• HOME
  • »
  • NEWS
  • »
  • kerala
  • »
  • സയീദ് അക്തർ മിർസ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

സയീദ് അക്തർ മിർസ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ് സയീദ് അക്തർ മിർസ

  • Share this:

    തിരുവനന്തപുരം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ മേധാവി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ  സയീദ് അക്തർ മിർസയെയാണ് ചെയർമാനായി തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ക്ഷണം താൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

    സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞ പദവിയിലേക്കാണ് സയീദ് അക്തർ മിർസ എത്തുന്നത്. അടൂർ ഗോപാലകൃഷ്ണൻ തന്റെ നല്ല സുഹൃത്താണെന്ന് അദ്ദേഹം പറ‍ഞ്ഞു.

    കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചില പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിൻറെ പേരിൽ സ്ഥാപനത്തിൻറെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവില്ലല്ലോ എന്നും സയീദ് അക്തർ പറഞ്ഞു.

    കേരളത്തിലാണ് നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നതെങ്കിലും ദേശീയതലത്തിൽ പ്രാധാന്യമർഹിക്കുന്ന സ്ഥാപനമാണ് കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. ഇന്നു തന്നെ കോട്ടയത്തേക്ക് പോകും. ജീവനക്കാരുമായും വിദ്യാർത്ഥികളുമായും നേരിട്ട് ചർച്ച നടത്തുമെന്നും സയീദ് അക്തർ പറ‍ഞ്ഞു.

    വിദ്യാർത്ഥി സമരത്തെ തുടർന്ന് ഡയറക്ടർ സ്ഥാനത്തു നിന്ന് രാജിവെച്ച ശങ്കര്‍ മോഹന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു അടൂർ ഗോപാലകൃഷ്ണൻ ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവെച്ചത്.

    അതേസമയം, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടറെ വൈകാതെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.

    ഇന്ത്യൻ സിനിമ-ടെലിവിഷൻ രംഗത്തെ അതികായന്മാരിൽ ഒരാളായി കരുതപ്പെടുന്ന വ്യക്തിയാണ് സയീദ് അക്തർ മിർസ. എൺപതുകളിലും തൊണ്ണൂറുകളിലും ഹിന്ദിയിൽ നിരവധി ശ്രദ്ധേയമായ സമാന്തര സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻ ജോഷി ഹസീർ ഹോ( 1984), ആൽബർട്ട് പിന്റോ കോ ഗുസ്സാ ക്യൂൻ ആതാ ഹേ (1980), സലീം ലംഗ്ഡേ പേ മത് രോ (1989), നസീം (1995) എന്നിവ ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്. നസീമിന് 1996 ൽ രണ്ട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

    ദൂരദർശനിൽ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകളും സയീദ് അക്തർ സംവിധാനം ചെയ്തിട്ടുണ്ട്. നൂക്കഡ് (1986), ഇൻതിസാർ( 1988) എന്നിവ ഇതിൽ ശ്രദ്ധേയമാണ്. പൂനെ ഫിലിം ഇൻസ്റ്റ്യൂട്ട് പൂർവ വിദ്യാർത്ഥിയായിരുന്ന മിർസ പിന്നീട് സ്ഥാപനത്തിൽ അധ്യാപകനായും ചെയർമാനായും സേവനമനുഷ്ഠിച്ചു.

    Published by:Naseeba TC
    First published: