'ജലീൽ എൻറെ കരിയർ നശിപ്പിച്ചു; ലോകായുക്ത വിധി പ്രതീക്ഷ നൽകുന്നത്': സഹീർ കാലടി
'ജലീൽ എൻറെ കരിയർ നശിപ്പിച്ചു; ലോകായുക്ത വിധി പ്രതീക്ഷ നൽകുന്നത്': സഹീർ കാലടി
2016 ൽ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് സഹീർ കാലടി അപേക്ഷ നൽകിയിരുന്നു. അന്ന് സഹീർ പൊതുമേഖലാ സ്ഥാപനമായ മാൽകോ ടെക്സിലെ ഫിനാൻസ് മാനേജരായിരുന്നു. നിഷ്കർഷിച്ച യോഗ്യതകളെല്ലാം തനിക്ക് ഉണ്ടായിരുന്നെന്നും മന്ത്രി ജലീൽ പിന്നീട് അദീപിന് വേണ്ടി തസ്തികയുടെ യോഗ്യതയിൽ തിരുത്തൽ വരുത്തിയെന്നുമാണ് സഹീർ പറയുന്നത്.
മലപ്പുറം: മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിയിൽ ആശ്വാസം കൊള്ളുന്ന ഒരാളുണ്ട്, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ നൽകിയെങ്കിലും തടയപ്പെട്ട സഹീർ കാലടിയെന്ന ചെറുപ്പക്കാരൻ. ജലീൽ വ്യക്തി വിരോധം വച്ച് തൻറെ കരിയർ നശിപ്പിച്ചെന്നാണ് സഹീർ കാലടിയുടെ ആക്ഷേപം.
2016 ൽ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് സഹീർ കാലടി അപേക്ഷ നൽകിയിരുന്നു. അന്ന് സഹീർ പൊതുമേഖലാ സ്ഥാപനമായ മാൽകോ ടെക്സിലെ ഫിനാൻസ് മാനേജരായിരുന്നു. നിഷ്കർഷിച്ച യോഗ്യതകളെല്ലാം തനിക്ക് ഉണ്ടായിരുന്നെന്നും മന്ത്രി ജലീൽ പിന്നീട് അദീപിന് വേണ്ടി തസ്തികയുടെ യോഗ്യതയിൽ തിരുത്തൽ വരുത്തിയെന്നുമാണ് സഹീർ പറയുന്നത്.
" ജലീലിൻ്റെ ബന്ധുവിന് വേണ്ടി കണ്ടെത്തിയ പോസ്റ്റിലേക്ക് അപേക്ഷ നൽകി എന്ന ഒരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ബി-ടെക് ആദ്യ ഘട്ടത്തിൽ ഈ ജോലിക്ക് വേണ്ടി ഉള്ള യോഗ്യത ആയിരുന്നില്ല. പിന്നീട് അത് ജലീലിന്റെ താത്പര്യ പ്രകാരം തിരുത്തി" സഹീർ പറയുന്നു.
യോഗ്യത ഇല്ലെന്ന് പറഞ്ഞ് തഴഞ്ഞ നടപടിക്കെതിരെ ഫേസ്ബുക് പോസ്റ്റ് ഇട്ടതോടെയാണ് താൻ ജലീലിന് ശത്രുവായെന്നും പിന്നിട് സ്ഥാപനത്തിൽ ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ വന്നെന്നും സഹീർ പറഞ്ഞു. തൊഴിലിടത്തിലെ പീഡനം സഹിക്കാൻ പറ്റാതെയാണ് രാജി വച്ചത്. ജലീലിനെതിരെ നൽകിയ പരാതികൾ തീർപ്പാകാത്ത സാഹചര്യത്തിലാണ് ലോകായുക്തയുടെ വിധി വന്നതെന്നും സഹീർ പറയുന്നു.
മാൽകൊ ടെക്സിൽ 20 വർഷത്തെ സർവീസ് ബാക്കി നിൽക്കെയാണ് സഹീർ രാജി വെച്ചത്. സ്ഥാപനത്തിലെ അഴിമതികൾക്കെതിരെ ശബ്ദമുയർത്തിയ തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ എംഡി പെരുമാറിയതിന് പിന്നിൽ ജലീലിന് തന്നോട് ഉള്ള വിരോധമാണെന്നും സഹീർ ആരോപിക്കുന്നു. മതിയായ യോഗ്യത ഇല്ലെന്നു പറഞ്ഞാണ് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിന്നും തന്നെ തഴഞ്ഞത്. എന്നാൽ 2019 ൽ ഇതേ യോഗ്യത വച്ച് അപേക്ഷിച്ചപ്പോൾ സ്വീകരിച്ചു . അന്ന് അവസാന ഘട്ട ഇൻ്റർവ്യൂവിലേക്ക് അവസരം കിട്ടുകയും ചെയ്തു. എന്നാൽ എൻ.ഒ.സി നൽകാതെയായിരുന്നു മാൽകോ ടെക്സ് എംഡിയുടെ പ്രതികാരം. ഇതോടെയാണ് അന്നത്തെ അവസരം നഷ്ടമായതെന്നും സഹീർ പറയുന്നു.
ജലീലിനെതിരായ നിയമ പോരാട്ടം സഹീർ കാലടി ഇപ്പോഴും തുടരുകയാണ്. ലോകായുക്തയ്ക്ക് മുന്നിൽ ഹാജരാക്കാൻ വേണ്ട തെളിവുകളെല്ലാം പരാതിക്കാരന് നൽകിയതും സഹീർ കാലടിയാണ് .
നിലവിൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ സെക്രട്ടറിയാണ് സഹീർ.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.