കൊച്ചി: ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പാര്‍ട്ടിയുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ദീപുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിന് പിന്നില്‍ സ്ഥലം എംഎല്‍എ പി വി ശ്രീനിജന് ആണെന്ന് സാബു ജേക്കബ് പറഞ്ഞു. ശ്രീനിജനെയാണ് ഒന്നാം പ്രതിയായി ചേര്‍ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
എംഎല്‍എ ശ്രീനിജനെ അറസ്റ്റ് ചെയ്യണമെന്നും ഫോണുകള്‍ പിടിച്ചെടുക്കണമെന്നും സാബു ആവശ്യപ്പെട്ടു. എംഎല്‍എ ഗുണ്ടകള്‍ക്ക് ലൈസന്‍സ് നല്കി അഴിഞ്ഞിടാന് വിട്ടിരിക്കുകയാണ്. തന്നെയും ട്വന്റി ട്വന്റിയെയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ദീപുവിന്റെ കൊലപാതകം.
ദീപുവിനെ ഒരാഴ്ചയോളം പദ്ധതിയിട്ട് അടിച്ചു കൊല്ലുകയായിരുന്നുവെന്നും മരണം ബന്ധുക്കളെ അറിയിക്കുന്നതിന് മുന്‍പ് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചതില്‍ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സാബു ജേക്കബ് ആരോപിച്ചു.
പ്രൊഫഷണല്‍ രീതിയിലുള്ള ആക്രമണമായിരുന്നു. പുറത്തേക്ക് യാതൊരു പരിക്കും ഏല്ക്കാതെ ആന്തരികമായ ക്ഷതമേല്‍പ്പിക്കുന്ന മര്‍ദ്ദനമാണ് നടത്തിയത്. വാര്‍ഡ് മെമ്പര്‍ സ്ഥലത്ത് എത്തുമ്പോള്‍ ദീപുവിനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.
ഭരണത്തില്‍ കയറി പത്തു മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ഭരണത്തിലല്ല. പകരം ട്വന്റി ട്വന്റിയെ എങ്ങനെ ഇല്ലാതാക്കാമെന്നാണ് നോക്കുന്നത്. 10 മാസം കൊണ്ടു അഞ്ച് പൈസയുടെ പ്രയോജനം എംഎല്‍എയെ കൊണ്ട് ഉണ്ടായിട്ടില്ല. അര്‍ഹത ഇല്ലാത്തവര്‍ക്ക് അധികാരം കിട്ടുന്നതിന്റെ ഇരയാണ് ദീപുവെന്നും സാബു കുറ്റപ്പെടുത്തി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.