നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുസ്ലീം ലീഗ് ദേശീയനേതൃ യോഗത്തില്‍ സമദാനിക്ക് രൂക്ഷ വിമര്‍ശനം; ഉത്തരേന്ത്യയിലേക്ക് പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന് ഇ.ടി

    മുസ്ലീം ലീഗ് ദേശീയനേതൃ യോഗത്തില്‍ സമദാനിക്ക് രൂക്ഷ വിമര്‍ശനം; ഉത്തരേന്ത്യയിലേക്ക് പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന് ഇ.ടി

    വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി എം.പി സമദാനിയുടെ ഒരു പിന്തുണയും ലഭിക്കുന്നില്ലെന്നും ഖുറം അനീസ് വിമര്‍ശിച്ചു

    • Share this:
    കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തില്‍ പാര്‍ട്ടി എം.പി അബ്ദുസമദ് സമദാനിക്ക് രൂക്ഷ വിമര്‍ശനം. പാര്‍ട്ടി ദേശീയ സെക്രട്ടറി ഖുറം അനീസ് ആണ് സമദാനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി എം.പി സമദാനിയുടെ ഒരു പിന്തുണയും ലഭിക്കുന്നില്ലെന്നും ഖുറം അനീസ് വിമര്‍ശിച്ചു. വികാര നിര്‍ഭരമായാണ് ഖുറം പ്രസംഗിച്ചത്.

    'സമദാനിയെ പോലെ പ്രമുഖനായ ഒരു നേതാവിന്റെ ഒരു സേവനവും ദല്‍ഹിയിലോ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ പാര്‍ട്ടിക്ക് ലഭിക്കുന്നില്ല. ദല്‍ഹിയിലുള്ള സമദാനിയെ കാണാന്‍ പലവട്ടം ശ്രമിച്ചിട്ടും അദ്ദേഹം അനുമതി നല്‍കിയില്ല. പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനം അനിവാര്യമായ പ്രദേശങ്ങളിലേക്ക് പലവട്ടം ക്ഷണിച്ചിട്ടും വരാന്‍ തയ്യാറായില്ല. സംഘപരിവാറിന്റെ കനത്ത വെല്ലുവിളി നേരിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടി അടങ്ങിയിരിക്കരുത്. സമുദായത്തെ അഭിസംബോധന ചെയ്തേ പറ്റൂ'- ഖുറം പറഞ്ഞു.

    കോവിഡിന് ശേഷം ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ നേതൃയോഗത്തിലാിരുന്നു പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ട് കൂടിയായ സമാദാനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ഉത്തരേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയപ്പോഴായിരുന്നു വിമര്‍ശനം.

    മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടതുള്ളതുകൊണ്ടാണ് ദല്‍ഹിയില്‍ സജീവമാവാന്‍ കഴിയാത്തതെന്ന് സമദാനി വിശദീകരിച്ചു. എന്നാല്‍ ഇ. അഹമ്മദിനെ ചൂണ്ടിക്കാണിച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി എഴുന്നേറ്റ് സംസാരിച്ചു. മണ്ഡലവും സംസ്ഥാന, ദേശീയ രാഷ്ട്രീയവും യു.എന്നില്‍ പോലും ഇടപെട്ടിരുന്ന നേതാവായിരുന്നു അഹമ്മദെന്നും സമദാനിയുടെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും വഹാബ് പറഞ്ഞു.

    പിന്നീട് സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ വഹാബിനെക്കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തി. പാര്‍ട്ടി എംപിമാരായ പി വി അബ്ദുല്‍ വഹാബും അബ്ദുസ്സമദ് സമദാനിയും ഉത്തരേന്ത്യയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. താനും ഖുര്‍റം അനീസും മാത്രമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോകുന്നത്. എം.പി ശമ്പളം കൊണ്ട് മാത്രം ജീവിക്കുന്ന തനിക്ക് ഉത്തരേന്ത്യയിലെ പാര്‍ട്ടി പരിപാടികള്‍ക്കുള്ള ചെലവ് വഹിക്കാന്‍ കഴിയുന്നില്ലെന്ന് ഇ ടി പറഞ്ഞു. ദേശീയതലത്തിലുള്ള പ്രവര്‍ത്തനത്തിന് ഫണ്ട് ലഭിക്കുന്നില്ലെന്നും ഇ ടി യോഗത്തില്‍ ഉന്നയിച്ചു.

    Also Read-CPM | സിപിഎം നേതാവ് ജി സുധാകരനെതിരെ അച്ചടക്ക നടപടി; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിന് പരസ്യശാസന

    താന്‍ ദേശീയ ട്രഷറര്‍ ആയിരുന്നപ്പോള്‍ ഫണ്ടിന് ഒരു കുറവുമുണ്ടായിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് ദേശീയ ട്രഷററായ പി വി അബ്ദുല്‍ വഹാബിനെ പ്രകോപിപ്പിച്ചു. പാര്‍ട്ടി ഫണ്ടില്‍ പണമില്ലാത്തത് കൊണ്ട് നല്‍കാനാവില്ല. ട്രഷറര്‍ ഒരു ആലങ്കാരിക പദവി മാത്രമാണെന്നും വഹാബ് പറഞ്ഞു. ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ യോഗം തീരുമാനിച്ചു. എം പി മാര്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതലകളും നല്‍കി.

    Also Read-K Surendran | ബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല: കെ.സുരേന്ദ്രൻ

    യൂത്ത് ലീഗിന്റെ ദേശീയ കമ്മിറ്റി രൂപീകരിക്കണമെന്ന് ടി പി അഷ്റഫലിയും ഫൈസല്‍ ബാബുവും ആവശ്യപ്പെട്ടു. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കമ്മിറ്റിയുണ്ടാക്കി ദേശീയ കൗണ്‍സില്‍ രൂപീകരിച്ച ശേഷം ദേശീയ കമ്മിറ്റി രൂപീകരിക്കാമെന്ന് അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. വനിതാ ലീഗ് ദേശീയ അധ്യക്ഷ തഷ്രീഫ് ജഹാന്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം സജീവമല്ലാത്തതിനാല്‍ തമിഴ്നാട്ടില്‍ നിന്ന് തന്നെയുള്ള ഫാത്തിമ മുസഫറിന് ചുമതല നല്‍കി. കോഴിക്കോട് ലീഗ് ഹൗസില്‍ രാവിലെ ആരംഭിച്ച യോഗം വൈകീട്ടാണ് അവസാനിച്ചത്.
    Published by:Jayesh Krishnan
    First published:
    )}