ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് രാജിവെച്ച് 182 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രികസേരയിലേക്കുള്ള സജി ചെറിയാന് മടങ്ങി വരവ്. അന്വേഷണഘട്ടത്തിൽ മന്ത്രിസ്ഥാനത്തു തുടരുന്നത് അനുചിതമാകുമെന്ന ധാർമികതയുടെ പേരിലാണ് സജി ചെറിയാന് രാജി വെച്ചത് എന്നാണ് അന്ന് സിപിഎം ന്യായീകരിച്ചത്. എന്നാല്‍ കേസില്‍ അന്വേഷണം അവസാനിപ്പിച്ചു പൊലീസ് റിപ്പോർട്ട് നൽകി എന്ന വാദം മുന്‍ നിര്‍ത്തിയാണ് മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതും. കേസ് അവസാനിപ്പിച്ചിട്ടു കഷ്ടിച്ച് ഒരു മാസമേയാകുന്നുള്ളൂ.
ഹൈക്കോടതി കേസ് റദ്ദാക്കി 11 മാസം കാത്തിരുന്ന ശേഷമാണ് ഒന്നാം പിണറായി സർക്കാരിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.പി.ജയരാജന് മന്ത്രിസഭയിലേക്കു തിരിച്ചുവരാനായത്. ആ തിരിച്ചുവരവിന് നേരിട്ട സങ്കീർണതകളൊന്നും സജിയുടെ കാര്യത്തിലുണ്ടായില്ല. സജിയുടെ സ്റ്റേറ്റ് കാറും കസേരയും അദ്ദേഹത്തിനായി കാത്തിരുന്നു എന്ന് വ്യക്തം. സിപിഎം സംസ്ഥാന സെക്രട്ടറിയായപ്പോൾ മന്ത്രിസ്ഥാനം രാജിവച്ച എം.വി.ഗോവിന്ദന് പകരക്കാരനെ കണ്ടെത്തിയപ്പോഴും സജിയുടെ കസേരയിലേക്ക് പകരക്കാരനെ കൊണ്ടുവരാന്‍ പാര്‍ട്ടി തയാറായില്ല. എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാവുന്ന തരത്തിലാണ് വകുപ്പുകളും ജീവനക്കാരും മറ്റു മന്ത്രിമാരുടെ കീഴിലേക്കു മാറ്റിയത്. കേന്ദ്രകമ്മിറ്റിയംഗമായ ഇപി ജയരാജനെക്കാള്‍ ശക്തനാണ് സെക്രട്ടേറിയറ്റിലെ ജൂനിയറായ സജി ചെറിയാൻ എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
വ്യക്തിപരമായ അഴിമതിയുടെയോ, സ്വജന പക്ഷപാതത്തിന്റെയോ, വകുപ്പിലെ വീഴ്ചയുടെയോ പേരിലല്ല സജി ചെറിയാന് മന്ത്രി സ്ഥാനം ഒഴിഞ്ഞത്. എന്നാൽ ഇപിയുടെ കാര്യം അങ്ങനെയായിരുന്നില്ല എന്നായിരുന്നു വിഷയത്തില്‍ സിപിഎം നല്കിയ വിശദീകരണം.
ഭാര്യാസഹോദരി പി.കെ.ശ്രീമതിയുടെ മകനെ വ്യവസായവകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ എംഡിയായി നിയമിച്ചതിന്റെ പേരിലാണ് 2016 ഒക്ടോബർ 14 ന് ഇ.പി ജയരാജന് രാജിവെച്ചത്. കേസിന്റെ ഗതി അറിയും മുൻപ് നവംബര്‍ 22ന് എം.എം.മണിയെ മന്ത്രിയാക്കി. കേസ് 2017 സെപ്റ്റംബറിൽ ഹൈക്കോടതി റദ്ദാക്കിയപ്പോൾ തിരിച്ചുവരാൻ മന്ത്രിസഭയിൽ ഒഴിവുണ്ടായില്ല. അതേസമയം, ഇപിക്ക് പിന്നാലെ രാജിവച്ച എ.കെ.ശശീന്ദ്രനെ തിരിച്ചെടുക്കുകയും ചെയ്തു.
ആദ്യം രാജിവച്ചയാൾ കുറ്റവിമുക്തനായി കാത്തിരിക്കുമ്പോള്‍ രണ്ടാമത് രാജിവെച്ചയാളെ വീണ്ടും മന്ത്രിയാക്കിയതില്‍ ഇപി ജയരാജന്റെ അതൃപ്തി പ്രകടമായിരുന്നു. അങ്ങിനെ പഴയ വാദമൊക്കെ പാര്‍ട്ടി വിഴുങ്ങിയപ്പോൾ 2018 ഓഗസ്റ്റ് 14ന് ജയരാജന് വീണ്ടും മന്ത്രിയായി. ഒരു മന്ത്രിയെ അധികമെടുത്തതിനു പകരം സിപിഐയ്ക്കു കാബിനറ്റ് പദവി നൽകേണ്ടിവന്നു. കെ.രാജൻ ചീഫ് വിപ്പായി.
എം.വി ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറി ആയി എംബി രാജേഷിനെ മന്ത്രിയാക്കിയപ്പോഴും വകുപ്പുകള്‍ വിഭജിച്ചില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.