• HOME
 • »
 • NEWS
 • »
 • kerala
 • »
 • Sabarimala Verdict: ശബരിമല യുവതീപ്രവേശന വിധിയും പുനഃപരിശോധനാ ഹർജികളും- നാൾവഴികൾ

Sabarimala Verdict: ശബരിമല യുവതീപ്രവേശന വിധിയും പുനഃപരിശോധനാ ഹർജികളും- നാൾവഴികൾ

1990 സെപ്റ്റംബർ 24 ന് ആരംഭിച്ച നിയമപോരാട്ടം...

 • Last Updated :
 • Share this:
  തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത് 2018 സെപ്റ്റംബർ 28ന്. എന്നാൽ അതിനുശേഷം അതിശക്തമായ പ്രതിഷേധമാണ് ശബരിമല വിഷയത്തിൽ അരങ്ങേറിയത്. ആചാരസംരക്ഷണത്തിനായി വിശ്വാസികൾ രംഗത്തിറങ്ങിയപ്പോൾ, സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാടിലായിരുന്നു സർക്കാർ.

  2018ൽ തുലാമാസ പൂജകൾക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമല നട തുറന്നപ്പോൾ നാടകീയ രംഗങ്ങൾക്കാണ് സന്നിധാനവും പരിസരപ്രദേശവും സാക്ഷിയായത്. ഇതിനിടയിൽ ശബരിമല കേസിൽ അൻപതിലധികം പുനഃപരിശോധന ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയ്ക്കെത്തി.
  ശബരിമലയിലെ യുവതി പ്രവേശനം വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിലേക്ക് എത്തിച്ച നാൾവഴികളിലൂടെ...

  1990 സെപ്റ്റംബർ 24

  ശബരിമലയിൽ യുവതികൾ കയറുന്നുവെന്നും പ്രാർഥന നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി എസ് മഹേന്ദ്രൻ എന്നയാൾ ഹൈക്കോടതി ജഡ്ജിക്ക് കത്തയയ്ക്കുന്നു. ഈ കത്ത് പൊതുതാൽപര്യഹർജിയായി ഹൈക്കോടതി പരിഗണിച്ചതോടെയാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം കോടതികയറുന്നത്. വിഐപികളുടെ ഭാര്യമാർക്ക് ശബരിമലയിൽ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും ദേവസ്വം മുൻ കമ്മീഷണർ ജെ. ചന്ദ്രികയുടെ പേരക്കുട്ടിയുടെ ചോറൂണ് 19.08.1990ന്
  ശബരിമലയിൽ നടത്തിയെന്നും കത്തിൽ പറഞ്ഞിരുന്നു.

  1991 ഏപ്രിൽ 5 

  ഏറെക്കാലത്തെ വിചാരണയ്ക്ക് ശേഷം 1991 ഏപ്രിൽ അഞ്ചിന് ഹൈക്കോടതി കേസിൽ വിധി പറഞ്ഞു. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കുള്ള നിയന്ത്രണം ശബരിമലയിലെ കാലാതിവർത്തിയായ ആചാരമാണെന്ന് ഹൈക്കോടതി വിധിച്ചു. ആ നിയന്ത്രണം എല്ലാ തീർഥാടനവേളയിലും നടപ്പാക്കണമെന്നും
  കോടതി നിർദേശിച്ചു. ഈ വിധി നടപ്പാക്കാൻ പൊലീസ് ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡിന് ലഭ്യമാക്കാൻ സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു.

  2006 ഓഗസ്റ്റ് 4

  ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന ആചാരം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2006 ലാണ് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ഈ വിഷയത്തില്‍ ഹർജി നൽകിയത്.

  2006 ഓഗസ്റ്റ് 18

  എതിർകക്ഷിയായ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

  2007 നവംബർ 13

  വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലവും നല്‍കി.

  2008 മാർച്ച് 7

  കേസ് പരിഗണിച്ച സുപ്രീം കോടതി മൂന്നംഗ ബഞ്ചിന് വിട്ടു.

  2016 ജനുവരി 11

  ശബരിമലയിൽ സ്ത്രീകളെ തടയുന്നതിലെ പ്രായോഗികതയെക്കുറിച്ച് രണ്ടംഗ ബെഞ്ച് ചോദ്യം ഉന്നയിച്ചു.

  2016 ഫെബ്രുവരി 5

  2007ൽ ഇടത് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ അനുമതി തേടി.

  2016 ഫെബ്രുവരി 6

  ശബരിമലയിൽ യുവതി പ്രവേശനത്തെ എതിർത്തുകൊണ്ട് പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.

  2016 ഫെബ്രുവരി 12

  ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. ദൈവത്തിന് സ്ത്രീപുരുഷഭേദമില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

  2016 ഏപ്രിൽ 11

  സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിലൂടെ ലിംഗനീതി ഹനിക്കപ്പെടുകയാണെന്ന് സുപ്രീം കോടതി നിരീക്ഷണം.

  2016 ഏപ്രിൽ 13

  സ്ത്രീപ്രവേശനം വിലക്കുന്നത് ആചാരസംരക്ഷണത്തിനാണെന്ന് ന്യായീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി.

  2016 നവംബർ 7

  എല്ലാപ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.

   2017 ഒക്ടോബർ 13

  ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടു.

  2018 ജൂലൈ 17

  അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസിൽ വാദം കേൾക്കാൻ തുടങ്ങി.

  2018 ജൂലൈ 18 

  ക്ഷേത്രപ്രവേശനത്തിന് സ്ത്രീകൾക്ക് മൗലിക അവകാശമുണ്ടന്ന് നിരീക്ഷിച്ച കോടതി പ്രായത്തിന്‍റെ പേരിൽ ഇത് നിഷേധിക്കുന്നത് എന്തിനെന്ന ചോദ്യം ഉന്നയിച്ചു. ശബരിമല പൊതുക്ഷേത്രമാണെങ്കിൽ എല്ലാവർക്കും ഒരുപോലെ ആരാധന നടത്താൻ കഴിയണം. അല്ലാത്തപക്ഷം അത് ഭരണഘടനാ
  വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസിന്‍റെ പരാമർശം.

  2018 ജൂലൈ 25

  സ്ത്രീപ്രവേശനത്തെ എതിർത്ത് നായർ സർവീസ് സൊസൈറ്റി സുപ്രീം കോടതിയിൽ. വിശ്വാസിയെ സംബന്ധിച്ച് അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യഭാവം പ്രധാനമാണെന്നും എൻ.എസ്.എസ് കോടതിയിൽ വാദിച്ചു. സ്ത്രീപ്രവേശന വിലക്കിന് 60 വർഷത്തെ പഴക്കമുണ്ടെന്നും ദേവന്‍റെ പ്രാധാന്യമാണ് നോക്കേണ്ടതെന്നും എൻഎസ്എസിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ.പരാശരൻ കോടതിയിൽ വാദിച്ചു.

  2018 ജൂലൈ 26

  ദേവസ്വംബോർഡിനും എൻഎസ്എസിനും പുറമെ അയ്യപ്പസേവാസംഘവും കേസിൽ കക്ഷി ചേരുന്നു.

  2018 ഓഗസ്റ്റ് 1

  അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം ചൂണ്ടിക്കാട്ടി സ്ത്രീപ്രവേശനം വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.വാദം പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിവെച്ചു

  2018 സെപ്റ്റംബർ 28

  ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് അഞ്ചംഗ ഭരണഘടനാബെഞ്ചിന്‍റെ വിധി. ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജിപ്പോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ ചരിത്രപരമായ വിധി.

  2018 സെപ്റ്റംബർ 29

  തുലാമാസപൂജയ്ക്ക് തന്നെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകുമെന്നും ഇതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങുമെന്നും ദേവസ്വം ബോർഡ്.

  2018 സെപ്റ്റംബർ 30

  വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ എത്തുമെന്ന് തോന്നുന്നില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ ഈ പ്രസ്താവന വിവാദമായി. ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് വരുമെന്ന് തോന്നുന്നില്ല. തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. അമ്പലത്തിനുള്ളില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

  2018 ഒക്ടോബർ 1

  സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗം തീരുമാനിക്കുന്നു. സ്ത്രീകള്‍ക്ക് വിരിവെക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ നിലയ്ക്കലിലും എരുമേലി ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ഏര്‍പ്പെടുത്തും. എല്ലാ ക്യാമ്പുകളിലും സ്ത്രീകള്‍ക്ക് പ്രത്യേകം ശൗചാലയങ്ങള്‍ തയാറാക്കുമെന്നും യോഗശേഷം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ.

  2018 ഒക്ടോബർ 1

  ശബരിമല സ്ത്രീപ്രവേശനവുമായി മുന്നോട്ടുപോകുന്ന സർക്കാർ നടപടികൾക്കെതിരെ ശബരിമല സംരക്ഷണ സമിതി സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിച്ചു.

  2018 ഒക്ടോബർ 2

  ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിയതിൽ അയ്യപ്പന്‍റെ വളർത്തുഭൂമിയെന്ന് വിശ്വസിക്കുന്ന പന്തളത്ത് വൻ പ്രതിഷേധമുണ്ടായി. മാധ്യമപ്രചരണമോ, പ്രത്യേകിച്ചൊരു സംഘടനയുടെ പിന്തുണയോ ഇല്ലാതെ നടന്ന പ്രതിഷേധസൂചകമായ നാമജപയാത്രയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

  എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന്‍റെ പ്രസ്താവന.

  2018 ഒക്ടോബർ 3

  ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി നടപ്പിലാക്കാന്‍ മാത്രമേ സര്‍ക്കാരിനു കഴിയൂവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുന്നു.

  2018 ഒക്ടോബർ 4

  ശബരിമല വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുമെന്ന് എൻഎസ്എസും കോൺഗ്രസും പ്രഖ്യാപിക്കുന്നു. ശബരിമല വിഷയത്തിൽ ബിജെപി പ്രതിഷേധം തുടങ്ങുകയാണെന്ന് അഡ്വ. പി.എസ് ശ്രീധരൻപിള്ളയുടെ പ്രഖ്യാപനം.

  ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ വിമർശിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് മുന്‍ സുപ്രീംകോടതി ജഡ്ജി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും മുസ്ലിം പള്ളികളിലെയും ആചാരങ്ങള്‍ മാറ്റാന്‍ കോടതി ഇടപെടുമോയെന്ന ചോദ്യമാണ് കട്ജു ഉന്നയിക്കുന്നത്.

  2018 ഒക്ടോബർ 5

  ശബരിമല വിധിയിൽ പാർട്ടി നിലപാട് മയപ്പെടുത്തി സി പി എം രംഗത്ത്. സ്ത്രീകളെ ശബരിമലയിൽ കൊണ്ട് പോകാനും വരാനും സി പി എം ഇടപെടില്ല എന്നാൽ കോടതി വിധിയിലൂടെ ലഭിച്ച അവസരം ഇഷ്ടമുള്ള സ്ത്രികൾക്ക് ഉപയോഗിക്കാമെന്നതാണ് പാർട്ടിയുടെ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
  കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം .

  സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളെന്നും സ്‌ത്രീകൾ ബഹുമാനിക്കപെടണമെന്നും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. പുരുഷന് എത്രമാത്രം ബഹുമാനം ലഭിക്കുന്നോ അതുപോലെ സ്ത്രീക്കും ബഹുമാനം ലഭിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാര്‍ത്ഥ വീടെന്നും അദ്ദേഹം
  പറഞ്ഞു.

  2018 ഒക്ടോബർ 7

  ശബരിമല വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം. നാമജപവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. ഡൽഹിയിൽ മന്ത്രി ഇ.പി ജയരാജനുനേരെയും പ്രതിഷേധമുണ്ടായി.

  2018 ഒക്ടോബർ 8

  ശബരിമല വിഷയത്തിൽ ആദ്യ പുനഃപരിശോധന ഹർജിയുമായി എൻഎസ്എസ് സുപ്രീം കോടതിയിൽ. ശബരിമല
  രാഷ്ട്രീയവിഷയമായി ഏറ്റെടുത്ത് കോൺഗ്രസും ബിജെപിയും.

  2018 ഒക്ടോബർ 17

  തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. നട തുറന്നത് മുതല്‍ ശബരിമല സംഘര്‍ഷ ഭൂമിയായിരുന്നു. സുപ്രീം കോടതി വിധിയുടെ
  ബലത്തില്‍ മല കയറാന്‍ ഒരുങ്ങി വരുന്ന സ്ത്രീകളെ തടയാന്‍ സജ്ജരായി വിശ്വാസികള്‍ പമ്പയിലും നിലയ്ക്കലിലുമെല്ലാം തമ്പടിച്ചു നിന്നു. കയറാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പൊലീസ് പല രീതിയിലും സന്നിധാനത്ത് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന്
  പിന്മാറുകയായിരുന്നു.

  2018 ഒക്ടോബർ 18

  ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹർത്താൽ. ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും പിന്തുണ പ്രഖ്യാപിച്ചു.

  ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ് പൊലീസ് സംരക്ഷണയിൽ മല കയറാനെത്തി. എന്നാൽ മരക്കൂട്ടത്ത് വെച്ച് സുഹാസിനിയെ പ്രതിഷേധക്കാർ തടഞ്ഞു. തുടർന്ന് യാത്രമതിയാക്കി അവർ മലയിറങ്ങി.

  2018 ഒക്ടോബര്‍ 19

  തെലങ്കാനയിൽ നിന്നുള്ള കവിതയും മലയാളി ആക്ടിവിസ്റ്റ് രഹന ഫാത്തിമയും പൊലീസ് സംരക്ഷണയിൽ നടപ്പന്തലിന് സമീപംവരെയെത്തി. എന്നാൽ സന്നിധാനത്ത് ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഉദ്യമത്തിൽ നിന്ന് പൊലീസ് പിന്മാറി.

  യുവതികൾ പതിനെട്ടാംപടി കയറിയാൽ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു.

  സന്നിധാനത്ത് കഴിഞ്ഞ ദിവസം സ്ത്രീകളെ തടഞ്ഞ 200 പേർക്കെതിരെ പൊലീസ് കേസെടുത്തു.

  2018 ഒക്ടോബർ 20

  കൊല്ലം ചാത്തന്നൂർ സ്വദേശിയായ മഞ്ജു പമ്പയിൽ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങി.

  2018 ഒക്ടോബർ 22

  തുലമാസ പൂജകൾക്ക് ശേഷം നട അടച്ചു. പ്രതിഷേധക്കാരുടെ വിജയാഹ്ളാദം.

  2018 നവംബർ 5

  ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നു. പൊലീസ് കർശന സുരക്ഷ ഒരുക്കിയെങ്കിലും പ്രതിഷേധങ്ങളുണ്ടായി. 50 വയസ് തികഞ്ഞില്ലെന്ന തെറ്റിദ്ധാരണയിൽ‌ സ്ത്രീകളെ തടഞ്ഞു. മാധ്യമപ്രവർത്തകർക്ക് മർദനമേറ്റു.

  2018 നവംബർ 6

  ചിത്തിര ആട്ടവിശേഷത്തിനായി തുറന്ന നട അടച്ചു.

  2018 നവംബർ 13

  ശബരിമല വിധിയ്ക്കെതിരായ പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. ജനുവരി 22ന് തുറന്ന കോടതിയിൽ പുനഃപരിശോധന ഹർജികളും റിട്ട് ഹർജികളും വാദംകേൾക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചു.

  2019 ഫെബ്രുവരി 6

  പുനഃപരിശോധനാ ഹർജികളും അപേക്ഷകളും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഒരുമിച്ച് പരിഗണിച്ചു. ബന്ധപ്പെട്ടവരുടെ വാദം കേട്ടു.

  2019 നവംബർ 14

  പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ബെഞ്ച് വിധി പറയും.  രാവിലെ 10.30നാണ് വിധി പ്രഖ്യാപിക്കുക.

  Also Read- Sabarimala Verdict:വാദിച്ചവർ ഇവർ: പുനഃപരിശോധനാ ഹർജികളിൽ ഹാജരായ അഭിഭാഷകരും വാദങ്ങളും

   

  First published: