കോഴിക്കോട്: അലനും ത്വാഹക്കുമെതിരെ യു.എ.പി.എ ചുമത്തിയതിന് സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് കവി സച്ചിദാനന്ദന്. ഒരു ഇടതുപക്ഷ സര്‍ക്കാറില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായിരിക്കുന്നതെന്നും തെറ്റ് അടിയന്തരമായി തിരുത്തണമെന്നും സച്ചിദാനന്ദന് ന്യൂസ് 18 നോടു പറഞ്ഞു.
also read:
അക്രമം വേണ്ട; കാലത്തിനൊത്ത് മാറാൻ എസ് എഫ് ഐ
' പൗരത്വബില്ലിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുന്ന സമയമാണിത്. ഈ പ്രക്ഷോഭത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല കേരളത്തില്‍ ഇടത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസിനെ മാത്രം കുറ്റപ്പെടുത്തി കൈകഴുകാനാകില്ല. പിന്നെ ആഭ്യന്തരമന്ത്രിയും സര്‍ക്കാറും എന്താണ് ചെയ്യുന്നത്. പൊലീസില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടാകുമെന്നാണ് തനിക്ക് ലഭിച്ച വിവരം. അത്തരക്കാര്‍ എങ്ങിനെ നുഴഞ്ഞുകയറിയെന്നതിനും സര്‍ക്കാര്‍ മറുപടി പറയണം-സച്ചിദാനന്ദൻ.
അലനും ത്വാഹയും പുസ്തകം വായിക്കുകയും നോട്ടീസ് കൈവശം വെക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പുസ്തകം വായിച്ചാല്‍ യു.എ.പി.എ ചുമത്താമെന്നാണോ പറയുന്നത്. ഒരു ഇടതുപക്ഷ സര്‍ക്കാറില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്താണ് ഉണ്ടായിരിക്കുന്നത്. ഇത് അയിയന്തരമായി തിരുത്തണം'- സച്ചിദാനന്ദന് പറഞ്ഞു.
പല ആശയങ്ങള്‍ സ്വീകരിക്കുന്നവരുണ്ടാകും. ബിനായക് സെന്‍ കേസിലും വയനാട്ടിലെ ശ്യാം ബാലകൃഷ്ണന് കേസിലുമെല്ലാം കോടതി ഇക്കാര്യം വ്യക്തമാക്കിയതാണ്. ആശയങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ട് ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ല. അവര്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തണം. എന്ത് കുറ്റമാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സച്ചിദാനന്ദന് ന്യൂസ് 18നോടു പറഞ്ഞു.
യു.എ.പി.എ ചുമത്തിയതിനെതിരെ നേരത്തെ സച്ചിദാനന്ദന് ഓഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിലും സര്‍ക്കാറിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സച്ചിദാനന്ദനെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.