തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി (KSRTC) ജീവനക്കാര്‍ക്ക് തിങ്കളാഴ്ച ഭാഗികമായി ശമ്പളം നല്‍കും. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ തിങ്കളാഴ്ച ലഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ശമ്പള (Salary) വിതരണത്തിനായി കെ.എസ്.ആര്.ടി.സിക്ക് ആകെ വേണ്ടത് 97 കോടി രൂപയാണ്.
സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ ഉപയോഗിച്ച് കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശമ്പളം ഭാഗികമായി നല്‍കാനും അതിന് ശേഷം 45 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ഈ മാസം 20-ാം തിയതിയോട് കൂടി മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാം എന്ന ആലോചനയിലാണ് കെ.എസ്.ആര്.ടി.സി.
ശമ്പളമില്ലാത്ത വിഷുവും ഈസ്റ്ററുമാണ് ഇത്തവണ കെ.എസ്.ആര്.ടി.സിക്ക് ഉണ്ടായിരുന്നത്. ശമ്പള വിതരണം ഏത് രീതിയിലായിരിക്കും എന്നത് ഗതാഗത മന്ത്രി ആന്റണി രാജു വിശദീകരിക്കുമെന്നാണ് സൂചന.
മാര്‍ച്ച് മാസത്തെ ശമ്പളത്തിനായി ജീവനക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 48 ദിവസമായി. ഏപ്രില്‍ പാതിപിന്നിട്ടും ഇതുവരെ ശമ്പളം നല്കാന് മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് ശമ്പളത്തിന് വേണ്ടി ഇടത് യൂണിയന് തന്നെ സമരത്തിനിറങ്ങുന്നത്.
വികസനം പറയുന്ന സര്‍ക്കാരിന് ഇത് വലിയ നാണക്കേടായതോടെയാണ് ഏത് വിധേനയും പ്രതിസന്ധി പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ വകുപ്പ് തലത്തില്‍ നടക്കുന്നത്.
'ഞങ്ങള്‍ കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രി ആയത്' : സിഐടിയു
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇടത് തൊഴിലാളി സംഘടനായായ സിഐടിയു. വിഷുവും ഈസ്റ്ററും ആയിട്ടും കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെതിരെ സമരവുമായി സിഐടിയു രംഗത്തുണ്ട്. ‘തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായത്. അധികാരം കിട്ടിയപ്പോൾ മന്ത്രി ജീവനക്കാർക്ക് എതിരെ രംഗത്തു വരികയാണ്’ കെഎസ്ആർടിഇഎ(സിഐടിയു) സംസ്ഥാന സെക്രട്ടറി ശാന്തകുമാർ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നല്‍കും. ശമ്പളം ഇന്ന് മുതല്‍ ഗഡുക്കളായി നല്‍കാനും ആലോചന. സി.ഐ.ടി.യുവിന് പിന്നാലെ എഐടിയുസിയും ബി.എം.എസും പ്രത്യക്ഷ സമരം ആരംഭിച്ചു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.