കൊച്ചി: കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിൽ തൊഴില്‍, ആരോഗ്യ വകുപ്പ് അധിക്യതർ നടത്തിയ പരിശോധനയ്ക്കെതിരെ എം.ഡി സാബു എം ജേക്കബ്. ആര്‍ക്കും നെഞ്ചത്ത് കയറിയിരുന്ന് നിരങ്ങാവുന്ന ഒരു വര്‍ഗമാണല്ലോ വ്യവസായികൾ. ഒരു പ്രയോജനവുമില്ലാത്ത കുറെ പാഴ് ജന്മങ്ങള്. ഇവരാണ് കേരളത്തിന്റെ ശാപമെന്നും സാബു ജേക്കബ് പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിൽ സാബു എം ജേക്കബിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
സാബു എം ജേക്കബിന്റെ കുറിപ്പ് പൂർണരൂപത്തില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരാണ് കിറ്റെക്സില്‍ തുടര്‍ച്ചയായി പരിശോധന നടത്തിയത്. ആര്‍ക്കും നെഞ്ചത്ത് കയറിയിരുന്ന് നിരങ്ങാവുന്ന ഒരു വര്‍ഗമാണല്ലോ വ്യവസായികള്‍. കള്ളന്മാരെയും കൊള്ളക്കാരെയും പിടിയ്ക്കാന്‍ വരുന്ന പോലെ ആയിരുന്നു വരവും പരിശോധനയും എല്ലാം. പരിശോധന നടത്തിയവരെല്ലാം ഞങ്ങളില്‍ കണ്ടുപിടിച്ച ഏക കുറ്റം 15000 പേര്‍ക്ക് ജോലി കൊടുക്കുന്നു എന്ന അപരാധമാണ്. അതും കേരളത്തില്‍. ഇങ്ങനെ ഒരാളെ വെറുതെ വിടരുത്. പിടിച്ച് അകത്തിടണം. പൂട്ടിയ്ക്കണം. എന്തുകൊണ്ട് ഈ ഉദ്യോഗസ്ഥന്മാര് കേരളത്തിലെ മറ്റ് വ്യവസായ സ്ഥാപനങ്ങളില്‍ ഇതെ രീതിയില്‍ പരിശോധന നടത്തുന്നില്ല ?. എന്തുകൊണ്ട് കിറ്റെക്സില്‍ മാത്രം കയറി പരിശോധന നടത്തുന്നു. നിയമം എല്ലാവര്ക്കും ഒരുപോലെയല്ലെ വേണ്ടത്.
ഇവിടെ കുറെ ആളുകളുണ്ട്. രാവില എഴുന്നേറ്റാല്‍ കിറ്റെകിസിലെ തൊഴിലാളികള്‍ രാത്രി ഉറങ്ങിയോ?, അവര്‍ക്ക് പ്രഭാത ഭക്ഷണത്തിന് മുട്ട ഉണ്ടായിരുന്നോ?, മുട്ടയ്ക്ക് ഉപ്പ് ഉണ്ടായിരുന്നോ? ഇത് മാത്രമാണ് ജോലി. എന്നിട്ടിതൊക്കെ സോഷ്യല്‍ മീഡിയയില്‍ തട്ടി വിടും. കിറ്റെകിസിലെ തൊഴിലാളികളെക്കുറിച്ച് എന്തൊരു ജാഗ്രതയാണിവര്ക്ക്. സ്വന്തം അച്ചന്റെയും അമ്മയുടെയും കൂടപ്പിറപ്പുകളുടെയും കാര്യത്തില്‍ പോലുമില്ല ഇവര്‍ക്ക് ഈയൊരു ശുഷ്കാന്തി. ഈ പറയുന്നവരാരെങ്കിലും സ്വന്തമായി അദ്ധ്വാനിച്ച പണം കൊണ്ട് ഒരാള്‍ക്കെങ്കിലും ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ടോ?. മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഫലം തിന്ന് ജീവിയ്ക്കുന്നതല്ലാതെ ഒരാളെങ്കിലും ഒരു ദിവസത്തെ തൊഴില്‍ കൊടുത്തിട്ടുണ്ടോ?. ആര്‍ക്കും പ്രയോജനമില്ലാത്ത കുറെ പാഴ്ജന്മങ്ങള്. ഇവരാണ് കേരളത്തിന്റെ ശാപം.
എന്റെ ഫാക്ടറിയില്‍ കൊടുക്കുന്ന സൗകര്യം പോരാ എന്നാണ് പരാതി. ആര്‍ക്ക് വേണമെങ്കിലുംവ്യവസായം തുടങ്ങാമല്ലോ. ഈ പറയുന്നവരൊക്കെ ഒരെണ്ണം തുടങ്ങി കാണിയ്ക്കട്ടെ. ഞങ്ങള്‍ ഇവിടെ 15000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. അത്രയ്ക്കൊന്നും ഇവര്‍ ചെയ്യുമെന്ന് തോന്നുന്നില്ല. ഒരു വ്യവസായം തുടങ്ങി 10 പേര്‍ക്ക് എങ്കിലും ജോലിയും താമസവും ഭക്ഷണവും ഒക്കെ ഒന്ന് നടത്തി കാണിക്കട്ടെ. എന്നിട്ടാകാം വാചകമടി.
25 ലക്ഷം തൊഴിലാളികളാണ് അന്യ സംസ്ഥാനങ്ങളില്ഡ പോയി ജോലി ചെയ്യുന്നത്. 36 ലക്ഷം തൊഴിലാളികള്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. എന്തുകൊണ്ട് 61 ലക്ഷം മലയാളികള്‍ നാടും വീടും സ്വന്തവും ബന്ധവുമെല്ലാം വിട്ട് അന്യ സംസ്ഥാനങ്ങളിലോ മറ്റ് രാജ്യങ്ങളിലോ പോയി തൊഴിലെടുക്കേണ്ടി വരുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍?
കേരളത്തില്‍ 20നും 30നും ഇടയ്ക്ക് പ്രായമുള്ള 40 ലക്ഷത്തോളം യുവതി-യുവാക്കള്‍ ആണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് ജോലിയ്ക്കായി കാത്തിരിയ്ക്കുന്നത്. ഇതിന് പുറമെ 40നും 60നും ഇടയ്ക്ക വയസ് പ്രായമുള്ള 35 ലക്ഷത്തോളം ആളുകള്‍ തൊഴിലില്ലാതെ വീട്ടില്‍ തന്നെ ഇരിയ്ക്കുന്നു. എന്തുകൊണ്ട് കേരളത്തില്‍ ഈ സ്ഥിതി വിശേഷം ഉണ്ടായി?. ആരാണ് ഇതിന് ഉത്തരവാദികള്‍?. ചുരുക്കി പറഞ്ഞാല്‍ മലയാളികള്‍ക്ക് ജീവിയ്ക്കണമെങ്കില്‍ അന്യ സംസ്ഥാനങ്ങളിലോ മറ്റ് രാജ്യങ്ങളിലോ പോയി തൊഴിലെടുക്കേണ്ട ഗതികേടാണ്.
എംആര്‍എഫ്, സിന്തൈറ്റ്, വി ഗാര്‍ഡ് തുടങ്ങി നൂറുകണക്കിന് വന്‍കിട കമ്പനികള്‍ എന്തുകൊണ്ട് കേരളം വിട്ട് അന്യസംസ്ഥാനങ്ങളിലേയ്ക്ക് പോയി?. എന്തുകൊണ്ട് ഇത് സംഭവിച്ചു?. കേരളത്തിന് പുറത്ത് മലയാളികള്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങളില്‍ മാത്രം 30 ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ആര്‍ക്കാണ് ഇതുകൊണ്ട് നഷ്ടം സംഭവിച്ചത്. ആരാണ് ഇതിന് ഉത്തരവാദികള്‍?
ആരും ഒട്ടും ആശ കൈവിടരുത്. നമ്മള് ഒത്തൊരുമിച്ച് ഉത്സാഹിച്ചാല്‍ ഒരു വ്യവസായ സ്ഥാപനങ്ങളും ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ നമ്മള്‍ക്ക് മാറ്റാം. മാറ്റണം
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.