ഉന്മേഷവും, പ്രത്യാശയും. ശിവപാദധൂളി ശിരസ്സിലണിഞ്ഞുകൊണ്ട്, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി.

  ചിത്രത്തില്‍ .. ജിനീഷ്.ടി, രഞ്ജിത് വിശ്വനാഥന്‍ മേച്ചേരി, ശങ്കു .ടി .ദാസ്, ഷാബു പ്രസാദ്, സ്വാമി ചിദാനന്ദപുരി മഹാരാജ്, ശ്രീ.വല്‍സന്‍ തില്ലങ്കേരി, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി,സലീഷ് ശിവദാസ്,കൃഷ്ണപ്രിയ,ശരത് എടത്തില്‍ എന്നിവര്‍.

  First published: