• HOME
  • »
  • NEWS
  • »
  • kerala
  • »
  • Women's Marriage Age | പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ സലഫി സംഘടന; സ്വാഗതം ചെയ്ത് KCBC

Women's Marriage Age | പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ സലഫി സംഘടന; സ്വാഗതം ചെയ്ത് KCBC

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കേരളത്തിലെ സലഫി കൂട്ടായ്മയായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ

Representative image

Representative image

  • Share this:
    കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കേരളത്തിലെ സലഫി (Salafi) കൂട്ടായ്മയായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ (Wisdom Islamic Organisation) കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ആളുകൾ വ്യത്യസ്‌ത സാമൂഹിക സാഹചര്യങ്ങളിൽ ജീവിക്കുന്നതിനാൽ ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്‌റഫ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

    “വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആയി ഉയർത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാകുന്നില്ല. 18-ാം വയസ്സിൽ പെൺകുട്ടികൾ വിവാഹം കഴിച്ചാൽ മാനസികമോ ശാരീരികമോ ആയ പ്രശ്‌നങ്ങൾ ഉള്ളതായി ഒരു മെഡിക്കൽ പഠനവും സൂചിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ‌നിയമത്തിന്റെ പ്രസക്തി എന്താണെന്നും” അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.

    18 വയസ്സിനു ശേഷം ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനും സ്വത്തുക്കൾ സ്വന്തമാക്കാനും കഴിയുന്ന രാജ്യത്ത് വിവാഹപ്രായം മാത്രം 21 വയസ്സായി ഉയർത്തുന്നത് കൗതുകകരമാണെന്നും അഷ്‌റഫ് കൂട്ടിച്ചേർത്തു. നിലവിലുള്ള നിയമം അനുസരിച്ച്, 18 വയസ്സുള്ളവർക്ക് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം. എന്നാൽ വിവാഹം കഴിക്കാൻ 21 വർഷം വരെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    “വിവാഹത്തിനു ശേഷമുള്ള കുടുംബബന്ധങ്ങൾ സാമൂഹിക സുരക്ഷയുടെ നട്ടെല്ലാണ്, നിയമവിരുദ്ധമായ ബന്ധങ്ങൾ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കും. പെൺകുട്ടികൾ വിവാഹം കഴിക്കാൻ 21 വയസ്സ് വരെ കാത്തിരിക്കണമെന്ന വ്യവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെയും മതവിശ്വാസത്തെയും ഹനിക്കുന്നതാണെന്നും“ അഷ്‌റഫ് പറഞ്ഞു.

    നടപടി സ്വാഗതം ചെയ്ത് ബിഷപ്പ് കൗൺസിൽ

    സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം ഏകീകരിക്കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ ക്രിയാത്മക നീക്കമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (KCBC) വിശേഷിപ്പിച്ചു.

    “രാജ്യത്തെ നിയമം അംഗീകരിച്ചും അതിനെ മാനിച്ചും സഹകരിച്ചും സഭ മുന്നോട്ട് പോകും. വിദ്യാഭ്യാസം ഒരു പ്രധാന ഘടകമായി തുടരണം. 21 വയസ്സ് ആകുമ്പോഴേക്കും പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും ബിരുദം പൂർത്തിയാക്കാനുള്ള അവസരം ലഭിക്കും. അത് പക്വമായ ബന്ധങ്ങൾക്കും ആരോഗ്യകരമായ കുടുംബത്തിനും വഴിയൊരുക്കും. വിദ്യാഭ്യാസവും ശരിയായ ജോലിയും ലഭിക്കുമ്പോൾ സ്ത്രീകളും സ്വയം പര്യാപ്തരാകും. അതിനാൽ, ഞങ്ങൾ ഈ തീരുമാനത്തെ പോസിറ്റീവായി കാണുന്നു, ”കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ സിമേന്തി പറഞ്ഞു.

    സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം പുരുഷന്മാരുടേതിന് സമാനമായി 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ ബുധനാഴ്ചയാണ് അനുമതി നൽകിയത്. 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും ഒരു വർഷത്തിന് ശേഷമാണ് മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നത്.
    Published by:Sarath Mohanan
    First published: